പത്തനംതിട്ട ∙ നിർണായക രാഷ്ട്രീയ തീരുമാനങ്ങൾക്കു വേദിയായേക്കാവുന്ന കേരള കോൺഗ്രസ് (എം) സംസ്ഥാന ക്യാംപ് ഇന്നും നാളെയും ചരൽക്കുന്നിൽ നടക്കും. യുഡിഎഫ് നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന പാർട്ടി ഈ പ്രശ്നത്തിൽ എന്തു തീരുമാനമെടുക്കുമെന്ന് രാഷ്ട്രീയ രംഗം ഉറ്റുനോക്കുന്നുണ്ട്. യുഡിഎഫിൽ കേരള കോൺഗ്രസ് പ്രകടിപ്പിക്കുന്ന അതൃപ്തിയുടെ വിവിധ വശങ്ങൾ ക്യാംപിൽ ചർച്ചയാകും. നിയമസഭയിൽ പാർട്ടി പ്രത്യേക ബ്ലോക്ക് ആയി ഇരിക്കണമെന്ന അഭിപ്രായം പ്രവർത്തകരിലുണ്ടെന്ന് നേതാക്കൾ പറയുന്നു. പ്രത്യേക ബ്ലോക്ക് ആകുകയെന്നാൽ മുന്നണി വിടുന്നതിനു തുല്യമാണെന്നും അവർ വിലയിരുത്തുന്നു.
ഇക്കാര്യത്തിൽ തീരുമാനം ക്യാംപിലെ ചർച്ചകൾക്കു ശേഷമേ ഉണ്ടാകൂ. കോൺഗ്രസിൽ നിന്ന് അടുത്തകാലത്തായി അവഗണനയും അവഹേളനവുമാണ് ഉണ്ടായതെന്ന വികാരവും ക്യാംപിൽ ചർച്ച ചെയ്യും. ബാർ കോഴ വിവാദത്തിൽ പാർട്ടി ചെയർമാൻ കെ.എം. മാണിയെ മുന്നണിയിലുള്ളവർ തന്നെ വ്യക്തിഹത്യ ചെയ്തെന്നാണ് ചില നേതാക്കളുടെയും പ്രവർത്തകരുടെയും അഭിപ്രായം. പ്രശ്നത്തിൽ മാണിയോടു ചെയ്ത കാര്യങ്ങൾ തെറ്റായിപ്പോയെന്നു ചില കോൺഗ്രസ് നേതാക്കൾ തന്നെ പരസ്യമായി പറഞ്ഞല്ലോ എന്ന് കേരള കോൺഗ്രസ് നേതാക്കൾ പറയുന്നുണ്ട്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടും ചില വിഷയങ്ങൾ കോൺഗ്രസ് – കേരള കോൺഗ്രസ് ബന്ധത്തെ ഉലച്ചിരുന്നു.
സീറ്റ് വിഭജനത്തിൽ കേരള കോൺഗ്രസിന് അർഹമായത്ര സീറ്റ് കിട്ടിയില്ലെന്നത് ഒരു പരാതി. നൽകിയ സീറ്റുകളിൽ ചിലയിടത്തു കോൺഗ്രസിന്റെ പ്രമുഖ നേതാക്കൾ തന്നെ കാലുവാരിയെന്നതു മറ്റൊന്ന്. യുപിഎ മന്ത്രിസഭയിൽ അർഹമായ സ്ഥാനം നിഷേധിച്ചെന്നും നേതാക്കൾ പറയുന്നു. രണ്ട് എംപിമാരുള്ള മറ്റു പല പാർട്ടികൾക്കും മന്ത്രിയുണ്ടായിട്ടും കേരള കോൺഗ്രസിനെ അവഗണിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഫോൺവിളിയോടു കെ.എം. മാണി പ്രതികരിക്കാതിരുന്നത് വലിയ വാർത്തയായിരുന്നു.
എന്നാൽ, അത് അടിസ്ഥാനമില്ലാത്ത വിവാദമായിരുന്നെന്നാണ് കേരള കോൺഗ്രസ് നേതാക്കളുടെ പക്ഷം. കെ.എം. മാണി ആ സമയത്ത് ധ്യാനത്തിനു പോയിരുന്നു. ഫോൺ സഹായിയുടെ കയ്യിൽ. സഹായി സ്വന്തം വീട്ടിലായിരുന്നു. അതല്ലാതെ ചെന്നിത്തല വിളിച്ചാൽ ബോധപൂർവം അവഗണിക്കേണ്ട കാര്യമില്ലെന്നാണ് നേതാക്കളുടെ പക്ഷം. ക്യാംപ് ഇന്നു രണ്ടു മണിക്ക് കെ.എം. മാണി ഉദ്ഘാടനം ചെയ്യും. വർക്കിങ് ചെയർമാൻ പി.ജെ. ജോസഫ് അധ്യക്ഷത വഹിക്കും. നാളെ ഉച്ചയ്ക്കാണു സമാപനം.