ആം ആദ്മി പാർട്ടിയിൽ ചേരുന്നതിനായി നവ്ജോത് സിങ് സിദ്ദു നിബന്ധന വച്ചിട്ടില്ല അരവിന്ദ് കേജ്‌രിവാൾ

225

ന്യൂഡൽഹി∙ ആം ആദ്മി പാർട്ടിയിൽ (എഎപി) ചേരുന്നതിനായി മുൻ രാജ്യസഭാ എംപിയും ക്രിക്കറ്റ് താരവുമായ നവ്ജോത് സിങ് സിദ്ദു യാതൊരു നിബന്ധനകളും വച്ചിട്ടില്ലെന്നു ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. സിദ്ദു എഎപിയിൽ ചേരുന്നതു സംബന്ധിച്ചു നിരവധി അപവാദ പ്രചരണങ്ങളാണു നിലനിൽക്കുന്നത്. അതു സംബന്ധിച്ചു കൃത്യമായ വിവരം നൽകേണ്ടത് തന്റെ കടമയാണെന്നും കേജ്‌രിവാൾ പറഞ്ഞു.

കഴിഞ്ഞ ആഴ്ചയിൽ സിദ്ദു തന്നെ വന്നു കണ്ടിരുന്നു. അദ്ദേഹം ഒരു നിബന്ധനകളും മുന്നോട്ടുവച്ചിട്ടില്ല. ആലോചിക്കാൻ കൂടുതൽ സമയം വേണമെന്നാണു ആവശ്യപ്പെട്ടിരിക്കുന്നത്. ആ തീരുമാനത്തെ ബഹുമാനിക്കുന്നു. അദ്ദേഹം ഒരു നല്ല മനുഷ്യനും ക്രിക്കറ്റിലെ ഇതിഹാസവുമാണ്. സിദ്ദു എഎപിയിൽ ചേർന്നാലും ഇല്ലെങ്കിലും അദ്ദേഹത്തോടുള്ള ബഹുമാനം എന്നുമുണ്ടാകുമെന്നും കേജ്‍രിവാൾ പറഞ്ഞു.

എഎപിയിലേക്കുള്ള സിദ്ദുവിന്റെ സാധ്യതകൾ മങ്ങുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നതിനെ തുടർന്നാണു നിലപാടു വ്യക്തമാക്കി കേജ്‌രിവാൾ തന്നെ രംഗത്തെത്തിയത്. മുഖ്യമന്ത്രി സ്ഥാനാർഥിയാക്കണമെന്നും ഭാര്യയും ബിജെപി എംഎൽഎയുമായ നവജ്യോത് കൗർ സിദ്ദുവിനു പാർട്ടി ടിക്കറ്റ് നൽകണമെന്നും സിദ്ദു ആവശ്യപ്പെട്ടതായായിരുന്നു റിപ്പോർട്ടുകൾ. ജൂലൈയിലാണ് സിദ്ദു ബിജെപിയുടെ രാജ്യസഭാംഗത്വം രാജിവച്ചത്. എഎപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പഞ്ചാബിൽ മൽസരിക്കുമെന്ന വാർത്തകളും പുറത്തുവന്നിരുന്നു.

നേരത്തേ, സ്വാതന്ത്ര്യദിനത്തിൽ സിദ്ദു എഎപിയിൽ ചേർന്നേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. സിദ്ദുവും പാർട്ടി നേതാക്കളുമായി കഴിഞ്ഞയാഴ്ച യാതൊരു ചർച്ചയും നടത്തിയിരുന്നില്ലെന്നും എഎപി വൃത്തങ്ങൾ അറിയിച്ചു.

സിദ്ദു മൽസരിച്ചുവന്നിരുന്ന അമൃത്സർ ലോക്സഭാ സീറ്റ് ഇത്തവണത്തെ പൊതുതിരഞ്ഞെടുപ്പിൽ അരുൺ ജയ്റ്റ്ലിക്കുവേണ്ടി ഒഴിഞ്ഞുകൊടുക്കേണ്ടി വന്നതുമുതൽ സിദ്ദുവും ബിജെപിയുമായി സ്വരച്ചേർച്ചയുണ്ടായിരുന്നില്ല. ഇടഞ്ഞുനിന്ന സിദ്ദുവിനെ അനുനയിപ്പിക്കാനാണ് ബിജെപി രാജ്യസഭാംഗത്വം നൽകിയത്.

NO COMMENTS

LEAVE A REPLY