നോട്ട് അസാധുവാക്കല്‍ : ഗുജറാത്തില്‍ നിന്നുതന്നെ നരേന്ദ്ര മോദിക്കു തിരിച്ചടി

143

അഹമ്മദാബാദ് • നോട്ട് പരിഷ്കരണവുമായി ബന്ധപ്പെട്ടു സര്‍ക്കാര്‍ എടുക്കുന്ന നടപടികള്‍ കര്‍ഷകരടക്കമുള്ള പാവപ്പെട്ടവരെ ഉദ്ദേശിച്ചാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ന്യായീകരണങ്ങള്‍ക്കു സ്വന്തം തട്ടകത്തില്‍ തന്നെ തിരിച്ചടി. ഗുജറാത്തിലെ ഡീസയില്‍ ശനിയാഴ്ച പ്രധാനമന്ത്രി നടത്തിയ അവകാശവാദങ്ങളാണ് ഞായറാഴ്ച സൂറത്തില്‍ നടത്തിയ പടുകൂറ്റന്‍ കര്‍ഷക റാലി തള്ളിയത്.
സംസ്ഥാനത്തെ ഗ്രാമീണ സമ്ബദ്മേഖലയെ തകര്‍ത്ത സഹകരണ ബാങ്കുകളുടെ നിയന്ത്രണമടക്കമുള്ള കാര്യങ്ങളില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ തീര്‍പ്പായില്ലെങ്കില്‍ പ്രക്ഷോഭം ശക്തമാക്കുമെന്നു കര്‍ഷകക്കൂട്ടായ്മ വ്യക്തമാക്കി. സഹകരണ ബാങ്കുകള്‍ക്കുമേല്‍ ഇടപാടു നിയന്ത്രണം കൊണ്ടുവന്നു കര്‍ഷകരടക്കമുള്ള പാവപ്പെട്ടവരെ പട്ടിണിയിലേക്കു തള്ളിയിട്ട കേന്ദ്ര നിലപാടിനെതിരെയായിരുന്നു കര്‍ഷകരുടെ പ്രതിഷേധം. കഴിഞ്ഞ മാസവും സൂറത്ത് നഗരം ഉപരോധിച്ചു കര്‍ഷകര്‍ പ്രതിഷേധം അറിയിച്ചിരുന്നു. അതിനു ശേഷം ഇതുവരെയും ബാങ്കുകളുടെ പ്രവര്‍ത്തനം സുഗമമാക്കാന്‍ കഴിയാത്തതിനാലായിരുന്നു റാലി. സൂറത്തിലെ ജഹാംഗിര്‍പുരയില്‍ നടന്ന പ്രതിഷേധത്തില്‍ ആയിരക്കണക്കിനു കര്‍ഷകര്‍ പങ്കെടുത്തു. ഗോതമ്ബും പഞ്ചസാരയും മുഖ്യമായി ഇറക്കുമതി ചെയ്യുന്ന ഗുജറാത്തിലെ കണ്ട്്ള, മുന്ദ്ര തുറമുഖങ്ങള്‍ ഉപരോധിച്ചുകൊണ്ടാണ് അടുത്ത ഘട്ടം സമരം ഉദ്ദേശിച്ചിരിക്കുന്നത്. നോട്ട് നിരോധനത്തിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നു ഭാരതീയ കിസാന്‍ യൂണിയന്‍ നേതാക്കള്‍ മുന്നറിയിപ്പു നല്‍കി. യുപിഎ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്ന ഗോതമ്ബിന്റെ 25% ഇറക്കുമതിച്ചുങ്കം മോദി സര്‍ക്കാര്‍ എടുത്തുകളഞ്ഞെന്നു കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല കുറ്റപ്പെടുത്തി. ഇതോടെ ഇറക്കുമതി ഗോതമ്ബ് രാജ്യത്ത് കുന്നുകൂടുമെന്നും ഗോതമ്ബ് കര്‍ഷകരെ ഇതു കഷ്ടത്തിലാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

NO COMMENTS

LEAVE A REPLY