മഅദനിയെ കയറ്റാതെ വിമാനം പുറപ്പെട്ടു; കേരളത്തിലേക്കുള്ള യാത്ര വൈകുന്നു

256

ബെംഗളൂരു∙ പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅദനിയെ കേരളത്തിലേക്ക് കൊണ്ടു പോകുന്നതിൽ നിയമ തടസമുണ്ടെന്ന് വിമാനക്കമ്പനി. സിവിൽ വ്യോമയാനവകുപ്പിന്റെ അനുമതി വേണമെന്നും വിമാനക്കമ്പനി അറിയിച്ചു. പൊലീസ് കാവലുള്ളതാണ് വിമാനക്കമ്പനി തടസ്സമായി ചൂണ്ടിക്കാണിക്കുന്നത്. വിമാനത്താവളത്തിലെത്തി ബോർഡിങ് പാസ് വരെ ലഭിച്ച മഅദനിക്ക് ഇതേ തുടർന്ന് വിമാനത്തിൽ കയറാൻ അനുമതി ലഭിച്ചില്ല. വിമാനം കേരളത്തിലേക്കു പുറപ്പെട്ടു.

ബെംഗളൂരുവിൽ നിന്ന് ഉച്ചയ്ക്ക് 12.55ന് പുറപ്പെടുന്ന ഇൻഡിഗോ വിമാനത്തിലാണ് മഅദനി യാത്രചെയ്യേണ്ടിയിരുന്നത്. അദ്ദേഹത്തിനൊപ്പം എസിപി ശാന്തകുമാറും ഒരു ഇൻസ്പെകടറും ഉണ്ട്. അതേസമയം, മഅദനിയെ ഇന്നു തന്നെയുള്ള മറ്റേതെങ്കിലും വിമാനത്തിൽ കേരളത്തിലെത്തിക്കാനുള്ള സാധ്യതയാണ് കർണാടക പൊലീസ് സംഘം തേടുന്നത്. അതുമല്ലെങ്കിൽ റോഡ് മാർഗം കേരളത്തിലെത്തിക്കാനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്.

അതിനിടെ, അബ്ദുൽനാസർ മഅദനിയെ ബെംഗളൂരുവിൽനിന്നു കൊച്ചിക്കുള്ള വിമാനത്തിൽ കയറ്റാൻ അനുവദിക്കാത്തതിനെത്തുടർന്ന് പിഡിപി പ്രവർത്തകർ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ഇൻഡിഗോ എയർലൈൻസ് ഓഫിസ് ഉപരോധിക്കുകയാണ്. മഅദനിക്കു ബോർഡിങ് പാസ് അനുവദിച്ചിട്ടും വിമാനത്തിൽ കയറ്റാത്തതിനെത്തുടർന്നാണു പ്രതിഷേധം.ബെംഗളൂരു പൊലീസിലെ 10 പേർ അടങ്ങുന്ന മറ്റൊരു സംഘം റോഡ് മാർഗം ഇന്നലെ തന്നെ നെടുമ്പാശേരിയിലേക്കു തിരിച്ചിട്ടുണ്ട്. മഅദനിക്കൊപ്പം ഭാര്യ സൂഫിയ, പിഡിപി സംസ്ഥാന സെക്രട്ടറി മുഹമ്മദ് റജീബ്, സഹായികളായ ഷാനവാസ്, കുഞ്ഞുമോൻ എന്നിവർ ഒപ്പമുണ്ടാകും. നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് ആലപ്പുഴ വഴിയാണു കരുനാഗപ്പള്ളി അൻവാർശേരിയിലെ അൽ അൻവാർ ഇസ്‍ലാമിക് യൂണിവേഴ്സിറ്റി ക്യാംപസിലെ താമസസ്ഥലത്തേക്കു പോകുന്നത്.

തുടർന്ന് മൈനാകപ്പള്ളി തൊട്ടുവാൽ മൻസിലിലെത്തി മാതാപിതാക്കളെ കാണും. അർബുദബാധിതയായ മാതാവിനെ സന്ദർശിക്കാൻ സുപ്രീം കോടതി അനുമതി നൽകിയതിനെ തുടർന്നാണു മഅദനി നാട്ടിലെത്തുന്നത്. 12വരെ കേരളത്തിൽ തങ്ങും.
courtesy : manorama online

NO COMMENTS

LEAVE A REPLY