തമിഴകം മുഴുവൻ ‘കബാലി’യുടെ ആവേശലഹരിയിൽ

206

ചെന്നൈ∙ ഇങ്ങനെയൊരു വരവ് ഇതുവരെയുണ്ടായിട്ടില്ല; തമിഴകം മുഴുവൻ ‘കബാലി’യുടെ ആവേശലഹരിയിൽ. വൻപ്രചാരണക്കൊഴുപ്പോടെ രജനീകാന്തിന്റെ പുതിയ ചിത്രം ‘കബാലി’ റിലീസ് ചെയ്തു. പുലർച്ചെ ഒരു മണിയോടെ തന്നെ തമിഴ്നാട്ടിൽ ആഘോഷങ്ങൾ ആരംഭിച്ചിരുന്നു. പടക്കം പൊട്ടിച്ചും നൃത്തം ചെയ്തും പാലഭിഷേകം നടത്തിയും പുലര്‍ച്ചെയുള്ള ആദ്യ ഷോ തന്നെ തമിഴ് മക്കള്‍ ആഘോഷമാക്കി. നാലു മണിക്കായിരുന്നു ചെന്നൈയിലെ തിയറ്ററുകളിൽ ആദ്യ ഷോ. ചലച്ചിത്ര താരങ്ങളായ ജയറാമും കാളിദാസുമടക്കമുള്ളവർ ആദ്യഷോയ്ക്കെത്തിയിരുന്നു.
തമിഴ്‌നാട്ടിൽ മാത്രം രണ്ടായിരത്തിലേറെ സ്ക്രീനുകളിലാണു റിലീസ്. 500–1000 രൂപയാണ് ആദ്യദിവസ പ്രദർശനത്തിനുള്ള ഔദ്യോഗിക ടിക്കറ്റ് നിരക്ക്. കരിഞ്ചന്തയിൽ നിരക്ക് ഇനിയും ഉയരും.
ഒരു തിയറ്ററിൽ ഇന്നുമാത്രം ഏഴു പ്രദർശനം. ആദ്യ മൂന്നു ദിവസത്തേക്ക് എല്ലാ തിയറ്ററുകളിലും പ്രത്യേക പ്രദർശനങ്ങൾ. തിയറ്ററുകളിൽ സീറ്റുകൾ കൂട്ടത്തോടെ ബുക്ക് ചെയ്യപ്പെട്ടുകഴിഞ്ഞു. ടിക്കറ്റിനായി ഉന്നത ഉദ്യോഗസ്ഥരുടെ ശുപാർശക്കത്തുമായി തിയറ്റർ മാനേജർമാരെ സമീപിക്കുന്നവരുമുണ്ട്.
രജനി ആരാധകർ കൂട്ടത്തോടെ അവധിക്ക് അപേക്ഷിച്ചതോടെ കുറച്ചു ജീവനക്കാർ മാത്രമുള്ള ചില ഐടി കമ്പനികൾ തമിഴ്‌നാട്ടിൽ ഇന്നു പ്രവർത്തനം വേണ്ടെന്നു വച്ചു. തിരക്കു നിയന്ത്രിക്കാൻ പൊലീസ് മതിയാവില്ലെന്നതിനാൽ ചില തിയറ്റർ ഉടമകൾ സ്വകാര്യ സുരക്ഷാ ഏജൻസികളെയും നിയോഗിച്ചിട്ടുണ്ട്.
യുഎസിൽ ഇന്നലെ നടന്ന ആദ്യപ്രദർശനത്തിൽ നിന്നു പകർത്തിയ കബാലിയുടെ 120 സെക്കൻഡ് വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. രജനീകാന്തിന്റെ അവതരണ രംഗമാണിത്. ഗൾഫിൽ യുഎഇ, ഒമാൻ, ഖത്തർ, ബഹ്റൈൻ, കുവൈത്ത് എന്നിവിടങ്ങളിൽ ‘കബാലി’ ഇന്നലെ റിലീസ് ചെയ്തു.

കേരളത്തിൽ 300ൽ ഏറെ തിയറ്റുകളിലാണു റിലീസ്. തിരുവനന്തപുരം നഗരത്തിൽ 12 സ്ക്രീനുകളിലാണു പ്രദർശനം. കോഴിക്കോട് നഗരത്തിൽ മൂന്നിടത്തു പ്രത്യേക പ്രദർശനമുണ്ട്.

വയനാട്ടിലെ ഫ്ലാസ്ക് ക്ലബ് സിനിമയ്ക്ക് എത്തുന്നവർക്ക് അവയവദാന സന്ദേശ പ്രചാരണാർഥം തൊപ്പികളും ലഘുലേഖകളും വിതരണം ചെയ്യും. ബത്തേരി അതുല്യ തിയറ്ററിലെ വൈകിട്ട് 5.15ന്റെ പ്രദർശനത്തിലെ 396 ടിക്കറ്റുകളും ഫ്ലാസ്ക് ക്ലബ് ബുക്ക് ചെയ്തിട്ടുണ്ട്.

NO COMMENTS

LEAVE A REPLY