നോട്ട് നിരോധനം : 93% പേര്‍ അനുകൂലമെന്ന് സര്‍വ്വേ ഫലം

143

ന്യൂഡല്‍ഹി: 1000, 500 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ച്‌ രാജ്യത്തെ കള്ളപ്പണത്തെ നേരിടുന്നതിനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തിന് വലിയ ജനപിന്തുണയെന്ന് സര്‍വ്വേ ഫലം. സര്‍വ്വേയില്‍ പങ്കെടുത്ത അഞ്ച് ലക്ഷം പേരില്‍ 93 ശതമാനവും നോട്ടു പിന്‍വലിച്ച്‌, കള്ളപ്പണത്തിനെതിരായി നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശ്രമങ്ങളെ പിന്‍തുണയ്ക്കുന്നതായി പ്രധാനമന്ത്രിയുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ചൊവ്വാഴ്ച രാവിലെ മുതലാണ് സര്‍വ്വേ ആരംഭിച്ചത്. 15 മണിക്കൂറിനുള്ളില്‍ അഞ്ചു ലക്ഷം പേര്‍ സര്‍വ്വേയില്‍ പങ്കെടുത്തു. കള്ളപ്പണത്തിനെതിരായുള്ള സര്‍ക്കാരിന്റെ നീക്കം പ്രയോജനകരമാണെന്നാണ് 90 ശതമാനം പേരും കരുതുന്നത്. അഴിമതിക്കെതിരെ പൊതുവെ സര്‍ക്കാര്‍ നടത്തുന്ന യുദ്ധത്തിന് 92 ശതമാനം പേരും മുഴുവന്‍ മാര്‍ക്കും നല്‍കുന്നു. അഴിമതിക്കും തീവ്രവാദത്തിനും എതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് നോട്ട് പിന്‍വലിച്ചുകൊണ്ടുള്ള സാമ്ബത്തിക നവീകരണം ഏറെ ഗുണംചെയ്യുമെന്നാണ് സര്‍വ്വേയില്‍ പങ്കെടുത്ത 86 ശതമാനം പേരും കരുതുന്നത്. രണ്ട് ശതമാനം പേര്‍ മാത്രമാണ് നോട്ട് പിന്‍വലിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ നടപടിയെ പ്രതികൂലമായി അഭിപ്രായം പ്രകടിപ്പിച്ചത്. ‘നരേന്ദ്ര മോദി ആപ്പി’ലൂടെയാണ് സര്‍വ്വേ നടത്തിയത്. ഓരോ മിനിട്ടിലും 400 ല്‍ അധികം പ്രതികരണങ്ങളാണ് ആപ്പില്‍ വന്നുകൊണ്ടിരിക്കുന്നത്. രാജ്യത്തെ രണ്ടായിരം വ്യത്യസ്ത പ്രദേശങ്ങളില്‍നിന്നുള്ളവരാണ് സര്‍വ്വേയില്‍ പങ്കെടുത്തത്. അതില്‍ 93 ശതമാനവും ഇന്ത്യയില്‍ ഉള്ളവരാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 24 ശതമാനം പേരും ഹിന്ദിയിലാണ് അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്.