ഇന്ത്യന്‍ പാര്‍ലമെന്റിനുള്ള സൈനിക ടാങ്കുകളും മിസൈല്‍ ലോഞ്ചറും

167

ദില്ലി: ഇന്ത്യന്‍ പാര്‍ലമെന്റിലേക്ക് സൈനിക ടാങ്കുകള്‍ കടന്നു വന്നതില്‍ കടുത്ത ജനാധിപത്യ വാദികള്‍ക്ക് അതൃപ്തി. സൈനിക സാങ്കേതിക വിദ്യയില്‍ ഇന്ത്യ കൈവരിച്ച നേട്ടങ്ങള്‍ എംപിമാരെ ബോധ്യപ്പെടുത്താനാണ് യുദ്ധടാങ്ക് ഉള്‍പ്പടെ സൈനിക സാമഗ്രികളുടെ പ്രദര്‍ശനം പാര്‍ലമെന്റില്‍ നടക്കുന്നത്.
ജനാധിപത്യരാജ്യങ്ങളിലെ പട്ടാള അട്ടിമറിയുടെ ഒരുപാട് രംഗങ്ങള്‍ ചരിത്രം കണ്ടിട്ടുണ്ട്. പാര്‍ലമെന്റും മാധ്യമസ്ഥാപനങ്ങളുമാകും അത്തരം വേളകളില്‍ ആദ്യം പിടിച്ചെടുക്കുക. ഇന്ത്യന്‍ പാര്‍ലമെന്റിനുള്ള സൈനിക ടാങ്കുകളും മിസൈല്‍ ലോഞ്ചറും പ്രവേശിച്ചപ്പോള്‍ അതിനാല്‍ ആദ്യം ചില എംപിമാരും അതിശയിച്ചു. ചിലര്‍ എത്തി പരിശോധിച്ചു. വെടിക്കോപ്പുകള്‍ ഒന്നും ഇല്ല എന്ന് ബോധ്യപ്പെട്ടു. പാര്‍ലമെന്റ് മന്ദിരത്തിലേക്ക് മന്ത്രിമാരും മറ്റും കയറുന്ന നാലാം നമ്പര്‍ ഗേറ്റിനും പ്രധാനമന്തിയുടെ ഓഫീസിനും തൊട്ടടുത്താണ് അര്‍ജുന്‍ യുദ്ധടാങ്ക് ഉള്‍പ്പടെയുള്ള സൈനിക വാഹനങ്ങള്‍ അണിനിരന്നിരിക്കുന്നത്.
ഒപ്പം 280 കിലോമീറ്റര്‍ ദൂരപരിധിയുള്ള ബ്രഹ്മോസ് മിസൈല്‍ തൊടുക്കാവുന്ന ലോഞ്ചറുകളും മള്‍ട്ടിബാരല്‍ റോക്കറ്റ് ലോഞ്ചറുകളും. ഡി ആര്‍ ഡി ഒ കൈവരിച്ച നേട്ടങ്ങള്‍ വിവരിക്കാനുള്ള പ്രദര്‍ശനത്തിന്റെ ഭാഗമായാണ് ഇവ പാര്‍ലമെന്റിനുള്ളില്‍ എത്തിയത്. ഇന്ത്യയില്‍ നമ്മുടെ സൈന്യം ജനാധിപത്യത്തിന്റെ തന്നെ ഭാഗമാണെങ്കിലും ആദ്യമായി യുദ്ധ ടാങ്കുകള്‍ അകത്തു കടന്നത് ചിലര്‍ക്ക് സ്വീകാര്യമല്ല. അ‍ര്‍ജുന്‍ ടാങ്കിന്റെ മുകളില്‍ കയറി പരിശോധിക്കാനാണ് എംപിമാര്‍ കൂടുതല്‍ താല്‍പര്യം കാട്ടുന്നത്. സ്‌പീക്കര്‍ സുമിത്രാ മഹാജനാണ് മൂന്നു ദിവസത്തെ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തത്.

NO COMMENTS

LEAVE A REPLY