രാജ്യാന്തര ചലച്ചിത്ര മേള ഇനി കഴക്കൂട്ടത്തേക്ക്

227

കോട്ടയം∙ കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക്(ഐഎഫ്എഫ്കെ) സ്ഥിരം തിയേറ്റർ കോംപ്ലക്സ് വേണമെന്ന ആവശ്യത്തിന് ഒടുവിൽ അവസാനമാകുന്നു. തിരുവനന്തപുരം നഗരത്തിലെ പല തിയേറ്ററുകളിൽ കറങ്ങിയടിച്ചു സിനിമ കണ്ടിരുന്നവർക്ക് ഇനി കഴക്കൂട്ടത്തേക്കു പോകാം. സംസ്ഥാന സർക്കാർ ഇത്തവണ ബജറ്റിൽ അനുവദിച്ച 50 കോടി രൂപയാണ് ഈ തീരുമാനത്തിന് ആക്കം കൂട്ടിയിരിക്കുന്നത്. ചലച്ചിത്ര അക്കാദമി ചെയർമാൻ രാജീവ് നാഥിന്റെ നേതൃത്വത്തിൽ ഇതുസംബന്ധിച്ച പദ്ധതി നിർദേശം ഏതാനും ദിവസങ്ങൾക്കു മുൻപ് ധനമന്ത്രി ഡോ.തോമസ് ഐസക്കിന് സമർപ്പിച്ചിരുന്നു.

കഴക്കൂട്ടം ബൈപ്പാസിനോടു ചേർന്ന് സർക്കാർ ഉടമസ്ഥതയിലുള്ള ആറേക്കറിൽ രണ്ടേക്കർ സ്ഥലത്തായിരിക്കും തിയേറ്റർ കോംപ്ലക്സ് നിർമിക്കുക. ആറു സ്ക്രീനുകളുള്ള കോംപ്ലക്സാണ് നിലവിൽ ഉദ്ദേശിക്കുന്നത്. നിർമാണത്തിനായി പി.വി.ആർ ഉൾപ്പെടെയുള്ള സ്വകാര്യ കമ്പനികൾ താൽപര്യം പ്രകടിപ്പിച്ചു മുന്നോട്ടു വന്നിട്ടുണ്ട്. ചലച്ചിത്ര മേള നടക്കുന്ന ഡിസംബറിൽ കോംപ്ലക്സ് പൂർണമായും അക്കാദമിക്ക് വിട്ടു നൽകും. ബാക്കിയുള്ള സമയത്ത് ബന്ധപ്പെട്ട സ്വകാര്യ കമ്പനിക്ക് അവരുടെ ചിത്രങ്ങൾ പ്രദർശിപ്പിക്കാം. വർഷം മുഴുവൻ ഒരു മിനി തിയേറ്റർ അക്കാദമി ആവശ്യങ്ങൾക്കായി ഉറപ്പു വരുത്തുകയും ചെയ്യും.

ഫുഡ് കോർട്ടും ഓപൺഫോറത്തിനും ചർച്ചകൾക്കും സെമിനാറുകൾക്കും വാർത്താസമ്മേളനങ്ങൾക്കുമെല്ലാം സൗകര്യങ്ങളൊരുക്കിയായിരിക്കും കഴക്കൂട്ടത്തെ തിയേറ്റർ കോംപ്ലക്സ്. പദ്ധതിയുടെ വിശദവിവരങ്ങൾ കേട്ടയുടനെ ആദ്യഘട്ടമെന്ന നിലയിൽ 50 കോടി രൂപ അനുവദിക്കുന്നതു സംബന്ധിച്ച ഉറപ്പ് മന്ത്രി നൽകുകയായിരുന്നുവെന്നും രാജീവ് നാഥ് പറഞ്ഞു. ബജറ്റിൽ ആ ഉറപ്പ് പാലിക്കുകയും കൂടി ചെയ്തതോടെ ഇനി അടുത്ത ഘട്ടത്തിലേക്കു കടക്കുകയാണ് അക്കാദമി.

പത്തിലേറെ തിയേറ്ററുകളിലാണ് നിലവിൽ ഐഎഫ്എഫ്കെ പ്രദർശനം നടക്കാറുള്ളത്. എന്നാൽ കഴക്കൂട്ടത്ത് ഇരുപതിലേറെ സ്ക്രീനുകളുമായി പുതിയ ഒട്ടേറെ സ്വകാര്യ മൾട്ടിപ്ലക്സുകളും വരുന്നുണ്ട്. ഇവരുമായും മേളയുടെ സമയത്ത് സഹകരിക്കും. കോംപ്ലക്സിനായി കണ്ടെത്തിയ സ്ഥലത്തിനു പിറകിലൂടെ റെയിൽവേ ലൈനുമുണ്ട്. അധികൃതരുമായി സംസാരിച്ചപ്പോൾ അവിടെ പ്ലാറ്റ്ഫോം സൗകര്യവും ഫെസ്റ്റിവൽ സമയത്ത് പ്രധാന ട്രെയിനുകൾക്ക് സ്റ്റോപ്പും അനുവദിക്കാമെന്ന ഉറപ്പും ലഭിച്ചിട്ടുണ്ട്. പിന്നെയുള്ളത് താമസിക്കാനുള്ള സൗകര്യത്തിന്റെ കാര്യമാണ്; ചെറുതും വലുതുമായി ഒട്ടേറെ ലോഡ്ജുകളും ഹോട്ടലുകളും അപാർട്മെന്റുകളും കഴക്കൂട്ടത്തുള്ളതിനാൽ അതും ഒരു പ്രശ്നമായി മാറാനിടയില്ല. കോംപ്ലക്സ് വിമാനത്താവളത്തിന് തൊട്ടടുത്താണെന്ന സൗകര്യവുമുണ്ട്.

50 കോടി രൂപ ആദ്യഘട്ടമെന്ന നിലയിലാണ് അനുവദിച്ചത്. കോംപ്ലക്സിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങൾ ഇതുപയോഗിച്ച് നടത്തും. നിലവിൽ അക്കാദമിയുടെ ചലച്ചിത്ര ‘ആർക്കൈവ്സ്’ കഴക്കൂട്ടം കിൻഫ്രയിലേക്കു മാറ്റാനൊരുങ്ങുകയാണ്. തുടർന്ന് മറ്റു പ്രവൃത്തികൾ ആരംഭിക്കും. സർക്കാർ-സ്വകാര്യ സംരംഭമായി നടത്താമെന്നതിനാൽ നിർമാണപ്രവർത്തനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകില്ലെന്നാണ് അക്കാദമിയുടെ പ്രതീക്ഷ.

കാര്യങ്ങളെല്ലാം വിചാരിച്ചതു പോലെ നടന്നാൽ ഏതാനും വർഷങ്ങൾക്കകം ചലച്ചിത്രപ്രേമികളുടെ ‘തീർഥാടനം’ കഴക്കൂട്ടത്തേക്കു നീങ്ങും. സൊറ പറഞ്ഞ്, പാട്ടുകൾ പാടി, ചലച്ചിത്ര ചർച്ചകൾ കൊഴുപ്പിച്ച് നാം ഇരിക്കുന്ന ‘കൈരളിപ്പടികൾ’ മായുമെങ്കിലും പുതിയ ‘കഴക്കൂട്ടംപടികൾ’ കിട്ടുമെന്നു തന്നെ പ്രതീക്ഷിക്കാം.
courtesy : manorama online

NO COMMENTS

LEAVE A REPLY