തിരുവനന്തപുരം കോര്‍പറേഷനില്‍ നാളെ ഉപതെരഞ്ഞടുപ്പ്

193

തിരുവനന്തപുരം കോര്‍പ്പറേഷനിലെ പാപ്പനംകോട് വാര്‍ഡില്‍ നാളെ ഉപതെരഞ്ഞെടുപ്പ് നടക്കും. സീറ്റ് നിലനിര്‍ത്താന്‍ ബിജെപിയും തിരിച്ചുപിടിക്കാന്‍ എല്‍ഡിഎഫും കടുത്ത മത്സരവുമായി രംഗത്തുണ്ട്. യുഡിഎഫും ശക്തമായ സാന്നിധ്യമാണ്.
വാര്‍ഡ് ഉപതെരഞ്ഞെടുപ്പാണെങ്കിലും, നിയമസഭാ തെരഞ്ഞെടുപ്പിന്റെ വീറും വാശിയും ആവേശവുമാണ് പാപ്പനംകോടിപ്പോള്‍. വര്‍ഷങ്ങളായുള്ള ഇടത് കുത്തക തകര്‍ത്ത വാ‍ര്‍ഡ് നിലനിര്‍ത്താനാണ് ബിജെപിയുടെ ശ്രമം. അന്തരിച്ച കൗണ്‍സിലര്‍ കെ ചന്ദ്രന്റെ സഹോദരീപുത്രി ആശാ നാഥിനെ തന്നെ ബിജെപി രംഗത്തിറക്കിയത് ഇത് മുന്നില്‍ക്കണ്ടാണ്. എന്നാല്‍ 2015ലെ തിരിച്ചടിക്ക് പകരംവീട്ടാന്‍ വന്‍ പ്രചാരണവുമായി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ മോഹനനും രംഗത്തുണ്ട്. കോര്‍പ്പറേഷനില്‍ നില മെച്ചപ്പെടുത്താന്‍ യു‍ഡിഎഫിന്റെ യുവ സ്ഥാനാര്‍ത്ഥി അരുണ്‍ വിഷ്ണുവും രംഗത്തുണ്ടെങ്കിലും, പോരാട്ടം ഇടതും ബിജെപിയും തമ്മിലാണ്.
വാര്‍ഡിലെ ആകെ വോട്ടര്‍മാര്‍ 8696 പേരാണ്. മുന്‍ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ഭൂരിപക്ഷം 505 വോട്ടായിരുന്നു. അതുകൊണ്ടുതന്നെ മണ്ഡലം ഒപ്പം നില്‍ക്കുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. നേരിയ ഭൂരിപക്ഷത്തില്‍ കോര്‍പ്പറേഷന്‍ ഭരിക്കുന്ന എല്‍ഡിഎഫിന്, വിജയം കൂടിയേ തീരൂ. കൗണ്‍സില്‍ യോഗങ്ങളില്‍ യുഡിഎഫും ബിജെപിയും ഒറ്റക്കെട്ടായിരുന്നതും എല്‍ഡിഎഫിന്റെ ചങ്കിടിപ്പ് കൂട്ടുന്നുണ്ട്. ഇതിന് മുമ്പ് നടന്ന വാഴോട്ടുകോണം ഉപതെരഞ്ഞെടുപ്പില്‍ ജയം ആവര്‍ത്തിച്ചത് ഇടതുപക്ഷത്തിന് ആശ്വാസത്തിന് വകനല്‍കുന്നതാണ്. നാളെ രാവിലെ ഏഴ് മുതല്‍ വൈകീട്ട് 5 മണിവരെയാണ് വോട്ടെടുപ്പ്. വെള്ളിയാഴ്ച ഫലം പ്രഖ്യാപിക്കും.

NO COMMENTS

LEAVE A REPLY