റഫീലയുടെ സന്ദേശം : തീവ്രവാദികളല്ല, ജോലിക്കായി വന്നതാണ്

208

കാസർകോട്∙ കാസർകോട് ജില്ലയിൽനിന്നും ദുരൂഹസാഹചര്യത്തിൽ കാണാതായവരിൽ ഒരാൾ വീട്ടുകാരുമായി ബന്ധപ്പെട്ടു. കാസർകോട് പടന്ന സ്വദേശി ഡോ. ഇജാസിന്റെ ഭാര്യ റഫീലയാണ് ഞായറാഴ്ച വൈകിട്ട് പിതാവിനു ശബ്ദ സന്ദേശമയച്ചത്. തീവ്രവാദികളല്ലെന്നും ജോലിക്കായി വന്നതാണെന്നും വീട്ടുകാരെ അറിയിച്ചു.

ജോലി ശരിയായിട്ടുണ്ട്. താമസസൗകര്യം അന്വേഷിക്കുകയാണ്. ഒരു ഫ്ലാറ്റ് ശരിയായെന്നും ഇതിന്റെ അറ്റകുറ്റപ്പണികൾ നടക്കുകയാണെന്നും റഫീല പിതാവിനയച്ച സന്ദേശത്തിൽ പറയുന്നു. എന്നാൽ എവിടെയാണുള്ളതെന്ന് പറഞ്ഞിട്ടില്ല. സന്ദേശം ലഭിച്ചതിനെെത്തുടർന്ന് ഇവർ എവിടെയാണുള്ളതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

കാസർകോട് ജില്ലയിൽ മാത്രം ദുരൂഹസാഹചര്യത്തിൽ 17 പേരെയാണ് കാണാതായത്. പടന്ന, തൃക്കരിപ്പൂർ മേഖലകളിൽനിന്നാണ് പ്രധാനമായും ഇത്രയും പേരെ കാണാതായത്. ഇജാസിനും ഭാര്യയ്ക്കുമൊപ്പം ഒന്നര വയസ്സുള്ള മകനെയും കാണാതായിട്ടുണ്ട്.

ഇവർ ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിലേക്ക് ടിക്കറ്റ് എടുത്തതായാണു വിവരം. കാണാതായവരുടെ പാസ്പോർട്ട് സംബന്ധിച്ച് വിശദാംശങ്ങൾ ശേഖരിച്ച കേന്ദ്ര അന്വേഷണ ഏജൻസികൾ നടത്തിയ അന്വേഷണത്തിലാണു വിവരം ലഭിച്ചത്. ഇതുവരെ 21 പേരെയാണ് കേരളത്തിൽ നിന്നും കാണാതായത്. ഇതിൽ 11 പേർ ഐഎസിൽ ചേർന്നുവെന്നാണ് റിപ്പോർട്ട്.

NO COMMENTS

LEAVE A REPLY