റാഞ്ചി ∙ ജാർഖണ്ഡ് ബിജെപി അധ്യക്ഷൻ താലാ മറാണ്ടിയുടെ മകൻ മുന്ന മറാണ്ടിയുടെ വിവാഹം വിവാദത്തിൽ. വിവാഹ വാഗ്ദാനം നൽകി ഒരു പെൺകുട്ടിയെ രണ്ടു വർഷത്തോളം ലൈംഗീകമായി ചൂഷണം ചെയ്ത ശേഷം മുന്ന പ്രായപൂർത്തിയാകാത്ത മറ്റൊരു പെൺകുട്ടിയെ വിവാഹം ചെയ്തുവെന്നാണ് ആരോപണം. 11 വയസുള്ള പെൺകുട്ടിയെയാണ് ബിജെപി അധ്യക്ഷന്റെ മകൻ വിവാഹം കഴിച്ചിരിക്കുന്നത്.
മുന്ന വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന് പെൺകുട്ടി ഗോഡ ജില്ലയിലെ കോടതിയിൽ പരാതി നൽകി. പെൺകുട്ടിയുടെ സുഹൃത്തായിരുന്നു മുന്ന. എപ്പോഴും അടുപ്പം സൂക്ഷിക്കാൻ ഇയാൾ പെൺകുട്ടിക്ക് മൊബൈൽ ഫോൺ സമ്മാനിച്ചു. പിന്നീടാണ് വിവാഹം കഴിക്കാമെന്ന് പറഞ്ഞ് ലൈംഗീകമായി ചൂഷണം ചെയ്തത്. എന്നാൽ ഇയാൾ ഇപ്പോൾ മറ്റൊരു വിവാഹവുമായി മുന്നോട്ടുപോയെന്നും വഞ്ചിക്കുകയായിരുന്നുവെന്നും പെൺകുട്ടി പറയുന്നു.
കഴിഞ്ഞ ദിവസമായിരുന്നു മുന്നയുടെ വിവാഹം. കേവലം പതിനൊന്നു വയസുമാത്രം പ്രായമുള്ള പെൺകുട്ടിയെ വിവാഹം കഴിച്ച നടപടി വലിയ പ്രതിഷേധത്തിന് വഴിതെളിച്ചു. പെൺകുട്ടി ഇതിനെതിരെ വനിത കമ്മിഷനെ സമീപിച്ചു. കമ്മിഷൻ താലാ മറാണ്ടിയ്ക്ക് നോട്ടീസ് അയച്ചുവെന്നാണ് സൂചന.
ബിജെപി ഭരിക്കുന്ന ജാർഖണ്ഡിലെ പാർട്ടി അധ്യക്ഷനെ ഉടൻ മാറ്റണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിക്കുകയും മറ്റൊരു പെൺകുട്ടിയെ ലൈംഗീകമായി ചൂഷണം ചെയ്യുകും ചെയ്ത സംഭവത്തിൽ അന്വേഷണം വേണെമെന്നും കോൺഗ്രസ് പാർട്ടി വക്താവ് അറിയിച്ചു.
കഴിഞ്ഞ മാസമാണ് എംഎൽഎ കൂടിയായ താലാ മറാണ്ടിയെ ജാർഖണ്ഡ് ബിജെപിയുടെ അധ്യക്ഷനായി നിയമിച്ചത്.
courtesy : manorama online