ജലസംരക്ഷണത്തിന്റെ ആശയസംഗമമായി ദേശീയ ജലസംഗമം.

99

ഹരിതകേരളം മിഷൻ സംസ്ഥാനത്ത് നടത്തിയ പുഴ പുനരുജ്ജീവന പ്രവർത്തനങ്ങളെ ആധാരമാക്കി തിരുവനന്തപുരത്ത് ടാഗോർ തിയറ്ററിൽ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി സംഘടിപ്പിച്ച ജലസംഗമത്തിൽ ഉരുത്തിരിഞ്ഞത് ജലസംരക്ഷണത്തിനായുള്ള നിരവധി ആശയങ്ങൾ. നൂറുകണക്കിന് വിജയഗാഥകളുടെ അനുഭവസാക്ഷ്യങ്ങൾ പങ്കുവെക്കാനാണ് ഓരോ തദ്ദേശസ്ഥാപനവും വിവിധ വകുപ്പുകളും എത്തിയത്. പറഞ്ഞതിനും അവതരിപ്പിച്ചതിനുമപ്പുറം ഇനിയും നൂതനമായ പ്രായോഗികവിജയങ്ങളുണ്ടെന്ന തിരിച്ചറിവുമായാണ് സംഗമത്തിനെത്തിയ പ്രതിനിധികൾ മടങ്ങിയത്.

മൂന്നു സെഷനുകളിലായി നടന്ന സാർഥകമായ ചർച്ചകളിൽ നദീപുനരുജ്ജീവനവും പ്രാദേശിക ജലസ്രോതസ്സുകളും നഗര നീർചാലുകളുടെ ശൃംഖലയും എല്ലാം വിഷയമായി. ചർച്ചയ്ക്ക് ശേഷം അവയെപ്പറ്റി അഭിപ്രായങ്ങളും മറ്റു സംസ്ഥാനങ്ങളിലെ ശ്രദ്ധേയ മാതൃകകളും വിദഗ്ധരുടെ പ്രതിനിധികളുമായി പങ്കുവെച്ചു.
കഴിഞ്ഞദിവസത്തെ ചർച്ചകൾ ക്രോഡീകരിച്ച് അവയുടെ തുടർസാധ്യതകൾ മന്ത്രിമാരുടെ മുന്നിൽ അവതരിപ്പിച്ചശേഷമാണ് സംഗമം സമാപിച്ചത്. ഒട്ടേറെ ക്രിയാത്മകവും ശാസ്ത്രീയവുമായ നിർദേശങ്ങളാണ് ഉയർന്നുവന്നത്.

ജനകീയ കൂട്ടായ്മയിലൂടെ വീണ്ടെടുത്ത ജലസ്രോതസ്സുകൾ സംരക്ഷിക്കപ്പെടണമെങ്കിൽ അവയുടെ ഉടമസ്ഥതതയും ഉത്തരവാദിത്വവും ആ കൂട്ടായ്മകളെ തന്നെ ഏൽപിക്കണം. ഒഴുകിപ്പോകുന്ന ഉപരിതലജലത്തെ പരമാവധി സംരക്ഷിച്ച് നിർത്തണം. നദികളിലെ മാലിന്യനിർമ്മാർജനത്തിനു മുൻപ് അതിന്റെ കൈവഴികളിൽ പുനരുജ്ജീവിപ്പിക്കണം. നദികളുടെ കൈവഴികൾ പരിഗണിച്ചാകണം പുനരുജ്ജീവന പ്രവർത്തനങ്ങൾ ആരംഭിക്കേണ്ടത്. ചെറുപുഴകളുടേയും വൃഷ്ടി പ്രദേശം മാലിന്യമുക്തമാക്കുന്നത് പ്രാരംഭ ഘട്ടത്തിൽ തന്നെ ചെയ്യണം.

മാലിന്യവും ചെളിയും മാറ്റിയാൽ മാത്രം പോരാ ജലസംരക്ഷണത്തിൽ ജനങ്ങളെ പരമാവധി ബോധവൽക്കരിക്കണം. നദീ തീരത്ത് അധിവസിക്കുന്നവർ ഉൾപ്പെട്ട പുഴ സംരക്ഷണ ഗ്രൂപ്പുകൾ ഉണ്ടാക്കണം. സർക്കാർ തലത്തിലെ ബന്ധപ്പെട്ട വകുപ്പുകളെ ഏകോപിപ്പിച്ച് മാസ്റ്റർപ്ലാൻ ആവിഷ്‌കരിക്കണം. പുഴയോരത്തെ കൈയേറ്റം, മാലിന്യനിക്ഷേപം എന്നിവയ്ക്കെതിരായ നിയമങ്ങൾ ഫലപ്രദമായി നടപ്പാക്കണം.

സ്ഥിരമായി നിരീക്ഷണ സംവിധാനവും ആവശ്യമാണ്. കൃത്യമായി മഴ ലഭിച്ചാൽ പോലും വെള്ളത്തിന് ദൗർലഭ്യം നേരിടുന്നുണ്ട്. ഒഴുകിപ്പോകുന്ന ജലത്തെ ഭൂമിക്കടിയിൽ തങ്ങിനിർത്താൻ ഓരോവീട്ടിലും മഴക്കുഴികൾ, കിണർ റീച്ചാർജിംഗ് എന്നിവ ഉറപ്പു വരുത്തണം. നദിക്കു കുറുകെയുള്ള പാലങ്ങളിൽ നിന്നും മാലിന്യം വലിച്ചെറിയുന്നത് തടയാൻ സംവിധാനം ഏർപ്പെടുത്തണം. നദിയിൽ തന്നെ സാധ്യമായ സ്ഥലങ്ങളിലെല്ലാം റഗുലേറ്റർ സ്ഥാപിക്കണം. ഇതിലൂടെ വേനൽക്കാലത്തെ നീരൊഴുക്ക് നിയന്ത്രിച്ച് നദികളിൽ തന്നെ വെള്ളം ശേഖരിക്കാനാകും. ഉപ്പ് വെള്ളം കയറാതിരിക്കാൻ താല്കാലിക ബണ്ട് നിർമ്മിക്കണം.

നിലവിലുള്ള കുളങ്ങൾ അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സംരക്ഷിക്കുകയും കുടിവെള്ള സ്രോതസ്സായി ഇവയെ മാറ്റുകയും ചെയ്യണം.നഗരങ്ങളിലെ പ്രധാനപ്രശ്‌നം സെപ്‌റ്റേജ് മാലിന്യമാണ്. ഇതിനു കൃത്യമായ പരിഹാരം കണ്ടില്ലെങ്കിൽ ജലസ്രോതസ്സുകൾ ശുദ്ധമായി സൂക്ഷിക്കാനാകില്ല. മാലിന്യ സംസ്‌കരണത്തിന് ഗവേഷണം നടക്കണം. ഇതിനായി നിരവധി സാങ്കേതികവിദ്യകൾ വരണം. കോളേജ് കുട്ടികൾ ഉൾപ്പെടുള്ളവരെ ഗവേഷണങ്ങൾക്കും പുതു സാങ്കേതിക വിദ്യകൾ രൂപപ്പെടുത്താനും ഉപയോഗപ്പെടുത്തണമെന്നും നിർദേശമുയർന്നു.

NO COMMENTS