എപിജെ അബ്ദുല്‍ കലാം വിടപറഞ്ഞിട്ട് ഇന്ന് ഒരു വര്‍ഷം തികയുന്നു

1458

ഇന്ന് ജൂലൈ 27. ഇന്ത്യയുടെ മിസൈല്‍മാനും മുന്‍ രാഷ്‌ട്രപതിയുമായ ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ ഒന്നാം ചരമ വാര്‍ഷികം രാജ്യം ആചരിക്കുകയാണ്.
സാങ്കേതിക മുന്നേറ്റത്തിലൂടെ രാഷ്‌ട്രത്തെ ശക്തമാക്കിയ മിസൈല്‍മാനായിരുന്നു അവുല്‍ പക്കീര്‍ ജൈനുലാബ്‍ദീന്‍ അബ്ദുള്‍ കലാം എന്ന എപിജെ അബ്ദുല്‍ കലാം‍. എക്കാലത്തെയും ജനകീയ രാഷ്‌ട്രപതിയായിരുന്ന അദ്ദേഹം 1931 ഒക്ടോബര്‍ 15ന് തമിഴ്നാട്ടിലെ രാമേശ്വരത്താണ് ജനിച്ചത്. സാമ്പത്തിക പരാധീനതകളെ തരണം ചെയ്ത് മദ്രാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്നും എയ്റോനോട്ടിക്കല്‍ എന്‍ജിനീയറിങില്‍ ബിരുദം നേടി. ഇന്ത്യന്‍ ബഹിരാകാശ പദ്ധതിയുടെ പിതാവായ വിക്രം സാരാഭായി വിഭാവനം ചെയ്ത ദശവത്സര പദ്ധതിയിലൂടെ തദ്ദേശീയമായി വികസിപ്പിച്ച സാങ്കേതിക മുന്നേറ്റവുമായി ഇന്ത്യന്‍ ബഹിരാകാശ സ്ഥാപനത്തെ മുന്‍നിരയിലെത്തിച്ചു. ലോകോത്തര നിലവാരമുള്ള ഹ്രസ്വ, ദീര്‍ഘദൂര മിസൈലുകള്‍ കൊണ്ട് മൂന്ന് സേനകളെയും ആധുനികവല്‍ക്കരിച്ചു.
അമേരിക്കന്‍ ചാര ഉപഗ്രഹങ്ങളെ വെട്ടിച്ച് പൊഖ്റാന്‍-2 അണു ബോംബ് പരീക്ഷണത്തിലൂടെ 1998 മേയില്‍ ഇന്ത്യയെ ആറാമത്തെ ആണവായുധ രാഷ്‌ട്രമാക്കാന്‍ നേതൃത്വം നല്‍കി. തന്റെ ജീവിതം രാഷ്‌ട്രത്തിനായി സമര്‍പ്പിച്ച ബ്രഹ്മചാരിയെ രാജ്യം ക്രമേണ പത്മഭൂഷനും, പത്മവിഭൂഷനും, പരമോന്നത ബഹുമതിയായ ഭാരതരത്നയും നല്‍കി ആദരിച്ചു. ഒടുവില്‍ പ്രഥമ പൗരനായി രാഷ്‌ട്രപതി ഭവനിലേക്ക്. സംസ്ഥാന ഗവര്‍ണ്ണര്‍മാരുമായും പാര്‍ലമെന്റേറിയന്‍മാരുമായും ബ്രേക്ക്ഫാസ്റ്റ് മീറ്റിങ്ങുകളിലൂടെ ഓരോ സംസ്ഥാനങ്ങളുടെയും പ്രശ്നങ്ങളും സാധ്യതകളും പഠിച്ചു.
2020ഓടെ ഇന്ത്യയെ ഒരു സമ്പൂര്‍ണ്ണ വികസിത രാഷ്‌ട്രമാക്കാന്‍ 500ലധികം വിദഗ്ധരുടെ സഹായത്തോടെ വിഷന്‍ 2020 തയ്യാറാക്കി. കേരളത്തിലുള്‍പ്പെടെ 12 സംസ്ഥാന നിയമ സഭകളിലും പത്തിന കര്‍മ്മപദ്ധതി അവതരിപ്പിച്ചു. രാഷ്‌ട്രപതിഭവന്റെ പടിയിറങ്ങിയതിനു ശേഷവും അവസാന നിമിഷം വരെ തന്നിലെ ജ്വാല ഭാവിതലമുറയ്‌ക്കു പകര്‍ന്നു നല്‍കിയാണ് കലാം കാലയവനികയ്‌ക്കുള്ളില്‍ മറഞ്ഞത്.

NO COMMENTS

LEAVE A REPLY