ഐഎസ് ബന്ധം : തൃക്കരിപ്പൂർ സ്വദേശി പിടിയിൽ

183

തിരുവനന്തപുരം ∙ കേരളത്തിൽനിന്നു ദുരൂഹസാഹചര്യത്തിൽ അപ്രത്യക്ഷരായ 21 പേരിൽ 11 പേർക്കു രാജ്യാന്തര ഭീകരസംഘടനയായ ഐഎസുമായി ബന്ധമുണ്ടെന്നു സൂചന ലഭിച്ചതിനു പിന്നാലെ ഒരാൾ മുംബൈയിൽ പിടിയിലായി. തൃക്കരിപ്പൂർ ഇളമ്പച്ചി സ്വദേശി ഫിറോസ് ഖാനെ (24) ഇന്നലെ വൈകിട്ടു മുംബൈ ഡോംഗ്രിയിലെ ഹോട്ടലിൽ കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ സംഘം പിടികൂടിയെന്നാണു വിവരം.

ഇയാളെ ചോദ്യംചെയ്യുന്നതിനായി സുരക്ഷിതകേന്ദ്രത്തിലേക്കു മാറ്റിയിട്ടുണ്ട്. അപ്രത്യക്ഷരായ 21 പേരിൽ കാസർകോട് ജില്ലക്കാരായ 11 പേർക്കാണ് ഐഎസ് (ഇസ്‌ലാമിക് സ്റ്റേറ്റ്) ബന്ധം. ഇവരിൽ അഞ്ചുപേർക്ക് ഐഎസുമായി നേരിട്ടു ബന്ധമുണ്ടെന്നാണു കേന്ദ്ര – സംസ്ഥാന രഹസ്യാന്വേഷണ വിഭാഗങ്ങളുടെ പ്രാഥമിക നിഗമനം.

ബന്ധുക്കൾക്ക് ഇവർ അവസാനമായി അയച്ച മൊബൈൽ, ഇന്റർനെറ്റ് സന്ദേശങ്ങളിലാണ് ഇതു തെളിയിക്കുന്ന പരാമർശങ്ങളുള്ളത്. ഇവർക്കൊപ്പം കാണാതായ ആറുപേർക്കുകൂടി സംഘവുമായി ബന്ധമുണ്ടെന്നതിന്റെ സൂചനകളും ഈ സന്ദേശങ്ങളിലുണ്ട്. ഇതേസമയം, പാലക്കാട്ടുനിന്നു കാണാതായ ദമ്പതികളായ നാലുപേരുടെ ഐഎസ് ബന്ധം തെളിയിക്കുന്ന പരാമർശങ്ങളൊന്നും ലഭിച്ചിട്ടില്ല.

കോഴിക്കോട് ജില്ലയിലെ വടകരയിൽനിന്നു മൂന്നുപേർകൂടി സംഘത്തിൽ ഉണ്ടെന്നു സംശയമുണ്ടെങ്കിലും ഇക്കാര്യവും സ്ഥിരീകരിച്ചിട്ടില്ല. കാസർകോട്ടുനിന്നു കാണാതായ 17 പേരിൽ ഏറ്റവും അവസാനമായി ബന്ധുക്കൾക്കു സന്ദേശം അയച്ചതു ഫിറോസ് ഖാൻ ആയിരുന്നു. കഴിഞ്ഞ മാസം 22നു കോഴിക്കോട്ടേക്കെന്നു പറ‍ഞ്ഞാണു ഫിറോസ് വീട്ടിൽനിന്നു പുറപ്പെട്ടത്.

കഴിഞ്ഞ ചൊവ്വാഴ്ച വീട്ടിലെ ഫോണിലേക്കു വിളിച്ച് തൃക്കരിപ്പൂരിൽനിന്നു ചിലർ സിറിയയിൽ എത്തിയിട്ടുണ്ടെന്നും ഐഎസ് ക്യാംപിലാണ് ഇവരെന്നും പറഞ്ഞിരുന്നു. എല്ലാവരും സുരക്ഷിതരാണെന്നും താൻ മുംബൈയിൽ ഉണ്ടെന്നും ഇക്കാര്യം ആരെയും അറിയിക്കരുതെന്നും ഫിറോസ് പറഞ്ഞതായാണു പൊലീസ് നൽകുന്ന വിവരം. ഫിറോസ് വിളിച്ച ഫോൺ നമ്പരിന്റെ ടവർ ലൊക്കേഷൻ പിന്തുടർന്നാണു പിടികൂടിയത്.

