അന്വേഷണം വ്യാപിപ്പിക്കുന്നു; റോ വിദേശത്തേക്ക്

205

ന്യൂഡൽഹി ∙ കേരളത്തിൽ നിന്നു ദുരൂഹ സാഹചര്യത്തിൽ കാണാതായവരിൽ ചിലർ ഐഎസിൽ ചേർന്നുവെന്ന സൂചനകളുടെ പശ്ചാത്തലത്തിൽ തുടരന്വേഷണം റിസർച് ആൻഡ് അനാലിസിസ് വിങ് (റോ) ഏറ്റെടുത്തു.

കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ (ഐബി) നടത്തിയ പ്രാഥമികാന്വേഷണത്തിൽ ഐഎസ് ബന്ധം സ്ഥിരീകരിക്കാൻ പ്രയാസമുണ്ടായ സാഹചര്യത്തിലാണ് അന്വേഷണം റോ ഏറ്റെടുത്തത്. ഐഎസ് റിക്രൂട്മെന്റ് പ്രശ്നം ചർച്ചചെയ്യാൻ ഇന്നലെ കേന്ദ്ര ഐബി ഡയറക്ടർ ദിനേശ്വർ ശർമ ഡൽഹിയിൽ വിളിച്ചുചേർത്ത കേന്ദ്ര അന്വേഷണ ഏജൻസികളുടെയും സംസ്ഥാന ഇന്റലിജൻസ് മേധാവികളുടെയും ഉന്നതതല യോഗത്തിലാണു റോ മുഖേന അന്വേഷണം വിദേശരാജ്യങ്ങളിലേക്കു വ്യാപിപ്പിക്കാൻ തീരുമാനിച്ചത്.

റോ ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. കേരളത്തിൽ നിന്ന് ഇന്റലിജൻസ് എഡിജിപി ആർ.ശ്രീലേഖ യോഗത്തിൽ പങ്കെടുത്തു. കേരളത്തിൽ നിന്ന് അപ്രത്യക്ഷരായവരെയും ഐഎസ് റിക്രൂട്മെന്റ് കണ്ണികളാണെന്നു സംശയിക്കുന്നവരെയും കുറിച്ചുള്ള വിശദ റിപ്പോർട്ട് എഡിജിപി കേന്ദ്ര ഐബിക്കു സമർപ്പിച്ചു. ഐഎസ് പ്രശ്നത്തിന്റെ ഗൗരവം കണക്കിലെടുത്തു റോ, ഐബി, സംസ്ഥാന ഇന്റലിജൻസ് വിഭാഗങ്ങൾ എന്നിവയിൽ ലഭിക്കുന്ന വിവരങ്ങൾ ഉടനടി പരസ്പരം കൈമാറും.

കേരളത്തിൽ നിന്ന് അപ്രത്യക്ഷമായവരിൽ ചിലർ അഫ്ഗാനിസ്ഥാൻ, ഇറാൻ, യെമൻ, സിറിയ തുടങ്ങിയ രാജ്യങ്ങളിൽ എത്തിയിട്ടുണ്ടെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്, വിദേശ രാജ്യങ്ങളിൽ ശക്തമായ രഹസ്യാന്വേഷണ ശൃംഖലയുള്ള റോയുടെ സഹായം തേടിയത്. വിദേശരാജ്യങ്ങളിൽ ഐഎസുമായി ബന്ധപ്പെട്ടതായി സംശയമുള്ള ഇന്ത്യക്കാരെക്കുറിച്ചുള്ള വിവരങ്ങൾ റോ ഉദ്യോഗസ്ഥർ ഐബിക്കു നൽകി. ഇതിൽ മലയാളികളെക്കുറിച്ചുള്ള വിവരങ്ങൾ ഐബി സംസ്ഥാന എഡിജിപിക്കു കൈമാറിയിട്ടുണ്ട്.
ഇന്ത്യയിൽ നിന്ന് ഐഎസിൽ ചേരാൻ പോകുന്നവരെക്കാൾ രാജ്യത്തിന് അടിയന്തര ഭീഷണിയുയർത്തുന്നത് ഐഎസിൽ നിന്നു പരിശീലനം നേടി രാജ്യത്തു തിരിച്ചെത്തുന്നവരാണെന്ന് ഐബി സംസ്ഥാനങ്ങൾക്കു മുന്നറിയിപ്പു നൽകി. ഭീകരാക്രമണങ്ങൾ സംഘടിപ്പിക്കാൻ പരിശീലനം നേടിയെത്തുന്നവരെ കണ്ടെത്താൻ അതീവ ജാഗ്രത പുലർത്താൻ ഐബി സംസ്ഥാന ഇന്റലിജൻസ് മേധാവികൾക്കു നിർദേശം നൽകി. ഐഎസ് പരിശീലനം നേടി മടങ്ങിയെത്തിയ ചിലർ ഹൈദരാബാദിൽ ഐബിയുടെ പിടിയിലായിട്ടുണ്ട്.

ഇവരിൽ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഐഎസ് കണ്ണികളെ കണ്ടെത്താൻ രാജ്യവ്യാപകമായ അന്വേഷണത്തിനാണ് ഐബിയുടെ പദ്ധതി. കേരളത്തിനു പുറമേ മറ്റു ചില സംസ്ഥാനങ്ങളിൽ നിന്നും സമാനമായ തിരോധാനങ്ങളെക്കുറിച്ച് ഇന്റലിജൻസ് മേധാവികൾ റിപ്പോർട്ട് നൽകി. ദുരൂഹ സാഹചര്യത്തിൽ കാണാതായ വിദേശ ബന്ധമുള്ളവരുടെ വിവരങ്ങൾ ഉടനടി സമാഹരിച്ച് ഐബിക്കു കൈമാറാനും സംസ്ഥാന ഇന്റലിജൻസ് മേധാവികളോട് ആവശ്യപ്പെട്ടു. ഇവരെക്കുറിച്ചു റോ മുഖേന വിദേശ രാജ്യങ്ങളിൽ അന്വേഷണം നടത്തും.
courtesy : manorama online

NO COMMENTS

LEAVE A REPLY