ചിലി കോപ്പ അമെരിക്ക ചാംപ്യന്മാര്‍

258
Photo credit :manorama online

ന്യൂജേഴ്സി∙ ചിലെ! ചിലെ! ചിലെ! ചിലെ തന്നെ കോപ്പയിലെ രാജാക്കൻമാർ. കോപ്പ അമേരിക്കയിൽ കഴിഞ്ഞ വർഷം നേടിയ കിരീടം കോപ്പയുടെ ശതാബ്ദി ടൂർണമെന്റിലും നിലനിർത്തിയ ചിലെ, അക്ഷരാർഥത്തിൽ രാജാക്കൻമാരായി. അതും തുടർച്ചയായ മൂന്നാം വർഷവും കിരീടമില്ലാതെ മടങ്ങാൻ വിധിക്കപ്പെട്ട ഫുട്ബോളിന്റെ രാജകുമാരൻ ലയണൽ മെസ്സിയെ സാക്ഷിനിർത്തി. മൽസരവേദിയും ഫലം നിർണയിച്ച രീതിയും സ്കോറും മാറിയെങ്കിലും പോരടിച്ച ടീമുകളും ഫലവും ആവർത്തിച്ചു. ചിലെയിലെ സാന്തിയാഗോയിലെ 4-1ന് ഷൂട്ടൗട്ടിൽ നേടിയ കിരീടം യുഎസിലെ ന്യൂജേഴ്സിയിൽ 4-2ന് ചിലെ നിലനിർത്തി. ഷൂട്ടൗട്ടിൽ പന്ത് പുറത്തേക്കടിച്ച ലയണൽ മെസ്സി ദുരന്തനായകനുമായി. മുഴുവൻ സമയത്തും ഇരുടീമുകൾക്കും ഗോളുകളൊന്നും നേടാനായിരുന്നില്ല. ബ്രസീലിന് ശേഷം കോപ്പ അമേരിക്കയിൽ കിരീടം നിലനിർത്തുന്ന രാജ്യമാണ് ചിലെ.

കിരീടമില്ലാത്ത രാജകുമാരനെന്ന മെസ്സിയുടെ പേരുദോഷം തുടർന്നപ്പോൾ 23 വർഷങ്ങൾക്കുശേഷം ഒരു മേജർ കിരീടമെന്ന അർജന്റീനയുടെ സ്വപ്നം വീണ്ടും മറ്റൊരു ഫൈനലിന്റെ പടിക്കൽ വീണുടഞ്ഞു. തുടർച്ചയായ മൂന്നാം വർഷമാണ് ഒരു പ്രമുഖ ടൂർണമെന്റിന്റെ ഫൈനലിൽ അർജന്റീന തോൽവി രുചിക്കുന്നത്. 2014ൽ ബ്രസീൽ ആതിഥ്യം വഹിച്ച ലോകകപ്പ് ഫുട്ബോൾ ഫൈനലിൽ ജർമനിയോട് എതിരില്ലാത്ത ഒരു ഗോളിന് തോറ്റ അർജന്റീന, കഴിഞ്ഞ വര്‍ഷം നടന്ന കോപ്പ അമേരിക്ക ടൂർണമെന്റ് ഫൈനലിൽ ആതിഥേയരായ ചിലെയോട് ഷൂട്ടൗട്ടിൽ തോൽക്കുകയായിരുന്നു.

ലാറ്റിനമേരിക്കൻ സൗന്ദര്യമെന്നതൊക്കെയൊരു സങ്കൽപമായി മാറുകയാണെന്ന വിശ്വാസത്തെ അരിക്കിട്ടുറപ്പിക്കുന്നതായിരുന്നു ന്യൂജേഴ്സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിലെ കാഴ്ച. വൻകരയിലെ രണ്ടു പ്രമുഖ ശക്തികൾ മുഖാമുഖം വന്ന മൽസരം ശ്രദ്ധ നേടിയതു താരങ്ങളുടെ പരുക്കൻ അടവുകളിലൂടെയും റഫറിയുടെ മണ്ടൻ തീരുമാനങ്ങളിലൂടെയും. ആദ്യപകുതിയിൽതന്നെ രണ്ടു ചുവപ്പുകാർഡുകൾ പുറത്തെടുത്ത ബ്രസീലിയൻ റഫറി ഹെബർ ലോപ്പസ്, ‘മഞ്ഞക്കാർഡുകളിലൂടെയും’ ശ്രദ്ധനേടി. ആദ്യ പകുതിയിൽ അഞ്ചു മഞ്ഞക്കാർഡുകളാണ് റഫറി പുറത്തെടുത്തത്.

