16 വര്‍ഷത്തിനുശേഷം ഇറോം ശര്‍മ്മിള നിരാഹാരം അവസാനിപ്പിക്കുന്നു

150

ഇംഫാല്‍: അസമിലെ പ്രത്യേക സൈനിക സായുധാധികാര നിയമം(അഫ്സപ)റദ്ദാക്കണമെന്നാവശ്യപ്പെട്ട് 16 വര്‍ഷമായി നിരാഹാരമിരിക്കുന്ന മണിപ്പൂരിന്റെ സമരനായിക ഇറോം ശര്‍മ്മിള നിരാഹാരം അവസാനിപ്പിക്കുന്നു. അടുത്ത മാസം ഒമ്പതിന് സമരം അവസാനിപ്പിക്കുമെന്ന് ഇറോം ശര്‍മ്മിള പറഞ്ഞു. മണിപ്പൂര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും ഇറോം ശര്‍മ്മിള വ്യക്തമാക്കി.
അഫ്സപയ്ക്കെതിരെ 16 വര്‍ഷമായി നിരാഹാരം നടത്തുകയായിരുന്ന ഇറോം ശര്‍മ്മിളയെ ആത്മഹത്യാ ശ്രമത്തിന്റെ പേരില്‍ പലവതവണ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 2000 നവംബറിലാണ് മണിപ്പൂരിന്റെ ഉരുക്കുവനിത എന്നറിയപ്പെടുന്ന ഇറോം ശര്‍മ്മിള നിരാഹാരം തുടങ്ങിയത്. ഇംഫാലിന് സമീപം മാലോമില്‍ ബസ് കാത്തു നില്‍ക്കുകയായിരുന്ന 10 പേരെ അസം റൈഫിള്‍സ് വെടിവെച്ചുകൊന്നിരുന്നു.
ഇതിനെത്തുടര്‍ന്നാണ് പ്രത്യേക സൈനിക സായുധാധികാര നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇറോം ശര്‍മ്മിള നിരാഹാരം തുടങ്ങിയത്. 16 വര്‍ഷമായി മൂക്കില്‍ ഘടിപ്പിച്ചിരിക്കുന്ന ട്യൂബിലൂടെയാണ് ഇറോം ശര്‍മ്മിളയ്ക്ക് ഭക്ഷണം നല്‍കുന്നത്. അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇറോം ശര്‍മ്മിള സന്ദര്‍ശിച്ചിരുന്നെങ്കിലും ഏതെങ്കിലും തരത്തിലുള്ള ഉറപ്പ് നല്‍കാന്‍ പ്രധാനമന്ത്രി തയാറായിരുന്നില്ല. എന്നാല്‍ ഇറോമിന്റെ സമരത്തിന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുകയും തൃണമൂല്‍ പ്രവര്‍ത്തകര്‍ ഇറോമിന്റെ സമരത്തിന് പിന്തുണയുമായി എത്തുകയും ചെയ്തിരുന്നു.
കോണ്‍ഗ്രസ് ഭരിക്കുന്ന മണിപ്പൂരില്‍ അടുത്തവര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇറോമിന്റെ നേതൃത്വത്തില്‍ മത്സരിക്കാന്‍ തൃണമൂല്‍ തയാറെടുക്കുന്നുവെന്ന് വാര്‍ത്തകളുണ്ടായിരുന്നു. രാഷ്ട്രീയ നിലപാട് ഇതുവരെ വ്യക്തമാക്കിയിട്ടില്ലെങ്കിലും തൃണമൂലിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത് ഗുണം ചെയ്യുമെന്നാണ് മമതയുടെ വിലയിരുത്തല്‍. ഈ സഹാചര്യത്തില്‍ കൂടിയാണ് ഇറോം ശര്‍മ്മിള നിരാഹാരം അവസാനിപ്പിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

NO COMMENTS

LEAVE A REPLY