നിയോ ക്രാഡിൽ നവജാതശിശു പരിചരണത്തിൽ പുതിയ ചുവടുവയ്പ്പ്

13

നവജാത ശിശു പരിചരണ രംഗത്തെ പ്രധാന ചുവടുവയ്പ്പാണ് നിയോ ക്രാഡിൽ പദ്ധതിയെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സംസ്ഥാനത്ത് ആദ്യമായി കോഴിക്കോട് ജില്ലയിൽ സജ്ജമായ സമഗ്ര നവജാതശിശു പരിചരണ പദ്ധതിയാണ് നിയോ ക്രാഡിൽ. വളരെ ശക്തമായ പ്രവർത്തനങ്ങളി ലൂടെ നവജാത ശിശുക്കൾക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുകയാണ് ലക്ഷ്യം.

സംസ്ഥാന ആരോഗ്യ വകുപ്പും ജില്ലാ ഭരണകൂടവും ചേർന്നുള്ള പദ്ധതി മറ്റ് ജില്ലകൾക്കും മാതൃക യാക്കാവുന്നതാണെന്നും മന്ത്രി വ്യക്തമാക്കി. നിയോ ക്രാഡിൽ പദ്ധതിയുടെ ഉദ്ഘാടനം ഓൺലൈൻ വഴി നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

കുഞ്ഞുങ്ങൾക്കുണ്ടാകുന്ന സങ്കീർണമായ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിന് ഏറ്റവും ഫലപ്രദമായി വിദഗ്ധ ചികിത്സ ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. നവജാത ശിശുക്കൾക്ക് ഉണ്ടാകുന്ന സങ്കീർണങ്ങളായ ശരീരോഷ്മാവ് കുറയുന്ന അവസ്ഥ, രക്തത്തിലെ ഗ്ലൂക്കോസ് കുറയുന്ന അവസ്ഥ, ഓക്സിജൻ കുറയുന്ന അവസ്ഥ എന്നിവയെ കൃത്യസമയത്ത് ഇടപ്പെട്ട് വിദഗ്ധ ചികിത്സ നൽകുന്നതാണ് നിയോ ക്രാഡിൽ പദ്ധതി. 1000 കുഞ്ഞുങ്ങൾ ജനിക്കുമ്പോൾ അഞ്ച് ശിശുമരണം മാത്രമാണ് സംസ്ഥാനത്ത് സംഭവിക്കുന്നത്. അത് വികസിത രാജ്യങ്ങൾക്ക് ഒപ്പമാണ്.

നവജാത ശിശുമരണം വീണ്ടും കുറച്ച് കൊണ്ട് വരുന്നതിന് പദ്ധതി ഏറെ സഹായിക്കും. ആശുപത്രികൾ ശിശു സൗഹൃദമായി നടപ്പിലാക്കുന്നതിന് ഫലപ്രദമായ ഇടപെടലുകളാണ് സർക്കാർ നടത്തുന്നത്. ഒരുമിച്ചുള്ള പ്രവർത്തനത്തിലൂടെ മാതൃശിശു സൗഹൃദമായി മാറ്റാനുള്ള പരിശ്രമത്തിലാണ് സർക്കാർ. സർക്കാർ, സ്വകാര്യ ആശുപത്രികൾ മാതൃശിശു സൗഹൃദം ആക്കുന്നതോടൊപ്പം പൊതുയിടങ്ങളും മാതൃശിശു സൗഹൃദമാക്കാൻ കർമ്മ പദ്ധതി ആവിഷ്‌ക്കരിച്ചിട്ടുണ്ട്.

കോഴിക്കോട് മെഡിക്കൽ കോളേജ് മാതൃകാ മെഡിക്കൽ കോളേജാക്കി മാറ്റാൻ ശ്രമിക്കും. എയിംസ് കിനാലൂരിൽ യാഥാർത്ഥ്യമാക്കാനാണ് പരിശ്രമിക്കുന്നത്. എയിംസ് തുടങ്ങാൻ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്. കേന്ദ്ര സർക്കാർ അനുകൂല നിലപാട് സ്വീകരിക്കുമെന്നാണ് കരുതുന്നത്. ജീവിതശൈലീ രോഗങ്ങൾ കുറച്ച് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ 140 നിയോജക മണ്ഡലങ്ങളിലും ജീവിതശൈലീ രോഗ നിർണയ കാമ്പയിൻ ആരംഭിക്കും. കാൻസർ ഡേറ്റ രജിസ്ട്രി തയ്യാറാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് മുഖ്യാതിഥി ആയ ചടങ്ങിൽ തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ചു. നിയോ ക്രാഡിൽ ലോഗോ പ്രകാശനം എംകെ രാഘവൻ എംപി നിർവഹിച്ചു.

നിയോ ക്രാഡിൽ വെബ്സൈറ്റ് പ്രകാശനം കോഴിക്കോട് മേയർ ഡോ ബീന ഫിലിപ്പ് നിർവഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ ഖോബ്രഗഡെ, എൻഎച്ച്എം സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ. രത്തൻ ഖേൽക്കർ, ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. വി.ആർ. രാജു, ജില്ലാ കലക്ടർ ഡോ. നരസിംഹുഗരി ടിഎൽ റെഡ്ഡി, കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ വിആർ രാജേന്ദ്രൻ, ഡി.എം.ഒ. ഉമ്മർ ഫറൂക്ക്, ഡിപിഎം ഡോ നവീൻ എന്നിവർ പങ്കെടുത്തു.

NO COMMENTS