ബിജെപി സഖ്യം ഉപേക്ഷിക്കുന്നുവെന്ന് അപ്നാ ദൾ അധ്യക്ഷ

184

ലക്നൗ∙ അനുപ്രിയ പട്ടേലിനെ കേന്ദ്ര മന്ത്രിസഭയിൽ ഉൾപ്പെടുത്തിയതിന് പിന്നാലെ പാർട്ടിയിൽ പൊട്ടിത്തെറി. ബിജെപിയുമായുള്ള സഖ്യം ഒഴിവാക്കുന്നതായി അപ്നാ ദൾ നേതാവും അനുപ്രിയയുടെ അമ്മയുമായ കൃഷ്ണ പട്ടേൽ പറഞ്ഞു. സഖ്യത്തിന്റെ മാന്യത ബിജെപി കാണിച്ചില്ലെന്ന് അവർ കുറ്റപ്പെടുത്തി. ഏറെക്കാലമായി അമ്മയും മകളും തമ്മിൽ അധികാര തർക്കമുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് നടപടി. മോദി സർക്കാരിൽ ആരോഗ്യം, കുടുംബക്ഷേമം വകുപ്പുകളാണ് അനുപ്രിയ കൈകാര്യം ചെയ്യുന്നത്.

സഖ്യവുമായി ബന്ധപ്പെട്ട മാന്യത ബിജെപി കാണിക്കാൻ തയാറാകാത്തതിനെ തുടർന്ന് ബിജെപിയുമായുള്ള ബന്ധം ഉപേക്ഷിക്കാൻ അപ്നാ ദൾ ദേശീയ എക്സിക്യൂട്ടീവ് തീരുമാനിക്കുകയായിരുന്നു. അനുപ്രിയയുടെ പാർട്ടിവിരുദ്ധ പ്രവർത്തനങ്ങൾ ബിജെപിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. എന്നാൽ ഇത് മുഖവിലയ്ക്കെടുക്കാൻ ബിജെപി തയാറായില്ലെന്നും പാർട്ടി വക്താവ് ആർബിഎസ് പാട്ടീൽ പ്രതികരിച്ചു.

പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയതിന് സ്വന്തം അമ്മ‍ പാർട്ടിയിൽ നിന്ന് പുറത്താക്കിയ നേതാവാണ് അനുപ്രിയ. അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഉത്തർപ്രദേശിൽ ബിജെപിയുടെ സഖ്യകക്ഷിയാണ് അനുപ്രിയ പട്ടേലിന്റെ പാർട്ടിയായ അപ്നാ ദൾ. അനുപ്രിയയുടെ അമ്മ കൃഷ്ണ പട്ടേലാണ് അപ്നാ ദൾ അധ്യക്ഷ. 2009ൽ അനുപ്രിയയുടെ പിതാവ് സോൺ ലാൽ പട്ടേൽ ഒരു റോഡപകടത്തിൽ കൊല്ലപ്പെട്ടതോടെയാണ് കൃഷ്ണ പട്ടേൽ പാർട്ടിയുടെ ചുമതല ഏറ്റെടുത്തത്. ഇതിനുശേഷം അമ്മയും മകളും തമ്മിലുള്ള അധികാരത്തർക്കം പാർട്ടിയിൽ ഏറെ പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു.

തർക്കത്തിന്റെ ഭാഗമായാണ് കഴിഞ്ഞവർഷം പാർട്ടിവിരുദ്ധ പ്രവർത്തനങ്ങൾ ആരോപിച്ച് അനുപ്രിയയെ അമ്മ പാർട്ടിയിൽ നിന്ന് ആറു വർഷത്തേക്ക് പുറത്താക്കിയത്. എന്നാൽ, അനുപ്രിയയാണ് അപ്നാ ദളിന്റെ യഥാർഥ നേതാവെന്ന് അവരെ പിന്തുണയ്ക്കുന്നവർ അവകാശപ്പെടുന്നു. പാർട്ടിയിൽ നിന്ന് പുറത്താക്കിയ അനുപ്രിയയെ മന്ത്രിയാക്കിയാൽ ബിജെപിക്ക് നൽകി വരുന്ന പിന്തുണ പിൻവലിക്കുമെന്ന് അടുത്തിടെ കൃഷ്ണ പട്ടേൽ ഭീഷണി മുഴക്കിയിരുന്നു.

അനുപ്രിയ, 2012ലെ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച് എംഎൽഎയായി. പിന്നീട് 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മിർസാപൂരിൽ നിന്ന് ജയിച്ച് എംപിയായി.
courtesy : manorama online

NO COMMENTS

LEAVE A REPLY