ഇന്ത്യയ്ക്കെതിരെ അണ്വായുധം പ്രയോഗിക്കുമെന്ന് ഹിസ്‌ബുൽ മുജാഹിദീൻ തലവൻ സയ്യിദ് സലാഹുദ്ദീൻ

196

ഇസ്‍‍ലാമാബാദ്∙ കശ്മീർ വിഷയത്തിൽ വിട്ടുവീഴ്ചയ്ക്കു തയാറായില്ലെങ്കിൽ ഇന്ത്യയ്ക്കെതിരെ അണ്വായുധം പ്രയോഗിക്കുമെന്നു ഹിസ്‌ബുൽ മുജാഹിദീൻ തലവൻ സയ്യിദ് സലാഹുദ്ദീൻ. സ്വാതന്ത്ര്യത്തിനായുള്ള കശ്മീരിന്റെ പ്രവർത്തനങ്ങൾക്കു പാക്കിസ്ഥാൻ പിന്തുണ നൽകുകയാണെങ്കിൽ അണുവായുധ യുദ്ധത്തിനുവരെ സാധ്യതയുണ്ട്. കൂടുതൽ വിട്ടുവീഴ്ചകൾക്കു കശ്മീരികൾ ഇനി തയാറാകില്ല. അതിനാൽ‌ ഒരു നാലാം യുദ്ധം ഉണ്ടായേക്കാമെന്ന് ഉറപ്പാണെന്നും സലാഹുദ്ദീൻ പറഞ്ഞു.

അവസാനതുള്ളി രക്തം വരെ പോരാട്ടം തുടരുമെന്നു കശ്മീരികൾ പ്രതിജ്ഞയെടുത്തിട്ടുണ്ട്. സ്വാതന്ത്ര്യം ലഭിക്കുന്നതിനു യുദ്ധമല്ലാതെ മറ്റൊരു വഴിയില്ലെന്ന നിർണ്ണയത്തിലേക്ക് അവർ എത്തിച്ചേർന്നിരിക്കുന്നു. കശ്മീരിലെ ജനങ്ങൾക്കു കേന്ദ്രസർക്കാരിൽ യാതൊരു പ്രതീക്ഷയുമില്ലാതായി. യുദ്ധത്തിൽ മാത്രമാണ് അവർക്കുള്ള പ്രതീക്ഷ. കശ്മീരിലെ സ്വാതന്ത്ര്യസമരത്തിനു ധാർമികവും രാഷ്ട്രീയവും ഭരണഘടനപരവുമായ പിന്തുണ നൽകാൻ പാക്കിസ്ഥാന് ഉത്തരവാദിത്തമുണ്ടെന്നും സലാഹുദ്ദീൻ പറഞ്ഞു.

NO COMMENTS

LEAVE A REPLY