കേരള വികസനത്തിനായുള്ള ദര്‍ശനരേഖ ബി.ജെ.പി. കേരള ഘടകത്തിനു വേണ്ടി അഞ്ചംഗ വിദഗ്ധസംഘം പ്രധാനമന്ത്രിക്കു സമര്‍പ്പിച്ചു

216

കോഴിക്കോട്: കേരള വികസനത്തിനായുള്ള ദര്‍ശനരേഖ ബി.ജെ.പി. കേരള ഘടകത്തിനു വേണ്ടി അഞ്ചംഗ വിദഗ്ധസംഘം പ്രധാനമന്ത്രിക്കു സമര്‍പ്പിച്ചു. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെയും ആവശ്യമെങ്കില്‍ സ്വകാര്യസംരംഭകരുടെ സഹായത്തോടെയും മുന്‍ഗണനാക്രമത്തില്‍ നടപ്പാക്കേണ്ട 20 പദ്ധതികളുടെ പട്ടികയും അദ്ദേഹത്തിനു കൈമാറി. കോവളം മുതല്‍ കാസര്‍കോട് വരെയുള്ള സ്മാര്‍ട്ട് വാട്ടര്‍ ഹൈവേ, ആഗോള ആയുര്‍വേദ മിഷന്‍, ആറന്മുള കേന്ദ്രീകരിച്ച്‌ പൈതൃകഗ്രാമം, മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി മേക്ക് ഇന്‍ കേരള വ്യവസായ പാര്‍ക്കുകളുടെ ശൃംഖല, വിനോദസഞ്ചാര വികസനത്തിനായി സംസ്ഥാനത്തെ പുണ്യനദികളെയും പുണ്യസ്ഥലങ്ങളെയും ചരിത്രസ്ഥലങ്ങളേയും ബന്ധപ്പെടുത്തിയുള്ള ഗ്രേറ്റ് കേരള ഹെറിറ്റേജ് ട്രെയിന്‍, പന്പാ കര്‍മപദ്ധതി മാതൃകയില്‍ ഭാരതപ്പുഴയും പെരിയാറും പുനരുജ്ജീവിപ്പിക്കാനുള്ള കര്‍മപദ്ധതി, ലോക നിലവാരത്തിലുള്ള നഴ്സസ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട്, അഭ്യസ്തവിദ്യരായ യുവാക്കള്‍ക്കായി നൈപുണ്യ വികസന പരിപാടി, തിരുവനന്തപുരത്തെ ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റിയുടെ കാന്പസിന്‍റെയും കൊല്ലത്തെ ഇംഗ്ലീഷ് ആന്‍ഡ് ഫോറിന്‍ ലാംഗ്വേജ് യൂണിവേഴ്സിറ്റിയുടെ ക്യാന്പസിന്‍റെയും പ്രവര്‍ത്തനം പുനരാരംഭിക്കുക തുടങ്ങിയ പദ്ധതികളാണ് പ്രധാനമന്ത്രിയുടെ പരിഗണനയ്ക്കു സമര്‍പ്പിച്ചത്.ദര്‍ശനരേഖ സംബന്ധിച്ചുള്ള വിദഗ്ധസംഘത്തിന്‍റെ വിശദീകരണം കേട്ട പ്രധാനമന്ത്രി അദ്ദേഹത്തിന്‍റേതായ ചില നിര്‍ദേശങ്ങള്‍ പദ്ധതി നടത്തിപ്പ് സംബന്ധിച്ച്‌ മുന്നോട്ടുവച്ചു. കാര്‍ഷികോല്‍പന്നങ്ങളുടെ വിപണനത്തില്‍ കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വില ഉറപ്പാക്കുന്നതിനും കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഇ-നാം പരിപാടി മാതൃകയാക്കാന്‍ അദ്ദേഹം ഉപദേശിച്ചു. ദര്‍ശന രേഖയില്‍ അടങ്ങുന്ന പദ്ധതികളുടെ തുടര്‍നടപടികള്‍ സംബന്ധിച്ച്‌ വിഭ്യാഭ്യാസസംഘം വിവിധ കേന്ദ്ര മന്ത്രാലയങ്ങളുമായും സംസ്ഥാന സര്‍ക്കാരുമായും ചര്‍ച്ചകള്‍ നടത്തും. കേരളത്തിന്‍റെ വികസന പ്രശ്നങ്ങള്‍ സംബന്ധിച്ച്‌ സമൂഹത്തിലെ വിവിധ ഭാഗങ്ങളുമായി ചര്‍ച്ചകള്‍ നടത്തിയും വിഭിന്ന മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരില്‍ നിന്ന് അഭിപ്രായങ്ങള്‍ ശേഖരിച്ചും സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ സെമിനാറുകള്‍ സംഘടിപ്പിച്ചുമാണ് ദര്‍ശനരേഖ തയ്യാറാക്കിയത്. സി.വി. ആനന്ദബോസ്, ജയിംസ് ജോസഫ്, ജി.സി. ഗോപാലപിള്ള, ഹരി എസ്. കര്‍ത്താ, ആര്‍.എസ്. നായര്‍ എന്നിവരാണ് പ്രധാനമന്ത്രിയെ കണ്ടത്. ഐ.എസ്.ആര്‍.ഒ. മുന്‍ അധ്യക്ഷന്‍ ജി. മാധവന്‍ നായര്‍, എം.ജി. സര്‍വകലാശാലയുടെയും ഇഗ്നോയുടെയും മുന്‍ വൈസ് ചാന്‍സലര്‍ ഡോ. വി.എന്‍. രാജശേഖരന്‍ പിള്ള എന്നിവരും ദര്‍ശനരേഖ തയാറാക്കുന്നതില്‍ പങ്കാളികളായിരുന്നു.

NO COMMENTS

LEAVE A REPLY