ജിഷ വധക്കേസ്: അനറിന്റെ ഫോട്ടോ പോലീസിന് ലഭിച്ചു

219

കൊച്ചി ∙ ജിഷ വധക്കേസ് പ്രതി അമീറുൽ ഇസ്‌ലാമിന്റെ സുഹൃത്ത് അനറിനെ തേടി അസമിൽ പോയ സംഘം അന്വേഷണം അവസാനിപ്പിച്ചു തിരിച്ചെത്തി. സുഹൃത്തുക്കളായ അനറുൽ ഇസ്‌ലാം, ഹർദത്ത് ബറുവ എന്നിവരോടൊപ്പം കൊല നടന്ന ദിവസം താൻ മദ്യപിച്ചിരുന്നുവെന്ന് അമീർ മൊഴി നൽകിയിരുന്നു. എന്നാൽ കൊലപാതകത്തിൽ സുഹൃത്തുക്കൾക്കു പങ്കുണ്ടെന്നതിനു തെളിവൊന്നും പൊലീസിന് ഇതുവരെ ലഭിച്ചിട്ടില്ല.

ഈ സാഹചര്യത്തിലാണ് അന്വേഷണസംഘം മടങ്ങിയത്. അതേസമയം അനറിന്റെ ഫോട്ടോ പൊലീസിനു ലഭിച്ചു. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ജനമൈത്രി സുരക്ഷാ പദ്ധതിയുടെ ഭാഗമായി ഇതരസംസ്ഥാന തൊഴിലാളികൾക്കു തിരിച്ചറിയൽ കാർഡ് നൽകിയിരുന്നു. ഇതിനായി പെരുമ്പാവൂർ സ്റ്റേഷനിൽ അനർ ഫോട്ടോ നൽകുകയും ചെയ്തു.

എന്നാൽ തിരിച്ചറിയിൽ രേഖ വാങ്ങിയില്ല. സ്റ്റേഷനിൽ നിന്നു കണ്ടെടുത്ത ഫോട്ടോ അനറിന്റേത് തന്നെയെന്ന് അമീർ തിരിച്ചറിഞ്ഞു. അനറിനെ കണ്ടെത്താൻ കേരള പൊലീസ് സംഘം മൂന്ന് ആഴ്ച അസമിൽ കഴിഞ്ഞെങ്കിലും ഫലമുണ്ടായില്ല. കൊല നടന്നതിനു ശേഷമുള്ള ദിവസങ്ങളിൽ അനർ വീട്ടിലെത്തിയിരുന്നുവെന്നാണു വീട്ടുകാർ മൊഴി നൽകിയത്.

തിരിച്ചറിയൽ രേഖയ്ക്കായി അനർ നൽകിയ മൊബൈൽ ഫോൺ നമ്പർ കൊല നടന്ന ദിവസം ഉപയോഗിച്ചിരിക്കുന്നത് ഹൈദരാബാദിലാണ്. ചിലപ്പോൾ ഈ നമ്പർ ഇയാൾ ആർക്കെങ്കിലും കൈമാറിയിരിക്കാം എന്നു പൊലീസ് സംശയിക്കുന്നു. സംഭവ ദിവസം അമീറിനെ വീടിന്റെ പരിസരത്തു കണ്ടതായി മൊഴിയുണ്ട്.

ജിഷയുടെ വീടിനു സമീപത്തു നിന്നു ലഭിച്ച കത്തിയും പ്രതിയുടെ ഡിഎൻഎയും തിരിച്ചറിഞ്ഞതോടെ അമീറിനെതിരെ കൂടുതൽ തെളിവു ശേഖരണത്തിലേക്ക് ഇനി അന്വേഷണസംഘം കടന്നേക്കില്ല. കൊലപ്പെടുത്താനുപയോഗിച്ച ആയുധം പ്രതിയുടെ സാന്നിധ്യത്തിൽ കണ്ടെത്തുന്നത് കൊലക്കേസുകളിൽ പ്രധാനമാണ്.
എന്നാൽ ജിഷ കേസിൽ പ്രതിയെ കണ്ടെത്തുന്നതിനു മുൻപ് ആയുധം ലഭിച്ചിരുന്നു. പിന്നീട് പോലീസ് പിടികൂടിയ പ്രതിയെ ചോദ്യം ചെയ്യുന്നതിനിടെ കൊലപാതകത്തിനുപയോഗിച്ച കത്തി ഉപേക്ഷിച്ച സ്ഥലത്തെപ്പറ്റി വ്യക്തമായ വിവരം നൽകുകയായിരുന്നു.

തുടർന്ന് ഇയാൾ സംഭവസ്ഥലം അന്വേഷണ സംഘത്തിനു കാട്ടിക്കൊടുക്കുകയും ചെയ്തു. കേസിൽ ഇതു ശക്തമായ തെളിവാണ്. മൃഗപീഡനക്കേസിൽ അമീറിനെ കസ്റ്റഡിയിൽ കിട്ടാനായി പൊലീസ് ഇന്ന് അപേക്ഷ നൽകിയേക്കും.

NO COMMENTS

LEAVE A REPLY