തൃശൂർ ∙ ഏഴാംക്ലാസുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അറുപത്തിയെട്ടുകാരനായ പ്രതിക്കു 30 വർഷം കഠിന തടവ്. കാണിപ്പയ്യൂർ പുതുശേരി പുളിക്കൽ വേലപ്പനെ (68) ആണ് ശിക്ഷിച്ചത്. കുട്ടികൾക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള പോക്സോ നിയമപ്രകാരം ഒന്നാം അഡീഷനൽ സെഷൻസ് കോടതി ജഡ്ജി ജോൺ കെ. ഇല്ലിക്കാടനാണ് ശിക്ഷ വിധിച്ചത്. സർക്കാരിന്റെ നഷ്ടപരിഹാര ഫണ്ടിൽ നിന്നു രണ്ടുലക്ഷം രൂപ പെൺകുട്ടിയുടെ കുടുംബത്തിനു നൽകാനും കോടതി ഉത്തരവിട്ടു.
കഴിഞ്ഞ നവംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. പന്ത്രണ്ടുകാരിയായ പെൺകുട്ടി പ്രതി വേലപ്പന്റെ വീട്ടിൽ ടിവി കാണാൻ പോയപ്പോഴാണ് സംഭവം. പീഡനവിവരം പെൺകുട്ടി സ്കൂൾ അധികൃതരോടു വെളിപ്പെടുത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. വൈദ്യപരിശോധനയിൽ കുട്ടി പീഡിപ്പിക്കപ്പെട്ടതായി ഡോക്ടർ മൊഴി നൽകി. രഹസ്യ വിചാരണയിലൂടെ കോടതി തെളിവെടുക്കുകയും നാലു മാസത്തിനുള്ളിൽ വിധി പ്രഖ്യാപിക്കുകയും ചെയ്തു. 11 സാക്ഷികളെയും 20 രേഖകളും ഹാജരാക്കി.
കുട്ടികൾക്കെതിരായ പീഡനക്കേസുകളിലെ പ്രതികൾ ദയ അര്‍ഹിക്കുന്നില്ലെന്നും സമൂഹ മനസാക്ഷിയെ ഞെട്ടിച്ച പ്രതിക്കു പരമാവധി ശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷൻ വാദിച്ചു. കുന്നംകുളം സർക്കിൾ ഇൻസ്പെക്ടർ ആയിരുന്ന കൃഷ്ണദാസാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.