രക്തവും വെള്ളവും ഒന്നിച്ചൊഴുകില്ല : സിന്ധുനദീജലക്കരാര്‍ പുനഃപരിശോധിക്കാന്‍ ചേര്‍ന്ന യോഗത്തില്‍ നരേന്ദ്ര മോദി

178

ന്യൂഡല്‍ഹി: പാകിസ്താനുമായുള്ള സിന്ധുനദീജലക്കരാര്‍ പുനഃപരിശോധിക്കാന്‍ ചേര്‍ന്ന യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കടുത്ത നിലപാട് സ്വീകരിച്ചതായി സൂചന.’രക്തവും വെള്ളവും ഒന്നിച്ചൊഴുകില്ല’ എന്ന് യോഗത്തില്‍ മോദി വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ സിന്ധു നദീജല കരാര്‍ സംബന്ധിച്ച്‌ അന്തിമ തീരുമാനം യോഗത്തിലുണ്ടായിട്ടില്ല.കരാറുമായി ബന്ധപ്പെട്ട നിയമവശങ്ങളെക്കുറിച്ച്‌ കൂടുതല്‍ പഠിക്കാന്‍ പ്രത്യേക മന്ത്രിതല സമിതി രൂപവത്ക്കരിക്കാനാണ് തീരുമാനം.അതേസമയം ചിനാബ് നദിയില്‍ നിര്‍മിക്കുന്ന മൂന്ന് അണക്കെട്ടുകളുടെ നിര്‍മാണം ത്വരിതപ്പെടുത്താനും സിന്ധു, ചിനാബ്, ഝലം നദികളിലെ ജലം പൂര്‍ണ തോതില്‍ ഉപയോഗിക്കാനും യോഗം തീരുമാനിച്ചു. 2007 ല്‍ നിര്‍ത്തിവെച്ച വുള്ളര്‍ തടാകത്തിലെ ടുള്‍ബുള്‍ നാവിഗേഷന്‍ പദ്ധതി പുനരാരംഭിക്കുന്ന കാര്യവും ഇന്ത്യ പരിഗണിച്ചേക്കും.ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, വിദേശകാര്യ സെക്രട്ടറി എസ്.ജയശങ്കര്‍, ജലവിഭവ വകുപ്പ് സെക്രട്ടറി, പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്.പാകിസ്താന് നയതന്ത്ര തിരിച്ചടി നല്‍കുന്നതിന്റെ ഭാഗമായി സിന്ധുനദീജലക്കരാര്‍ ഇന്ത്യ പുനഃപരിശോധിക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. ഉറി ഭീകരാക്രമണത്തെത്തുടര്‍ന്നാണ് നീക്കം.1960-ലാണ് ഇന്ത്യ പാകിസ്താനുമായി സിന്ധുനദീജല കരാറൊപ്പിട്ടത്. കരാര്‍ പ്രകാരം പഞ്ചാബിലൊഴുകുന്ന നദികളായ ബിയാസ്, രവി, സത്ലജ് എന്നീ നദികളുടെ നിയന്ത്രണം ഇന്ത്യക്കും പടിഞ്ഞാറോട്ടൊഴുകുന്ന സിന്ധു, ചിനാബ്, ഝലം എന്നീ നദികളുടെ നിയന്ത്രണം പാകിസ്താനുമാണ്.

NO COMMENTS

LEAVE A REPLY