കേന്ദ്ര മന്ത്രിസഭാ വികസനം ഇന്ന്

215

ന്യൂഡൽഹി ∙ കേന്ദ്രമന്ത്രിസഭ ഇന്നു വിപുലീകരിക്കും. പുതിയ മന്ത്രിമാർ ഇന്നു 11നു രാഷ്ട്രപതി ഭവനിൽ സത്യപ്രതിജ്ഞ ചെയ്യും. നിയമസഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന യുപിക്കു കൂടുതൽ പ്രാതിനിധ്യം ലഭിക്കും. യുപിയിലെ ദലിത് വോട്ട് ബാങ്ക് ലക്ഷ്യമിട്ടു ദലിത് പ്രാതിനിധ്യവും കൂട്ടുമെന്നാണു സൂചന.

ബിജെപി എംപിമാരായ എസ്.എസ്.അലുവാലിയ, വിജയ് ഗോയൽ, എം.ജെ.അക്ബർ, പി.പി.ചൗധരി, പുരുഷോത്തം റൂപാല, മഹേന്ദ്ര പാണ്ഡെ, ഫഗൻസിങ് കുലസ്തെ, അനിൽ മാധവ് ദവെ, ഭൂപേന്ദർ യാദവ്, അർജുൻ മേഘ്‌വാൾ, അജയ് താംത, സുഭാഷ് ഭാംറെ, കൃഷ്ണരാജ്, മൻസുഖ് ഭായി മണ്ഡാവിയ തുടങ്ങിയവരും സഖ്യകക്ഷി എംപിമാരായ രാംദാസ് അത്താവാലെ (ആർപിഐ), അനുപ്രിയ പട്ടേൽ (അപ്ന ദൾ) എന്നിവരും മന്ത്രിസഭയിലെത്തുമെന്നാണു സൂചന.

ഇതിൽ മഹേന്ദ്രനാഥ് പാണ്ഡെ, അനുപ്രിയ പട്ടേൽ, കൃഷ്ണരാജ് എന്നിവർ യുപിയിൽ നിന്നാണ്. അർജുൻ മേഘ്‌വാൾ, കൃഷ്ണരാജ്, അജയ് താംത, ഫഗൻസിങ് കുലസ്തെ, രാംദാസ് അത്താവാലെ എന്നിവർ ദലിത് വിഭാഗത്തിൽ പെട്ടവരും. മന്ത്രിസഭയിലെ സുപ്രധാന വകുപ്പുകളിൽ മാറ്റമുണ്ടാകില്ലെന്നാണു പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന. മന്ത്രിമാരിൽ ജെ.പി.നഡ്ഡ, പ്രകാശ് ജാവഡേക്കർ തുടങ്ങിയവരെ ബിജെപി ദേശീയ ഭാരവാഹികളാക്കാനായി ഒഴിവാക്കിയേക്കും.

അമിത് ഷാ ബിജെപി അധ്യക്ഷ സ്ഥാനത്തേക്കു വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ശേഷം ദേശീയ ഭാരവാഹി നിര പുനഃസംഘടിപ്പിച്ചിരുന്നില്ല. ബിജെപി ദേശീയ ഉപാധ്യക്ഷൻ പുരുഷോത്തം റൂപാല, ജനറൽ സെക്രട്ടറി ഭൂപേന്ദ്ര യാദവ്, വക്താവ് എം.ജെ.അക്ബർ എന്നിവരാണു സംഘടനയിൽ നിന്നു സർക്കാരിലേക്കു മാറുന്നത്. മന്ത്രിസഭയിൽ എഴുപത്തഞ്ചു വയസ്സു കഴിഞ്ഞവരെ ഒഴിവാക്കിയ പാർട്ടി നയം നടപ്പാക്കിയാൽ നജ്മ ഹെപ്ത്തുല്ല, കൽരാജ് മിശ്ര എന്നിവരെ ഒഴിവാക്കും. പകരം ഗവർണർ പദവി നൽകും.

സ്പോർട്സ് മന്ത്രിയായിരുന്ന സർബാനന്ദ് സോനോവാൾ അസം മുഖ്യമന്ത്രിയായതിന്റെ ഒഴിവു നികത്തും. പഞ്ചാബ് ബിജെപി അധ്യക്ഷസ്ഥാനമേറ്റ വിജയ് സാംപ്ലയെയും ഒഴിവാക്കിയേക്കും. 2014 മേയിൽ അധികാരമേറ്റ നരേന്ദ്ര മോദി മന്ത്രിസഭയുടെ രണ്ടാമത്തെ വികസനമാണിത്. ആദ്യവികസനം 2014 നവംബറിലായിരുന്നു. പ്രധാനമന്ത്രി ഉൾപ്പെടെ മന്ത്രിസഭയുടെ നിലവിലെ അംഗബലം 64 ആണ്. ഭരണഘടനാ വ്യവസ്ഥകളനുസരിച്ചു മന്ത്രിസഭയിൽ 82 അംഗങ്ങൾ വരെയാകാം.

NO COMMENTS

LEAVE A REPLY