ചികിത്സ സ്വീകരിച്ച കുട്ടി മരിച്ചതിനെച്ചൊല്ലി നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ സംഘര്‍ഷം. കഴിഞ്ഞ ദിവസം ആശുപത്രിയില്‍ നിന്ന് നല്‍കിയ മരുന്ന് കഴിച്ച കുട്ടി കുഴഞ്ഞ് വീണ് മരിച്ചെന്നാണ് ബന്ധുക്കളുടെ പരാതി. എന്നാല്‍ ചികില്‍സാ പിഴവുണ്ടായിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ പ്രതികരിച്ചു. കൂടുതല്‍ അന്വേഷണം നടത്തുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസറും അറിയിച്ചു.
തിങ്കളാഴ്ചയാണ് പേരുമല സ്വദേശി സജീവിന്റെ മകന്‍ നാലു വയസുള്ള ശിവാനന്ദിനെ ജില്ലാ ആശുപത്രിയില്‍ ചികിത്സക്ക് കൊണ്ടുവന്നത്. പനിയും മൂക്കടപ്പുമായിരുന്നു അസുഖം. രക്ത പരിശോധന അടക്കം നടത്തി മരുന്ന് നല്‍കി കുട്ടിയെ വീട്ടിലേക്ക് വിട്ടു. രാത്രിയിലും രാവിലെയും മരുന്ന് നല്‍കി. എന്നാല്‍ രാവിലെ മരുന്ന് കഴിച്ചയുടന്‍ കുട്ടി കുഴഞ്ഞുവീണെന്ന് ബന്ധുക്കള്‍ പറയുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. എന്നാല്‍ കൃത്യമായ ചികില്‍സയാണ് നല്‍കിയതെന്നും മറ്റെന്തെങ്കിലും കാരണം കൊണ്ടാകാം മരണം സംഭവിച്ചതെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. കുട്ടിയുടെ മരണത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ സംഘര്‍ഷാവസ്ഥ ഉണ്ടായതോടെ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഉറപ്പു നല്‍കി. ബന്ധുക്കളുടെ പരാതിയില്‍ പൊലീസും കേസെടുത്തിട്ടുണ്ട്