ഒല്‍എക്സിലൂടെ തട്ടിപ്പ്, ലക്ഷങ്ങള്‍ തട്ടിയ ആള്‍ അറസ്റ്റില്‍

180

ഓണ്‍ലൈൻ ഇടനിലക്കാരായ ഒല്‍എക്സിലൂടെ ആപ്പിള്‍ ഐ ഫോണിന്റെ പരസ്യം കൊടുത്ത് ലക്ഷങ്ങള്‍ തട്ടിയ ആള്‍ അറസ്റ്റില്‍. എറണാകുളം ഫോര്‍ട്ടുകൊച്ചി സ്വദേശിയായ സാജനെയാണ് നോര്‍ത്ത് സിഐയുടെ നേതൃത്വത്തിലുളള സംഘം അറസ്റ്റ് ചെയ്‍തത് . ബംഗലൂരു കേന്ദ്രീകരിച്ചുളള തട്ടിപ്പില്‍ ഇരകളായവരില്‍ ഏറെയും ഐടി പ്രൊഫഷണലുകളാണ്.
എറണാകുളം ഫോര്‍ട്ടുകൊച്ചി സ്വദേശിയായ സാജൻ 2000മുതല്‍ ബംഗലൂരുവിലാണ് താമസം. കാക്കനാട് നിര്‍മ്മാണതൊഴിലാളിയായിരുന്ന സാജൻ നടത്തിയ തട്ടിപ്പിന്റെ വഴി ഇങ്ങനെ.
ഓണ്‍ലൈൻ ഇടനിലവെബ്സൈറ്റായ ഒല്‍എക്സില്‍ ആപ്പിള്‍ ഐഫോണിൻറെ നല്ല മോഹിപ്പിക്കുന്ന ചിത്രങ്ങള്‍ ഇടും. ഒപ്പം തന്നെ ബന്ധപ്പെടാനുളള നമപ്റും. മാര്‍ക്കറ്റില്‍ 50,000 മുതല്‍ 75000രൂപ വരെ വിലയുളള ഐഫോണുകള്‍ 12000മുതല്‍ 22000രൂപ വരെയുളള വിലയ്ക്ക് കിട്ടുമെന്നാണ് വാഗ്‍ദാനം. വിലയുടെ പകുതി മുൻകൂറായി കൊടുത്താൻ ഐഫോണ്‍ വീട്ടിലെത്തുമെന്ന ഉറപ്പും കൊടുക്കും .ഒപ്പം പണം അയക്കേണ്ട ബാങ്ക് അക്കൗണ്ട് നമ്പരും. ബംഗലൂരുവിലെ പല ഭാഗത്തുളള വ്യാജ മേല്‍വിലാസത്തിലുള്ള ബാങ്ക് അക്കൗണ്ടുകളാണ് തട്ടിപ്പിന് ഉപയോഗിക്കുക. കള്ളക്കടത്ത് വഴി ഒരുമിച്ച് ഇറക്കുമതി ചെയ്യുന്നതു കൊണ്ടാണ് ചെറിയ വിലയ്ക്ക് വില്‍ക്കാൻ കഴിയുന്നതെന്നും ഇടപാടുകാരെ പറഞ്ഞ് വിശ്വസിപ്പിക്കും. പറഞ്ഞ ദിവസം കഴിഞ്ഞിട്ടും ഫോണ്‍ കിട്ടിയില്ലെങ്കില്‍ ഇടപാടുകാര്‍ വിളി തുടങ്ങും. അപ്പോള്‍ ഡെലിവറി ബോയുടേതെന്ന പേരില്‍ മറ്റൊരു ഫോണ്‍ നമ്പര്‍ കൊടുക്കും. പിന്നീട് ഫോണ്‍ കൈമാറുന്നത് റയില്‍വെസ്റ്റേഷനിലോ ബസ് സ്റ്റാൻറിലോ വെച്ചായിരിക്കും .ബില്ലില്ലാത്തതിനാല്‍പൊലീസ് ശ്രദ്ധിക്കാനിടയുണ്ടെന്നും അതിനാല്‍ പാര്‍സല്‍ ഇവിടെ വെച്ച് തുറക്കേണ്ടെന്നും ഇടപാടുകാര്‍ക്ക് മുന്നറിയിപ്പ് നല്‍കും. വിശ്വാസം വരാത്ത ചിലര്‍പാര്‍സലിൻറെ വശം കീറി നോക്കുമ്പോള്‍ ഐഫോണിന്റെ കവര്‍ കാണും. പക്ഷെ വീട്ടിലെത്തി പൂര്‍ണമായും തുറന്നു നോക്കുമ്പോഴാണ് ചതി പറ്റിയത് അറിയുക .പൊതിക്കുള്ളിലുള്ളത് ഐഫോണിന് പകരം 2000രൂപ പോലും വിലയില്ലാത്ത ചൈനീസ് നിര്‍മ്മിത ഫോണായിരിക്കും. കൊല്ലം, ആലപ്പുഴ ,ഇടുക്കി, എറണാകുളം, തൃശൂര്‍,‍ മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ നിന്നായി ലക്ഷകണക്കിന് രൂപയാണ് പ്രതി തട്ടിയെടുത്തിട്ടുളളത്. ചതിക്കപ്പെട്ടവരില്‍ എംബിബിഎസ് എംബിഎ ബിടെക് വിദ്യാര്‍ത്ഥികളും ഐടി രംഗത്തുളളവരുമാണ് ഏറെയുളളത്. മലപ്പുറം സ്വദേശി സഹദിന്റെ പരാതിയിലാണ് എരണാകുളം സിഐയുടെ നേതൃത്വത്തിലുളള സംഘം പ്രതിയെ കുടുക്കിയത്.

ഇരിങ്ങാലക്കുട, തൃശൂര്‍, പുതുക്കാട്, മലപ്പുറം, ചങ്ങനാശ്ശേരി, പാലാരിവട്ടം പൊലീസ് സ്റ്റേഷനുകളിലും ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

NO COMMENTS

LEAVE A REPLY