നിലവിലെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റമാണ് നരേന്ദ്ര മോദി സര്‍ക്കാർ ലക്ഷ്യമിടുന്നത്. സ്വാതന്ത്ര്യ സമരപോരാട്ടങ്ങളും ഇന്ത്യയുടെ ചരിത്രവും ശാസ്ത്രലോകത്തെ കണ്ടെത്തലുകളും പുതിയ രീതിയിൽ അവതരിപ്പിക്കാനാണ് നീക്കം. അതിൽ ദേശീയതയക്കും ഒപ്പം പൗരാണിക മൂല്യങ്ങൾക്കും പ്രാധാന്യം നൽകും. പ്രാഥമിക വിദ്യാഭ്യാസരംഗം മുതലുള്ള മാറ്റം തന്നെയാണ് സര്‍ക്കാരിന്‍റെ ലക്ഷ്യം.
അതിന് മുന്നോടിയായാണ് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി പ്രകാശ് ജാവതേക്കർ ആര്‍.എസ്.എസ് നേതാക്കളുമായി ദില്ലിയിൽ ചര്‍ച്ച നടത്തിയത്. ആര്‍.എസ്.എസ് ജോ.സെക്രട്ടറി കൃഷ്ണ ഗോപാൽ, ബി.ജെ.പി അദ്ധ്യക്ഷൻ അമിത്ഷാ, ആർഎസ്.എസ് അഖില ഭാരതീയ സമ്പര്‍ക്ക് പ്രമുഖ് അനിരുദ്ധ ദേശ്പാണ്ഡേ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
പുതിയ വിദ്യാഭ്യാസ നയം തയ്യാറാക്കുന്നതിനായി ഓഗസ്റ്റ് 15വരെ കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം പൊതുജനങ്ങളുടെ അഭിപ്രായങ്ങൾ ശേഖരിക്കുന്നുണ്ട്. ഇതുവരെ 80,000ത്തിലധികം നിര്‍ദ്ദേശങ്ങൾ സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്. പക്ഷെ, ആര്‍.എസ്.എസ് മുന്നോട്ടുവെക്കുന്ന ആശയങ്ങൾക്ക് തന്നെയായിരിക്കും നയത്തിൽ മുൻഗണന നൽകുക. നിലവിലെ പാഠ്യപദ്ധതി ഹൈന്ദവമൂല്യങ്ങൾക്ക് പ്രാധാന്യം നൽകുന്നില്ല അഭിപ്രായം ആർഎസ്.എസിനുണ്ട്. അക്കാര്യങ്ങൾക്ക് കൂടി പുതിയ നയത്തിന്‍റെ ഭാഗമാകാൻ സാധ്യതയുണ്ട്.