ന്യൂഡൽഹി ∙ ഉൽപന്ന, സേവന നികുതി (ജിഎസ്‌ടി) സംവിധാനത്തിനു വഴിയൊരുക്കുന്ന 122–ാം ഭരണഘടനാ ഭേദഗതി ബിൽ രാജ്യസഭ അംഗീകരിച്ചു. കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റലി അവതരിപ്പിച്ച ബിൽ, അണ്ണാ ഡിഎംകെ അംഗങ്ങളുടെ അസാന്നിധ്യത്തിൽ വോട്ടെടുപ്പിലൂടെ ഏകകണ്ഠമായാണ് രാജ്യസഭ പാസാക്കിയത്. കോൺഗ്രസും ഭരണഘടനാ ഭേദഗതി ബില്ലിനെ അനുകൂലിച്ചു. സർക്കാർ കൊണ്ടുവന്ന എല്ലാ ഭേദഗതികളും പാസായിട്ടുണ്ട്. ഭരണഘടനാ ഭേദഗതി പ്രാബല്യത്തിലാകുന്ന മുറയ്‌ക്കു ജിഎസ്‌ടിക്കായി കേന്ദ്രത്തിനും സംസ്‌ഥാനങ്ങൾക്കും നിയമമുണ്ടാക്കാം.
ലോക്‌സഭ കഴിഞ്ഞ വർഷം മേയ് ആറിനു പാസാക്കിയ ഭരണഘടനാ ഭേദഗതി ബിൽ പരിഷ്‌കരിച്ച രൂപത്തിലാണു രാജ്യസഭ പരിഗണിച്ചത്. രാജ്യസഭയുടെ സിലക്‌ട് കമ്മിറ്റി, സംസ്‌ഥാനങ്ങളിലെ ധനമന്ത്രിമാരുടെ സമിതി, കോൺഗ്രസ് ഉൾപ്പെടെ വിവിധ കക്ഷികൾ തുടങ്ങിയവയുടെ നിർദേശങ്ങളുടെ അടിസ്‌ഥാനത്തിലാണു ബിൽ പരിഷ്‌കരിച്ചത്.
അംഗീകരിക്കപ്പെട്ട നിർദേശങ്ങൾ ഔദ്യോഗിക ഭേദഗതികളായി ബില്ലിൽ ഉൾപ്പെടുത്തി. ലോക്‌സഭ പാസാക്കിയ ബില്ലിന് ഔദ്യോഗികമായി നിർദേശിച്ച പ്രധാന മാറ്റങ്ങൾ ഇങ്ങനെയാണ്:
∙ ഉൽപാദക സംസ്‌ഥാനങ്ങൾക്കായി 1% അധിക നികുതി ഈടാക്കില്ല.
∙ ജിഎസ്‌ടിയിലേക്കു മാറുമ്പോൾ സംസ്‌ഥാനങ്ങൾക്കുണ്ടാകുന്ന നഷ്‌ടം അഞ്ചുവർഷത്തേക്കു കേന്ദ്രം നികത്തും.
∙ ജിഎസ്‌ടി കൗൺസിലിന്റെ ശുപാർശകളുമായി ബന്ധപ്പെട്ടു കേന്ദ്രവും സംസ്‌ഥാനവും തമ്മിലോ സംസ്‌ഥാനങ്ങൾ തമ്മിലോ ഉണ്ടാകുന്ന തർക്കങ്ങൾ തീർപ്പാക്കാൻ കൗൺസിൽ തന്നെ സംവിധാനമുണ്ടാക്കും. ജിഎസ്‌ടിയിൽ ചുമത്താവുന്ന പരമാവധി നികുതി 18 ശതമാനമെന്നു ഭരണഘടനാ ഭേദഗതിയിൽ വ്യക്‌തമാക്കണമെന്നതായിരുന്നു കോൺഗ്രസിന്റെ പ്രധാന ആവശ്യം. ഇത് അംഗീകരിച്ചിട്ടില്ല.
.
ഭരണഘടനാ ഭേദഗതി പ്രാബല്യത്തിൽ വന്ന് 60 ദിവസത്തിനുള്ളിൽ ജിഎസ്‌ടി കൗൺസിൽ രൂപീകരിക്കണമെന്നാണ് ഇന്നു പരിഗണിച്ച ബില്ലിലെ വ്യവസ്‌ഥ. കേന്ദ്ര ധനമന്ത്രി അധ്യക്ഷനായുള്ള കൗൺസിലിൽ സംസ്‌ഥാനങ്ങളിലെ ധനമന്ത്രിമാർ അംഗങ്ങളായിരിക്കും.
ജിഎസ്‌ടി ആശയം ഒന്നാം യുപിഎ സർക്കാരിന്റെ കാലത്ത് 2006–07ലെ ബജറ്റിൽ പി.ചിദംബരമാണു നിർദേശിച്ചത്. 2010 ഏപ്രിൽ ഒന്നു മുതൽ ജിഎസ്‌ടി നടപ്പാക്കാമെന്ന പ്രതീക്ഷ വ്യക്‌തമാക്കപ്പെട്ടു. എന്നാൽ, വിശദാംശങ്ങളിലേക്കു കടന്നപ്പോൾ തുടർനടപടികൾ എളുപ്പമായില്ല. ഭരണഘടനാ ഭേദഗതി ബിൽ 2011 മാർച്ച് 22ന് അവതരിപ്പിച്ചു, 15–ാം ലോക്‌സഭയുടെ കാലാവധി പൂർത്തിയായപ്പോൾ ബിൽ ലാപ്‌സായി. മോദി സർക്കാർ 2014 ഡിസംബർ 19നു പുതിയ ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചു.