ഒരു പാലക്കാടുകാരിയെ കൂടി കാണാതായി

173

തിരുവനന്തപുരം∙ കേരളത്തിൽനിന്ന് കാണാതായവരിൽ ഐഎസ് ബന്ധമുണ്ടെന്ന് സ്ഥിരീകരിച്ചവർക്കെതിരെ യുഎപിഎ (നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം) ചുമത്തും. ദുരൂഹ സാഹചര്യത്തിൽ അപ്രത്യക്ഷരായ 21 പേരിൽ കാസർകോട് ജില്ലക്കാരായ 11 പേർക്കാണ് ഐഎസുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയത്. ഇവരിൽ അഞ്ചുപേർക്ക് ഐഎസുമായി നേരിട്ടു ബന്ധമുണ്ടെന്നാണു കേന്ദ്ര – സംസ്ഥാന രഹസ്യാന്വേഷണ വിഭാഗങ്ങളുടെ പ്രാഥമിക നിഗമനം. കേസ് എൻഐഎയ്ക്ക് കൈമാറുന്നതിനു മുന്നോടിയായിട്ടാണ് യുഎപിഎ ചുമത്തുന്നത്.

കാസർകോട് തൃക്കരിപ്പൂരിൽ നിന്നും ദുരൂഹ സാഹചര്യത്തിൽ കുടുംബങ്ങളെ കാണാതായ കേസിന്റെ അന്വേഷണം എൻഐഎക്ക് കൈമാറാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നു. ബന്ധുക്കൾക്ക് ഇവർ അവസാനമായി അയച്ച മൊബൈൽ, ഇന്റർനെറ്റ് സന്ദേശങ്ങളിലാണ് ഐഎസ് ബന്ധം തെളിയിക്കുന്ന പരാമർശങ്ങളുള്ളത്. ഇതേസമയം, പാലക്കാട്ടുനിന്നു കാണാതായ ദമ്പതികളായ നാലുപേരുടെ ഐഎസ് ബന്ധം തെളിയിക്കുന്ന പരാമർശങ്ങളൊന്നും ലഭിച്ചിട്ടില്ല.

അതിനിടെ, പാലക്കാട്ടുനിന്ന് മറ്റൊരാളെക്കൂടി കാണാനില്ലെന്ന് പരാതി ഉയർന്നിട്ടുണ്ട്. കഞ്ചിക്കോട് സ്വദേശിയായ ഷിബിയെയാണ് കാണാതായത്. മതപഠനത്തിനായി ഒമാനിലേക്ക് പോയതായാണ് വിവരം. നേരത്തെ കാണാതായ യഹിയയുടെ സുഹൃത്താണ് ഷിബി.

അതേസമയം കാണാതായവർ ഭീകരവാദ സംഘടനയായ ഐഎസിൽ ചേർന്നുവെന്ന പ്രചാരണത്തെ നിഷേധിച്ച് ബന്ധുക്കൾ രംഗത്ത് എത്തി. തീവ്ര സലഫി ആശയങ്ങളിൽ ആകൃഷ്ടരായി വടക്കൻ യമനിലെ ധമ്മാജിലേക്ക് കടന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. ഇൻസ്റ്റാഗ്രാം വഴി കഴിഞ്ഞ ദിവസവും കാണാതായ അഷ്ഫാക്ക് വീട്ടുകാരുമായി ബന്ധപ്പെട്ടു. സുരക്ഷിതമായി കഴിയുന്നുവെന്നും തിരോധാനം സംബന്ധിച്ചുള്ള വാർത്തകളിൽ കാര്യമില്ലെന്നുമായിരുന്നു സന്ദേശം.
courtesy : manorama online

NO COMMENTS

LEAVE A REPLY