സല്‍മാന്‍ തന്നെയാണ് മാനിനെ വെടിവച്ചതെന്ന് ദൃക്സാക്ഷി

198

ന്യൂ‍ല്‍ഹി: ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ തന്നെയാണ് ചിങ്കാര മാനിനെ വെടിവച്ചിട്ടതെന്ന വെളിപ്പെടുത്തലുമായി ദൃക്സാക്ഷി. കേസില്‍ പ്രോസിക്യൂഷന്റെ ഏക ദൃക്‌സാക്ഷിയായിരുന്ന ഡ്രൈവര്‍ ഹരീഷ് ദുലാനിയാണ് സല്‍മാന്‍ തന്നെയാണ് മാനുകളെ വെടിവച്ചതെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. മാന്‍ വേട്ടക്കേസില്‍ സല്‍മാനെ രാജസ്ഥാന്‍ ഹൈക്കോടതി കുറ്റവിമുക്തനാക്കിയതിനു പിന്നാലെയാണ് ദൃക്സാക്ഷിയുടെ ഒരു ചാനലിനു നല്‍കിയ അഭിമുഖത്തിലെ പുതിയ വെളിപ്പെടുത്തല്‍.
സല്‍മാനാണ് ചിങ്കാരയെ കൊന്നതെന്ന് ദുലാനി ആദ്യം മൊഴി നല്‍കിയിരുന്നു. തുടര്‍ന്ന് ഇയാളെ കാണാതായി. 2002 മുതലാണ് കാണാതായത്. ഇതു പ്രോസിക്യൂഷന്‍റെ വാദത്തെ ദുര്‍ബലമാക്കി. ദുലാനിയെ വിശ്വസിക്കാനാകില്ലെന്നും ക്രോസ് വിസ്താരത്തിനായി ഇയാളെ ഒരിക്കലും ലഭിച്ചിട്ടില്ലെന്നും സല്‍മാന്‍റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍ പതിനെട്ട് വര്‍ഷം മുമ്പ് ആദ്യം നല്‍കിയ മൊഴിയില്‍ താന്‍ ഉറച്ചുനില്‍ക്കുന്നുവെന്നാണ് ദുലാനി ഇപ്പോള്‍ പറയുന്നത്.
സല്‍മാന്‍ ഖാന്‍ ജിപ്‌സി ഓടിക്കുക മാത്രമല്ല, ചിങ്കാരയെ വെടിവച്ച് കൊന്ന് കഴുത്ത് അറുത്തുവെന്നാണ് ദുലാനി പറയുന്നത്. കുടുംബത്തിനു പൊലീസ് സുരക്ഷ നല്‍കിയിരുന്നെങ്കില്‍ തെളിവു നല്‍കുമായിരുന്നെന്നും ഭീഷണികളെ തുടര്‍ന്നാണ് ജോധ്പൂരില്‍ നിന്ന് താമസം മാറിയതെന്നും ദുലാനി പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.
കൃഷ്ണമൃഗത്തെയും ചിങ്കാര മാനിനെയും വേട്ടയാടിയതിനു രണ്ടു കേസുകളായിരുന്നു സല്‍മാനെതിരെ ഉണ്ടായിരുന്നത്. 1998ല്‍ രാജസ്ഥാനില്‍ ഉജിയാല ബക്കര്‍ പ്രദേശത്തു വച്ച് മാനിനെ വേട്ടയിറച്ചിക്കായി വെടിവച്ചു കൊന്നു എന്നായിരുന്നു ഒരു കേസ്. ഇതില്‍ അഞ്ചു വര്‍ഷം തടവും 25,000 രൂപ പിഴയുമായിരുന്നു ശിക്ഷ. രണ്ടു ദിവസങ്ങള്‍ക്കുശേഷം ഗോധ ഫാമില്‍വച്ച് ചിങ്കാരയെ വേട്ടയാടിയെന്നതാണ് മറ്റൊരു കേസ്. സൂരജ് ബര്‍ജാത്യയുടെ ‘ഹം സാത് സാത് ഹെ’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിലാണ് സംഭവങ്ങള്‍. ഈ കേസില്‍ ഒരു വര്‍ഷം തടവാണ് വിധിച്ചിരുന്നത്. ഈ രണ്ടു കേസുകളിലുമാണ് കഴിഞ്ഞ ദിവസം സല്‍മാനെ കോടതി കുറ്റവിമുക്തനാക്കിയത്.

NO COMMENTS

LEAVE A REPLY