ഏഴാം ശമ്പള പരിഷ്കരണ കമ്മിഷൻ ശുപാർശ കേന്ദ്രസർക്കാർ അംഗീകരിച്ചു.

189

ന്യൂഡൽഹി∙ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാർക്കുള്ള ഏഴാം ശമ്പള പരിഷ്കരണ കമ്മിഷൻ ശുപാർശ കേന്ദ്രസർക്കാർ അംഗീകരിച്ചു. ശമ്പളത്തിൽ ശരാശരി 23.55 ശതമാനത്തിന്റെ വർധനയുണ്ടാകും. 2016 ജനുവരി ഒന്നുമുതൽ മുൻകാല പ്രാബല്യവും. 55 ലക്ഷം പെൻഷൻകാർക്കും 48 ലക്ഷം ജീവനക്കാർക്കും ഇതുകൊണ്ട് നേട്ടമുണ്ടാകും.
കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ കുറഞ്ഞ അടിസ്ഥാന ശമ്പളം 7000 രൂപയില്‍നിന്ന് 18,000 രൂപയായി ഉയര്‍ത്തണമെന്നാണ് എ.കെ മാത്തൂര്‍ അധ്യക്ഷനായ ശമ്പളക്കമ്മീഷന്‍ ശുപാര്‍ശ ചെയ്തത്. എന്നാല്‍ കാബിനറ്റ് സെക്രട്ടറി പി.കെ.സിന്‍ഹയുടെ അധ്യക്ഷതയില്‍ രൂപീകരിച്ച സമിതി അലവന്‍സുകളടക്കം 23.5 ശതമാനം വര്‍ധനവാണ് നിര്‍ദേശിച്ചിരുന്നത്. അതായത് കുറഞ്ഞ അടിസ്ഥാന ശമ്പളം 23,000 രൂപ.

ശുപാര്‍ശ നടപ്പാക്കുമ്പോള്‍ 1.02 ലക്ഷം കോടി രൂപയുടെ അധികച്ചെലവുവരും. ജിഡിപിയുടെ 0.7 ശതമാനം. സൈന്യത്തിലെ ശിപ്പായിക്ക് 8,460 രൂപയ്ക്കു പകരം 21,700 രൂപ പ്രതിമാസം അടിസ്ഥാന ശമ്പളമായി ലഭിക്കും.

വാഹനങ്ങള്‍ വാങ്ങാന്‍ പലിശ രഹിത വായ്പ നല്‍കണമെന്നും ആരോഗ്യ ഇൻഷുറന്‍സ് ഏര്‍പ്പെടുത്തണമെന്നും ഒപ്പം ഒാവര്‍ ടൈം അലവന്‍സ് എടുത്തുകളയണമെന്നും ശുപാര്‍ശയുണ്ട്. ശമ്പള വര്‍ധന നടപ്പാക്കിയാല്‍ വാഹന വിപണിയിലും റിയൽ എസ്റ്റേറ്റ് രംഗത്തും മുന്നേറ്റമുണ്ടാകുമെന്നാണ് വിലയിരുത്തല്‍.

NO COMMENTS

LEAVE A REPLY