കശ്മീർ സംഘർഷം: പാക്കിസ്ഥാന് പങ്കെന്ന് ഇന്ത്യ

144
photo credit : manorama online

ന്യൂഡൽഹി∙ കശ്മീരിൽ സംഘർഷം രൂക്ഷമാക്കാൻ പാക്കിസ്ഥാൻ ഭരണകൂടവും പാക്ക് ആസ്ഥാനമായ ഭീകരസംഘടനകളും ശ്രമിക്കുന്നതായി കേന്ദ്രസർക്കാർ. മൂന്നുദിവസമായി കശ്മീരിൽ നടക്കുന്ന വ്യാപകമായ പ്രതിഷേധങ്ങൾക്കും അക്രമസംഭവങ്ങൾക്കും പിന്നിൽ പാക്കിസ്ഥാന്റെ പങ്കിനു തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നു കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞു.

കൊല്ലപ്പെട്ട ഹിസ്ബുൽ മുജാഹിദീൻ കമാൻഡറുടെ വധത്തിൽ അഗാധ നടുക്കം പ്രകടിപ്പിച്ച പാക്ക് പ്രധാനമന്ത്രി നവാസ് ഷരീഫ്, ബുർഹാൻ വാനിയെ കശ്മീരി നേതാവ് എന്നാണു പ്രസ്താവനയിൽ വിശേഷിപ്പിച്ചത്. ഇന്ത്യക്കെതിരെ പോരാടാൻ കൂടുതൽ വാനിമാർ ഉയർന്നുവരുമെന്ന് പാക്ക് ഭീകരസംഘടനയായ ജമാഅത്തുദ്ദഅവ മേധാവിയും മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനുമായ ഹാഫിസ് മുഹമ്മദ് സായിദും പ്രസ്താവനയിറക്കിയിരുന്നു.

കശ്മീരിലെ സംഭവങ്ങളിൽ ഞെട്ടൽ പ്രകടിപ്പിച്ച പാക്കിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ പ്രസ്താവനയോട് ഇന്ത്യ ശക്തമായി പ്രതികരിച്ചു. കശ്മീരിൽ ഇടപെടാതെ വിട്ടുനിൽക്കാൻ ഇന്ത്യ പാക്കിസ്ഥാന് മുന്നറിയിപ്പു നൽകി. അയൽരാജ്യങ്ങളുടെ ആഭ്യന്തരകാര്യങ്ങൾ ഇടപെടാതിരിക്കുന്നതായിരിക്കും നല്ലത്. ഭീകരവാദവുമായി അടുത്ത ബന്ധം കാണിക്കുകയും ഭീകരവാദത്തെ രാജ്യത്തിന്റെ നയങ്ങൾ നടപ്പാക്കാനുള്ള ഉപകരണമായി ഉപയോഗിക്കുകയും ചെയ്യുന്നത് പാക്കിസ്ഥാൻ തുടരുകയാണെന്നും ഇന്ത്യൻ വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് പറഞ്ഞു.

ഇതിനിടെ, കെനിയൻ സന്ദർശനം മതിയാക്കി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ഇന്നലെ മടങ്ങിയെത്തി. സംഘർഷം നേരിടാൻ 800 സിആർപിഎഫ് ജവാൻമാരെ കൂടി കശ്മീരിലേക്ക് അയച്ചിട്ടുണ്ട്. ശനിയാഴ്ച അയച്ച 1200 കേന്ദ്രസേനാംഗങ്ങൾക്കു പുറമേയാണിത്.

അമർനാഥ് യാത്ര ഇന്നലെ ഭാഗികമായി പുനരാരംഭിച്ചു. കശ്മീരിലെ പത്തുജില്ലകളും നിരോധനാജ്ഞയ്ക്കു കീഴിലാണ്. ഇന്റർനെറ്റ് സേവനങ്ങളുടെ വിലക്ക് തുടരുന്നു. വിഘടനവാദി നേതാക്കളെല്ലാം വീട്ടുതടങ്കലിലോ കരുതൽ തടവിലോ ആണ്. കശ്മീരിലെ സ്ഥിതിയിൽ കടുത്ത ഉത്കണ്ഠ പാക്കിസ്ഥാൻ ഇന്ത്യൻ സ്ഥാനപതിയെ വിളിച്ച് അറിയിച്ചിട്ടുണ്ട്.

NO COMMENTS

LEAVE A REPLY