മലയാളി വിദ്യാര്‍ഥിയെ മര്‍ദിച്ചുകൊന്ന കേസ്: രാജ്നാഥ് സിങ്ങിന് മുഖ്യമന്ത്രി പണറായി വിജയന്റെ കത്ത്

179

തിരുവനന്തപുരം • ഡല്‍ഹിയില്‍ മലയാളി വിദ്യാര്‍ഥി രജത്തിനെ മര്‍ദിച്ചുകൊന്ന കേസില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിന് മുഖ്യമന്ത്രി പണറായി വിജയന്റെ കത്ത്. സ്വതന്ത്രവും നീതിപൂര്‍വവുമായ അന്വേഷണം നടത്താന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് കത്ത്. കേസില്‍ അന്വേഷണം കാര്യക്ഷമമല്ലെന്ന് ആദ്യംമുതല്‍ ആരോപണമുണ്ട്. ഡല്‍ഹി മലയാളികളുടെ ആത്മവിശ്വാസം ഉയര്‍ത്തുന്നവിധം ഇക്കാര്യത്തില്‍ ഇടപെടല്‍ ഉണ്ടാകണമെന്നും മുഖ്യമന്ത്രി കത്തില്‍ അഭ്യര്‍ഥിച്ചു.
മലയാളി വിദ്യാര്‍ഥി മര്‍ദനമേറ്റ് മരിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ പൊലീസ് കര്‍ശന നടപടി സ്വീകരിക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്‍റണിയും ആവശ്യപ്പെട്ടു. കൊലപാതകം മാത്രമല്ല പ്രശ്നം. ഡല്‍ഹിയില്‍ മയൂര്‍ വിഹാര്‍ അടക്കമുള്ള സ്ഥലങ്ങളില്‍ കഞ്ചാവ്, ലഹരി മാഫിയ പിടി മുറുക്കിയിരിക്കുകയാണ്. ഇക്കാര്യത്തില്‍ പൊലീസിന്‍റെ ഭാഗത്ത് നിന്നും കര്‍ശന നടപടി ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കുമെന്നും കൊല്ലപ്പെട്ട രജതിന്‍റെ മാതാപിതാക്കളെ സന്ദര്‍ശിച്ച ശേഷം എ.കെ. ആന്‍റണി പറഞ്ഞു.
മോഷണക്കുറ്റം ആരോപിച്ചാണ് കഴിഞ്ഞ ദിവസം മയൂര്‍ വിഹാര്‍ ഫേസ് ത്രീയില്‍ വച്ച്‌ മലയാളിയായ വിദ്യാര്‍ഥി രജത് മേനോനെ പാന്‍വില്‍പ്പനക്കാരനും മക്കളും ചേര്‍ന്ന് അടിച്ചുകൊലപ്പെടുത്തിയത്. പ്രതികളിലൊരാളായ അലോകിനു 18 വയസ്സു പൂര്‍ത്തിയായിട്ടുണ്ടെന്നു ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് കണ്ടെത്തിയിരുന്നു. ഇയാളെ തിഹാര്‍ ജയിലിലേക്ക് മാറ്റി. അലോകിന്റെ സഹോദരനും കേസിലെ പ്രതിയുമായ കുട്ടിക്കുറ്റവാളിയെ ജുവനൈല്‍ ഹോമിലേക്കു മാറ്റി. ഇയാള്‍ക്കു 17 വയസ്സു പൂര്‍ത്തിയായിട്ടുണ്ട്. അതേസമയം, പ്രതികളുടെ പിതാവും പാന്‍മസാലക്കട ഉടമയുമായ ദിനേശിനെ സംഭവത്തില്‍ പങ്കില്ലെന്ന കാരണം പറഞ്ഞു പൊലീസ് വിട്ടയച്ചു.
courtesy : manorama online

NO COMMENTS

LEAVE A REPLY