ഇന്ത്യയുടെ രണ്ടു പെണ്‍മക്കളാണ് റിയോ ഒളിംപിക്സില്‍ രാജ്യത്തിന്‍റെ മാനം കാത്തതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

174

സനോറിയോ (ഗുജറാത്ത്)• ഇന്ത്യയുടെ രണ്ടു പെണ്‍മക്കളാണ് റിയോ ഒളിംപിക്സില്‍ രാജ്യത്തിന്റെ മാനം കാത്തതെന്ന് പി.വി.സിന്ധുവിനേയും സാക്ഷി മാലിക്കിനേയും പരാമര്‍ശിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. സൗനി ജലപദ്ധതിയുടെ ഉദ്ഘാടന വേദിയിലായിരുന്നു മോദിയുടെ പ്രശംസ.
സ്ത്രീകളോടുള്ള അവഗണന അടക്കം രാജ്യത്തു നിലനില്‍ക്കുന്ന വിവിധ സാമൂഹ്യ പ്രശ്നങ്ങളിലേക്കു വിരല്‍ ചൂണ്ടിയ മോദി, നമ്മുടെ സഹോദരിമാരുടെ ശക്തി എന്തെന്നു തെളിയിച്ചവരാണ് സിന്ധുവും സാക്ഷിയുമെന്നു പറഞ്ഞു. മക്കളെ ആണും പെണ്ണുമെന്നു തരംതിരിച്ചു കാണരുതെന്ന് ഓര്‍മിപ്പിക്കുകയും ചെയ്തു. നമ്മുടെ സോദരിമാരും പുത്രിമാരും അവഗണിക്കപ്പെടേണ്ടവരല്ല. ഒളിംപിക്സില്‍ രാജ്യത്തിന്റെ മാനം കാക്കാന്‍ രണ്ടു സഹോദരിമാര്‍ വേണ്ടിവന്നു.അവരുടെ ശക്തിയെന്തെന്നതിന് ഇതാണു തെളിവെന്നു പ്രധാനമന്ത്രി പറഞ്ഞു.
സിന്ധു ബാഡ്മിന്റനില്‍ വെള്ളിയും സാക്ഷി വനിതാ ഗുസ്തിയില്‍ വെങ്കലവുമാണു നേടിയത്. ‘പഴയകാലത്തെ തെറ്റുകള്‍ ആവര്‍ത്തിക്കരുതെന്നാണ് എനിക്കു പറയാനുള്ളത്. നമ്മുടെ പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളെപ്പോലെതന്നെ മിടുക്കരാണ്.’ മോദി പറഞ്ഞു. ബേട്ടി ബചാവോ(പെണ്‍കുട്ടികളെ സംരക്ഷിക്കുക) – ബേട്ടി പഠാവോ(പെണ്‍കുട്ടികളെ പഠിപ്പിക്കുക) എന്ന മുദ്രാവാക്യം ബേട്ടി ഖിലാവോ(പെണ്‍കുട്ടികളെ കളിക്കളത്തിലിറക്കുക) എന്ന നിലയിലേക്ക് ഉയര്‍ത്താന്‍ അദ്ദേഹം ആഹ്വാനം ചെയ്തു.