പ്രധാന്‍ മന്ത്രി കൗശല്‍ വികാസ് യോജനയ്ക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

231

ന്യൂഡല്‍ഹി∙ പ്രധാന്‍ മന്ത്രി കൗശല്‍ വികാസ് യോജന പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. അടുത്ത നാലു വര്‍ഷം കൊണ്ട് ഒരു കോടി ജനങ്ങള്‍ക്കു നൈപുണ്യ പരിശീലനം നല്‍കാന്‍ ഉദ്ദേശിക്കുന്ന പദ്ധതിക്ക് 12,000 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 60 ലക്ഷം യുവാക്കള്‍ക്ക് പദ്ധതി പ്രകാരം പുതുതായി പരിശീലനം നല്‍കുകയും 40 ലക്ഷം പേര്‍ക്ക് മുന്‍പ് നേടിയ പരിശീലനം സര്‍ട്ടിഫൈ ചെയ്ത് കൊടുക്കുകയും ചെയ്യും.

പരിശീലന ചെലവ് പൊതു മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി പരിശീലനദാതാക്കള്‍ക്കും മൂല്യനിര്‍ണ്ണയ സ്ഥാപനങ്ങള്‍ക്കും നേരിട്ടു മടക്കി നല്‍കുവാനാണ് പദ്ധതി നിര്‍ദ്ദേശിക്കുന്നത്. ട്രെയിനികള്‍ക്കുള്ള സാമ്പത്തിക സഹായം യാത്രാ ബത്ത, താമസ ചെലവ് തുടങ്ങിയ ഇനങ്ങളില്‍ നല്‍കും.

സംസ്ഥാനങ്ങളുടെ പ്രത്യേക നൈപുണ്യ ആവശ്യങ്ങള്‍ പരിഗണിക്കണമെന്ന് നൈപുണ്യ വികസനത്തിനുള്ള മുഖ്യമന്ത്രിമാരുടെ ഉപസംഘം ശുപാര്‍ശ ചെയ്തിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ആകെ പരിശീലന ലക്ഷ്യത്തിന്‍റെ 25% ഇതിനായി മാറ്റി വച്ചിട്ടുണ്ട്. അടുത്ത ഘട്ടത്തിലെ ആകെ പരിശീലന ലക്ഷ്യത്തിന്‍റെ 25% കൈവരിക്കുന്നതിനുള്ള സാമ്പത്തിക സഹായം നേരിട്ട് സംസ്ഥാനങ്ങള്‍ക്കും അനുവദിക്കാനും തീരുമാനമായി.

അതേസമയം, നാഷനല്‍ ബില്‍ഡിങ്സ് കണ്‍സ്ട്രക്‌ഷന്‍ കോര്‍പ്പറേഷന് ‍(എന്‍ബിസിസി) ലിമിറ്റഡില്‍ സർക്കാരിനുള്ള 90% ഓഹരിയില്‍ 15% വിറ്റഴിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തിക കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതി അനുമതി നല്‍കി. ഇത് വഴി 1706 കോടി രൂപ സമാഹരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

ജീവനക്കാരില്‍ യോഗ്യരും തത്പരരുമായിട്ടുള്ളവര്‍ക്ക് ഇഷ്യൂ പ്രൈസില്‍ അഞ്ച് ശതമാനം ഇളവോടു കൂടി അധിക ഓഹരികള്‍ അനുവദിക്കാനും തീരുമാനമായി. കേന്ദ്ര നഗരവികസന മന്ത്രാലയത്തിനു കീഴില്‍ 1960 നവംബര്‍ അഞ്ചിനാണ് എന്‍ബിസിസി രൂപീകരിക്കുന്നത്. 2012 മാര്‍ച്ചില്‍ ആരംഭിച്ച പ്രഥമ ഓഹരി വില്‍പനയിലാണ് കമ്പനിയുടെ 10 ശതമാനം ഓഹരികള്‍ ഗവണ്‍മെന്‍റ് നേരത്തെ വിറ്റഴിച്ചത്.
courtesy : manorama online

NO COMMENTS

LEAVE A REPLY