ഗോളെന്നുറപ്പിക്കാവുന്ന മൂന്ന് അവസരങ്ങളാണ് മൽസരത്തിലാകെ പിറന്നത്. ആദ്യപകുതിയിൽ ഇരുടീമുകൾക്കുമായി ലഭിച്ച മികച്ചതെന്ന് പറയാവുന്ന ഏക അവസരം തേടിയെത്തിയത് ഹിഗ്വയിനെ. സെമിയിൽ യുഎസ്എയ്ക്കെതിരെ നേടിയ രണ്ടാം ഗോളിന് സമാനമായിരുന്നു ഹിഗ്വയിന് ലഭിച്ച അവസരം. അപ്പോൾ കളിക്ക് പ്രായം 23 മിനിറ്റ്. എതിർടീം കളിക്കാരന്റെ ബാക്ക്പാസ് പിടിച്ചെടുത്ത് മുന്നേറിയ ഹിഗ്വയിൻ ഗോളിമാത്രം മുന്നിൽ നിൽക്കെ തൊടുത്ത ഷോട്ട് ഇഞ്ചുകളുടെ വ്യത്യാസത്തിൽ പുറത്തുപോയി. 28-ാം മിനിറ്റിൽത്തന്നെ മൽസരത്തിലെ രണ്ടാം മഞ്ഞക്കാർഡ് കണ്ട അൽഫോൻസോ ഡയസ് റോജാസ് പുറത്തുപോയതോടെ ചിലെ 10 പേരായി ചുരുങ്ങി. 43-ാം മിനിറ്റിൽ ചിലെ താരം വിദാലിനെ ഫൗൾ ചെയ്തെന്ന് കാട്ടി അർജന്റീന താരം മാർക്കോസ് ആൽബർട്ടോ റോജോയ്ക്ക് റഫറി സ്ട്രൈറ്റ് ചുവപ്പുകാർഡ് നൽകിയതോടെ ഇരുടീമുകളിലും 10 പേർവീതം.

രണ്ടാം പകുതിയിൽ റഫറി ‘നല്ല കുട്ടി’യായതോടെ കാർഡുകളുടെ എണ്ണം കുറഞ്ഞു. രണ്ടാം പകുതിയിൽ ആകെ വന്നത് രണ്ടുകാർഡുകൾ. കളിയിൽ പക്ഷേ കാര്യമായ വ്യത്യാസമൊന്നും വന്നില്ല. ചിലെ പതിവുപോലെ ചില ഒറ്റപ്പെട്ട മുന്നേറ്റങ്ങൾ കരുപ്പിടിപ്പിച്ചപ്പോൾ അപ്പുറത്ത് മെസ്സി പന്തുതൊട്ടപ്പോഴെല്ലാം ചിലെ താരങ്ങൾ കൂട്ടമായെത്തി പന്തുറാഞ്ചി. ഒടുവിൽ 90 മിനിറ്റ് പിന്നിടുമ്പോഴും സമനിലക്കെട്ട് അതേപടി തുടർന്നതോടെ മൽസരം എക്സ്ട്രാ ടൈമിലേക്ക്.

എക്സ്ട്രാ ടൈമിൽ ഇരുടീമുകൾക്കും രണ്ട് മികച്ച അവസരങ്ങൾ ലഭിച്ചു. 99-ാം മിനിറ്റിൽ ആദ്യ അവസരം വന്നത് ചിലെയുടെ വഴിക്ക്. പന്തുമായി കുതിച്ചെത്തി പുച്ച് നൽകിയ തകർപ്പൻ ക്രോസിൽ വർഗാസിന്റെ കിടിലൻ ഹെഡർ. പോസ്റ്റിലേക്ക് നീങ്ങിയ പന്ത് അർജന്റീന ഗോളി റൊമേരോ പറന്നു പിടിച്ചു. രണ്ടു മിനിറ്റിനുള്ളിൽ അതിലും മികച്ചൊരു അവസരം ലഭിച്ചു അർജന്റീനയ്ക്ക്. കോർണറിൽ നിന്നുവന്ന പന്തിൽ സെർജിയോ അഗ്യൂറോയുടെ കിറുകൃത്യം ഹെഡർ. ക്രോസ്ബാറിന് തൊട്ടുതാഴേക്കൂടി വലയിലേക്ക് പതിക്കാനൊരുങ്ങിയ പന്തിനെ കുത്തിപ്പുറത്താക്കിയ ചിലെ ഗോളി ക്ലോഡിയോ ബ്രാവോയുടെ സേവിനെ വിശേഷിപ്പിക്കാൻ വാക്കുകൾ അശക്തം.
Courtsy : manorama online

NO COMMENTS

LEAVE A REPLY