ലക്നൗ ∙ ബിഎസ്പി അധ്യക്ഷ മായവതിയെ അധിക്ഷേപിച്ച ബിജെപി നേതാവ് ദയാശങ്കറിന്റെ നാവരിയുന്നവർക്ക് 50 ലക്ഷം രൂപ പ്രതിഫലം നൽകുമെന്ന് ബിഎസ്പി ചണ്ഡീഗഡ് അധ്യക്ഷ ജന്നറ്റ് ജഹാൻ. പ്രതികരണത്തിലൂടെ ബിജെപി സ്ത്രീവിരുദ്ധവും ദലിത് വിരുദ്ധവുമാണെന്ന് വ്യക്തമായി. ഇത്തരം പ്രസ്താവനകളിലുടെ അവരുടെ യഥാർഥ മുഖമാണ് പുറത്തുവരുന്നതെന്നും ജന്നറ്റ് ജഹാൻ ആരോപിച്ചു.
മായവതി ലൈംഗികത്തൊഴിലാളികളെക്കാള്‍ മോശമാണെന്നും സീറ്റുകൾ വിറ്റഴിക്കുകയാണെന്നുമായിരുന്നു ദയാശങ്കറിന്റെ പ്രസ്താവന. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് വിവിധ ഭാഗങ്ങളിൽ ഉയർന്നത്. സംഭവത്തെത്തുടർന്ന് ദയാശങ്കറിനെ യുപി ഉപാധ്യക്ഷ സ്ഥാനത്തുനിന്നും പ്രാഥമിക അംഗത്വത്തിൽ നിന്നും ബിജെപി കേന്ദ്രനേതൃത്വം നീക്കിയിരുന്നു. ഇദ്ദേഹം ഒളിവിലാണ്.
അതിനിടെ, ദയാശങ്കറിനെതിരെ രൂക്ഷ വിമർശനവുമായി ബിഎസ്പി വനിതാ എംഎൽഎ ഉഷാ ചൗധരിയും രംഗത്തെത്തി. ദയാശങ്കർ സിങ് അവിഹിത സന്താനമാണെന്നും അദ്ദേഹത്തിന്റെ ഡിഎൻഎയ്ക്ക് എന്തോ പ്രശ്നമുണ്ടെന്നും റായ്ഗാവ് എംഎൽഎയായ ഉഷാ ചൗധരി ആരോപിച്ചു. മായാവതിക്കെതിരായ പരാമർശത്തിനെതിരെ ലക്നൗവിൽ പ്രതിഷേധം ശക്തമാണ്. ദയാശങ്കറിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യവുമായി നൂറുകണക്കിനു വരുന്ന ബിഎസ്പി പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. ദയാശങ്കറിനെ തൂക്കിലേറ്റണമെന്നും പ്രതിഷേധക്കാരിൽ ചിലർ ആവശ്യപ്പെട്ടു.