കടന്നുപിടിച്ചത് ഗവണ്‍മെന്‍റ് പ്ലീഡര്‍ തന്നെയെന്ന് യുവതിയുടെ മൊഴി

231
photo credit : manorama online

കൊച്ചി∙ കൊച്ചി നഗരത്തില്‍ അഭിഭാഷകരും പൊലീസും പരസ്യമായ ഏറ്റുമുട്ടലിലേക്കു നീങ്ങുമ്പോൾ തന്നെ കടന്നുപിടിച്ചത് അഭിഭാഷകന്‍ തന്നെയെന്നു യുവതി. കോടതിയിൽ നൽകിയ രഹസ്യമൊഴിയിലാണ് യുവതി ഇക്കാര്യം പറയുന്നത്. അഭിഭാഷകര്‍ പൊലീസ് സ്റ്റേഷനിലേക്ക് പ്രകടനം നടത്താനിരിക്കെയാണ് മൊഴി പുറത്തുവന്നത്.

ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് കൊച്ചി നഗരത്തിലെ കോണ്‍വെന്‍റ് ജംക്‌ഷനില്‍നിന്നു സര്‍ക്കാര്‍ അഭിഭാഷകന്‍ ധനേഷ് മാഞ്ഞൂരാനെ പൊലീസ് അറസ്റ്റു ചെയ്തത്. നഗരത്തിലെ വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരിയായ യുവതിയെ കടന്നു പിടിച്ചെന്ന പരാതിയിലായിരുന്നു അറസ്റ്റ്. എന്നാല്‍ ധനേഷിനു കോടതിയില്‍നിന്നു ജാമ്യം കിട്ടി. ഇതിനു പിന്നാലെയാണ് മുന്‍വൈരാഗ്യത്തെ തുടര്‍ന്നു ധനേഷിനെതിരെ പൊലീസ് കളളക്കേസ് ചമയ്ക്കുകയായിരുന്നെന്ന ആരോപണം അഭിഭാഷക സംഘടന ഉയര്‍ത്തിയത്. പൊലീസിനെതിരെ പരസ്യ പ്രതിഷേധ സമരവും പ്രഖ്യാപിച്ചു.

ഇംഗ്ലീഷ് വിദ്യാഭ്യാസമില്ലാതിരുന്ന പരാതിക്കാരിയായ യുവതിയെ തെറ്റിദ്ധരിപ്പിച്ച് ഇംഗ്ലീഷില്‍ തയാറാക്കിയ രേഖകളില്‍ പ്രതിയും ബന്ധുക്കളും ഒപ്പു രേഖപ്പെടുത്തിയെന്നും പൊലീസ് കുറ്റപ്പെടുത്തുന്നു. കേസുമായി ബന്ധപ്പെട്ട നിലപാടില്‍ ഇരുവിഭാഗവും ഉറച്ചു നില്‍ക്കുന്ന പശ്ചാത്തലത്തില്‍ വരും ദിവസങ്ങളില്‍ നഗരത്തിലെ പൊലീസും അഭിഭാഷകരും തമ്മിലുളള ഏറ്റുമുട്ടല്‍ കൂടുതല്‍ രൂക്ഷമാകുമെന്നുറപ്പാണ്.