നവോദയ വിദ്യാലയത്തില്‍ നിന്ന് ഉത്തര്‍പ്രദേശിലെ ബലിയ നവോദയയിലേക്കു മാറ്റപ്പെട്ട 20 വിദ്യാര്‍ഥികളും നാട്ടില്‍ തിരിച്ചെത്തി

207

കാക്കനാട്: നേര്യമംഗലം ജവഹര്‍ നവോദയ വിദ്യാലയത്തില്‍ നിന്ന് ഉത്തര്‍പ്രദേശിലെ ബലിയ നവോദയയിലേക്കു മാറ്റപ്പെട്ട 20 വിദ്യാര്‍ഥികളും ദുരിതനാളുകള്‍ താണ്ടി നാട്ടില്‍ തിരിച്ചെത്തി. ബലിയയിലും മാവോനാഥ് ബഞ്ചിലുമായി ഒന്നര മാസത്തോളമാണ് കുട്ടികള്‍ കഷ്ടപ്പാടനുഭവിച്ചത്. ഗംഗയിലെ വെള്ളപ്പൊക്കത്തില്‍ തുടങ്ങിയ ബുദ്ധിമുട്ട് അധികൃതരുടെ അവഗണനയോടെ കൂടുതല്‍ രൂക്ഷമാകുകയായിരുന്നു.
ഇന്നലെ ഉച്ചയ്ക്ക് എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലെത്തിയ രപ്തി സാഗര്‍ എക്സ്പ്രസിലാണു കുട്ടികളെത്തിയത്. കാത്തുനില്‍ക്കുകയായിരുന്ന രക്ഷിതാക്കള്‍ ഇവരെ ചേര്‍ത്തുപിടിച്ച്‌ വിങ്ങിപ്പൊട്ടി. കലക്ടറെ പ്രതിനിധീകരിച്ച്‌ ജില്ലാ ഭരണകൂടത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥരും മന്ത്രി എ.കെ.ബാലന്‍റെ നിര്‍ദേശപ്രകാരം പട്ടികജാതി വകുപ്പ് ഉദ്യോഗസ്ഥരും കുട്ടികളെ സ്വീകരിക്കാന്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയിരുന്നു. നേര്യമംഗലം നവോദയ സ്കൂളിലെത്തി ജില്ലാ കലക്ടര്‍ കുട്ടികളെ കാണും. ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥികളാണ് എല്ലാവരും. 12 ആണ്‍കുട്ടികളും എട്ടു പെണ്‍കുട്ടികളുമുണ്ട്. ഇവര്‍ക്കു നേര്യമംഗലം നവോദയയില്‍ തുടര്‍പഠനത്തിനു സൗകര്യമൊരുക്കണമെന്ന രക്ഷിതാക്കളുടെ ആവശ്യത്തില്‍ ജില്ലാ ഭരണകൂടം അന്തിമ തീരുമാനമെടുക്കും. ജില്ലാ ഭരണകൂടം മുന്‍കൈയെടുത്താണ് ബലിയയില്‍ നിന്നും കുട്ടികളെ നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിച്ചത്. വിദ്യാര്‍ഥികളെ ജില്ലാ ഭരണകൂടം ഏര്‍പ്പാടാക്കിയ പ്രത്യേക ബസില്‍ നേര്യമംഗലം നവോദയ വിദ്യാലയത്തിലേക്കു കൊണ്ടുപോയി. കുട്ടികളെ നാട്ടിലെത്തിക്കുന്ന വിവരം നേര്യമംഗലം നവോദയ വിദ്യാലയത്തില്‍ നിന്നു രക്ഷിതാക്കളില്‍ ഒരാളേയും അറിയിച്ചില്ലെന്ന് ആക്ഷേപമുണ്ട്. ഗംഗ കരകവിഞ്ഞുണ്ടായ വെള്ളപ്പൊക്കത്തില്‍ ഈ കുട്ടികള്‍ ദുരിതത്തിലായ വിവരം ജവഹര്‍ നവോദയ അധികൃതര്‍ രഹസ്യമാക്കിവച്ചു. കുട്ടികള്‍ ദുരിതത്തിലാണെന്ന വിവരം ജില്ലാ ഭരണകൂടത്തെ അറിയിക്കാന്‍ വൈകിയതാണ് വിഷയം കൂടുതല്‍ വഷളാക്കിയത്. നേര്യമംഗലത്തുനിന്നുള്ള കുട്ടികള്‍ ബലിയയില്‍ ദുരിതമനുഭവിക്കുന്ന വിവരം മംഗളമാണ് മന്ത്രി എ.കെ. ബാലന്‍റെ ശ്രദ്ധയില്‍ കൊണ്ടുവന്നത്. തുടര്‍ന്ന്, കുട്ടികളെ അടിയന്തരമായി നാട്ടിലെത്തിക്കാന്‍ മന്ത്രി ജില്ലാ കലക്ടര്‍ കെ. മുഹമ്മദ് വൈ. സഫിറുള്ളയ്ക്കു നിര്‍ദേശം നല്‍കുകയായിരുന്നു.

NO COMMENTS

LEAVE A REPLY