തിരുവനന്തപുരം∙ സംസ്ഥാന വ്യാപകമായി വ്യാഴാഴ്ച ഡോക്ടർമാർ നടത്താനിരുന്ന പണിമുടക്ക് പിൻവലിച്ചു. ആലപ്പുഴ അരൂക്കുറ്റിയിലെ ഡോക്ടർക്കെതിരായ ആക്രമണത്തിൽ പ്രതിഷേധിച്ചാണ് ഐഎംഎ, കെജിഎംഒഎ എന്നീ സംഘടനകൾ സമരം പ്രഖ്യാപിച്ചിരുന്നത്. അക്രമികളെ അറസ്റ്റ് ചെയ്തില്ലെങ്കിൽ വ്യാഴാഴ്ച സംസ്ഥാന വ്യാപകമായി സമരം നടത്തുമെന്നായിരുന്നു പ്രഖ്യാപനം. അക്രമത്തിൽ പങ്കാളികളായ ഏഴുപേർക്കെതിരെ ജാമ്യമില്ലാ വകുപ്പനുസരിച്ച് കേസ് റജിസ്റ്റർ ചെയ്യാനുള്ള സർക്കാർ തീരുമാനം അംഗീകരിച്ചാണ് സമരം പിൻവലിച്ചത്. അക്രമത്തിൽ പങ്കാളികളായ 200 പേർക്കെതിരെ കേസെടുക്കും.
രോഗി മരിച്ചതിനെ തുടർന്ന് അരൂക്കുറ്റി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ ആർ.വി.വരുണിനെ നാട്ടുകാരും രോഗിയുടെ ബന്ധുക്കളും ചേർന്ന് കൈയ്യേറ്റം ചെയ്തതിൽ പ്രതിഷേധിച്ച് ആലപ്പുഴ ജില്ലയിലെ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ ഇന്നു മിന്നൽ പണിമുടക്ക് നടത്തിയിരുന്നു. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങളിലും ഒപി, എപി വിഭാഗങ്ങൾ പ്രവർത്തിക്കാതിരുന്നത് രോഗികളെ വലച്ചു.
ചൊവ്വാഴ്ച അർധരാത്രിയാണ് സമരം തുടങ്ങിയത്. ഡോക്ടർ ആർ.വി. വരുണിന്റെ വീട്ടിൽ വൈകുന്നേരം നെഞ്ചുവേദനയെത്തുടർന്ന് പ്രദേശവാസിയായ ഗംഗാധരനെ എത്തിച്ചതോടെയാണ് പ്രശ്നങ്ങൾ തുടങ്ങുന്നത്. ഇസിജി എടുക്കാൻ ഡോക്ടർ നിർദേശിക്കുകയും പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിൽ വിദഗ്ധ ചികിൽസക്ക് നിർദേശിക്കുകയും ചെയ്തു. തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രോഗി മരിച്ചു.
ചികിൽസ കിട്ടാൻ വൈകി എന്നാരോപിച്ച ബന്ധുക്കളും നാട്ടുകാരും ഡോക്ടറുടെ വീട് രാത്രി ഉപരോധിച്ചു. വീടിന് കല്ലെറിഞ്ഞ പ്രതിഷേധക്കാർ ഡോക്ടർ വരുണിനെ കൈയ്യേറ്റവും ചെയ്തു. ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട ഡോക്ടർ എറണാകുളം ജനറൽ ആശുപത്രിയിൽ ചികിൽസയിലാണ്.