അപ്രത്യക്ഷരായ മലയാളികളെക്കുറിച്ചു സംസ്ഥാന – കേന്ദ്ര രഹസ്യാന്വേഷണ വിഭാഗങ്ങളുടെ അന്വേഷണം തുടരുകയാണ്. 21 പേർ നാടുവിട്ട് ഐഎസിൽ ചേക്കേറിയതായി ബന്ധുക്കൾ പരാതി നൽകിയിട്ടുണ്ടെങ്കിലും ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്ന് ആഭ്യന്തരവകുപ്പ് അധികൃതരും ഡിജിപിയും വ്യക്തമാക്കി. മലയാളികളുടെ ഐഎസ് ബന്ധം സ്ഥിരീകരിക്കുന്നതായി ഒരു റിപ്പോർട്ടും സംസ്ഥാനത്തിനു ലഭിച്ചിട്ടില്ലെന്ന് ആഭ്യന്തര പ്രിൻസിപ്പൽ സെക്രട്ടറി നളിനി നെറ്റോ പറഞ്ഞു. ഡിജിപി ലോക്നാഥ് ബെഹ്റയും ഇതേ നിലപാടിലാണ്.

അതേസമയം, ഐഎസിൽ ചേർന്നതായി സംശയിക്കുന്നവരുടെ ബന്ധുക്കൾ നൽകിയ പരാതി പൊലീസ് വിശദമായി അന്വേഷിക്കുന്നുമുണ്ട്. തിരുവനന്തപുരം മണക്കാട് സ്വദേശി ഫാത്തിമയുടെ (നിമിഷ) അമ്മ ബിന്ദു മുഖ്യമന്ത്രി പിണറായി വിജയന് ഇന്നലെ നേരിട്ടു പരാതി നൽകി. മകളെ കണ്ടെത്തണമെന്നും മതപരിവർത്തനത്തിനു പിന്നിൽ ആരാണെന്ന് അന്വേഷിക്കണമെന്നും പരാതിയിൽ പറയുന്നു.

സാധ്യമായതെല്ലാം ചെയ്യുമെന്നു മുഖ്യമന്ത്രി ഉറപ്പു നൽകി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വി.എസ്.ശിവകുമാർ എംഎൽഎയും ബിന്ദുവിന്റെ മണക്കാട്ടെ വീടു സന്ദർശിച്ചു. അപ്രത്യക്ഷരായവർ അവസാനമായി ഉപയോഗിച്ചിരുന്ന മൊബൈൽ നമ്പറുകളും സമൂഹമാധ്യമങ്ങളിലെ അവരുടെ സന്ദേശങ്ങളുമാണു പൊലീസ് പരിശോധിക്കുന്നത്. കേന്ദ്ര അന്വേഷണ ഏജൻസിയായ എൻഐഎയും രഹസ്യാന്വേഷണ ഏജൻസിയായ റിസർച് ആൻഡ് അനാലിസിസ് വിങ്ങും (‘റോ’) ഇതു നിരീക്ഷിക്കുന്നുണ്ട്.

ശ്രീലങ്ക വഴിയും മുംബൈ വഴിയും സിറിയയിലേക്കു പോയി എന്നുള്ളതു ബന്ധുക്കൾക്ക് അയച്ച സന്ദേശങ്ങളി‍ൽനിന്നുള്ള അറിവു മാത്രമാണ്. ഇതേ സന്ദേശത്തിൽ ‘ലക്ഷ്യത്തിൽ എത്തിപ്പെടാൻ ചില കള്ളങ്ങൾ പറയേണ്ടിവന്നതാ’യും എഴുതിയിട്ടുണ്ട്. ശ്രീലങ്ക, ലക്ഷദ്വീപ് വഴിയുള്ള യാത്രാകഥകളിൽ എത്രമാത്രം വാസ്തവമുണ്ടെന്ന സംശയവും പൊലീസിനുണ്ട്.
courtesy : manorama online

NO COMMENTS

LEAVE A REPLY