മാണിയുമായി ഇനി ചര്‍ച്ചയില്ലെന്ന് കോണ്‍ഗ്രസ്

169

കോട്ടയം: കെ എം മാണിയുമായി ഇനി ചർച്ചയില്ലെന്ന നിലപാടിലാണ് കോൺഗ്രസ്. ചരൽക്കുന്ന് തീരുമാനമറിഞ്ഞശേഷം കോൺഗ്രസ് ഔദ്യോഗിക നിലപാട് വ്യക്തമാക്കും. മാണി ഇന്നും വിമർശനം കടുപ്പിച്ചാൽ തിരിച്ചടിക്കാനാണ് കോൺഗ്രസ് നീക്കം.
ബന്ധം മുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം വന്നില്ലെങ്കിലും മാണിയിൽ കോൺഗ്രസ്സിന് കാര്യമായ പ്രതീക്ഷയില്ല. മാണിയുടെ കടന്നാക്രമണത്തിൽ നേതാക്കൾക്ക് കടുത്ത അമർഷവുമുണ്ട്. ചർച്ചക്കുള്ള വാതിൽ മാണി തന്നെ കൊട്ടിയടച്ചെന്നാണ് വിലയിരുത്തൽ. ഇനി അങ്ങോട്ട് പോയി ആരും കാലുപിടിക്കേണ്ടെന്നാണ് നേതാക്കളുടെ നിലപാട്.
നിയമസഭയിൽ പ്രത്യേക ബ്ലോക്കും തദ്ദേശ സ്ഥാപനങ്ങളിൽ സഖ്യവുമെന്ന മാണി നീക്കത്തിന്‍റെ ഭാവി കോൺഗ്രസ് പ്രതികരണങ്ങളെ ആശ്രയിച്ചിരിക്കും. മാണിയെ കാത്തിരിക്കാം, അങ്ങോട്ട് കയറി പ്രകോപിപ്പിക്കേണ്ടെന്ന് ഒരു വിഭാഗം നേതാക്കൾക്ക് അഭിപ്രായമുണ്ട്. എന്നാൽ ഇന്നും മാണി വിമർശനം തുടർന്നാൽ മുതിർന്ന നേതാക്കളടക്കം മറുപടിയുമായി രംഗത്തിറങ്ങും.
പുറത്ത് ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോഴും കോൺഗ്രസ് ക്യാമ്പിലും ആശങ്കയുണ്ട്. സഭയിൽ കരുത്ത് ചോരുന്നത് എതിരാളികൾ മുതലാക്കുമോ എന്ന പേടിയുണ്ട് നേതൃത്വത്തിന്. മാണിയുടെ സമദൂരം പുന:സംഘടനക്കൊരുങ്ങുന്ന കോൺഗ്രസ്സിലെ ഗ്രൂപ്പ് പോരിനും കൂടുതൽ ഊർജ്ജം പകരും.
മുന്നണിതകർച്ചയുടെ ഉത്തരവാദിത്വം രമേശ് ചെന്നിത്തലയില്‍ ചാർത്താനുള്ള നീക്കങ്ങള്‍ എ ഗ്രൂപ്പ് നടത്തുന്നതായി സൂചനകളുണ്ട്. വരുംദിവസങ്ങളില്‍ മുസ്ലീം ലീഗും അസംതൃപ്തരായ ജെഡിയുവും ആർഎസ്‍പിയും മുന്നണി നേതൃത്വത്തിനെതിരായ നിലപാടുകൾക്ക് മൂർച്ച കൂട്ടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

NO COMMENTS

LEAVE A REPLY