രാജ്യത്തെ ദരിദ്രരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുമായ ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തും : നരേന്ദ്ര മോദി

257

ന്യൂഡല്‍ഹി• രാജ്യത്തെ ദരിദ്രരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുമായ ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനാണ് കേന്ദ്രസര്‍ക്കാരിന്‍റെ പ്രഥമ പരിഗണനയെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപിക്ക് തിരഞ്ഞെടുപ്പ് വിജയത്തിനുള്ള മാര്‍ഗം മാത്രമല്ല ഇവരെന്നും മോദി പാര്‍ട്ടി പ്രവര്‍ത്തകരെ ഓര്‍മിപ്പിച്ചു. വോട്ടുബാങ്ക് രാഷ്ട്രീയത്തിന്‍റെ കണ്ണിലൂടെ മാത്രം ഇവരെ കാണരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ന്യൂഡല്‍ഹിയില്‍ ബിജെപി ദേശീയ നിര്‍വാഹക സമിതി യോഗത്തിലാണ് ദരിദ്രരും പാവപ്പെട്ടവരുമായ ജനങ്ങളോടുള്ള തന്‍റെ സര്‍ക്കാരിന്‍റെ പ്രതിബദ്ധത മോദി ഊന്നിപ്പറഞ്ഞത്. കടുത്ത പ്രതിസന്ധികള്‍ക്കിടയിലും നോട്ട് അസാധുവാക്കല്‍ നടപടിയോട് സഹകരിച്ച ജനങ്ങളുടെ മനസിന്റെ ശക്തിയെ മോദി അനുമോദിച്ചതായും രവിശങ്കര്‍ പ്രസാദ് അറിയിച്ചു. കള്ളപ്പണത്തിനും അഴിമതിക്കുമെതിരെ കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്ന ദീര്‍ഘകാല നടപടിയാണ് നോട്ട് അസാധുവാക്കലെന്ന് മോദി യോഗത്തില്‍ വ്യക്തമാക്കി. സമ്പദ് വ്യവസ്ഥയിലേക്ക് അനിയന്ത്രിതമായി നോട്ടുകളൊഴുകുന്നത് കള്ളപ്പണത്തിനും അഴിമതിക്കുമെതിരായ നീക്കത്തെ ദുര്‍ബലപ്പെടുത്തുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പാര്‍ട്ടിയുടെ പ്രവര്‍ത്തനരീതിയുമായി ബന്ധപ്പെട്ട് കൂടുതല്‍ സുതാര്യത വേണമെന്നും മോദി പാര്‍ട്ടി പ്രവര്‍ത്തകരോട് നിര്‍ദേശിച്ചു. പാര്‍ട്ടിക്കായി സ്വീകരിക്കുന്ന സംഭാവനകളുടെ കാര്യത്തിലും പരമാവധി സുതാര്യത പുലര്‍ത്തണമെന്നതാണ് ബിജെപിയുടെ പ്രഖ്യാപിത നിലപാടെന്നും അദ്ദേഹം വിശദീകരിച്ചു.

NO COMMENTS

LEAVE A REPLY