പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സന്ദര്‍ശനം: സുരക്ഷ എസ്.പി.ജി. ഏറ്റെടുത്തു

194

കോഴിക്കോട്: ബി.ജെ.പി. നേതൃയോഗങ്ങള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോഡി കോഴിക്കോട് എത്താനിരിക്കെ സുരക്ഷാക്രമീകരണങ്ങള്‍ എസ്.പി.ജി. ഏറ്റെടുത്തു.പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടികളുടെ വേദികള്‍, താമസിക്കുന്ന സ്ഥലം, സഞ്ചരിക്കുന്ന പാതകള്‍ എന്നിവിടങ്ങളിലാണ് എസ്.പി.ജി. സുരക്ഷ ഉറപ്പാക്കുന്നത്. സുരക്ഷയുടെ ഭാഗമായി ചെയേ്േണ്ട നടപടികളെക്കുറിച്ച്‌ എസ്.പി.ജി: ഐ.ജി. ഗുപ്തയുടെ നേതൃത്വത്തിലുള്ള സംഘം പോലീസിനു നിര്‍ദേശങ്ങള്‍ നല്‍കി.ബി.ജെ.പി. ദേശീയ കൗണ്‍സിലിനായി 24, 25 തീയതികളിലാണു പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും കോഴിക്കോട് തങ്ങുന്നത്. പ്രധാനമന്ത്രി ഹെലികോപ്ടറില്‍ ഇറങ്ങുമെന്നറിയിച്ച വെസ്റ്റ്ഹില്‍ ക്യാപ്റ്റന്‍ വിക്രം മൈതാനം, പൊതുസമ്മേളനം നടക്കുന്ന കോഴിക്കോട് കടപ്പുറം, മുഖ്യവേദിയായ സ്വപ്നനഗരി, പ്രധാനമന്ത്രി താമസിക്കുന്ന ഈസ്റ്റ്ഹില്‍ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസ്, ബി.ജെ.പി.യുടെ പഴയകാല നേതാക്കളെ ആദരിക്കുന്ന ചടങ്ങു നടത്തുന്ന സാമൂതിരി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്നിവിടങ്ങളില്‍ എസ്.പി.ജി.
സംഘം പരിശോധന നടത്തി. പ്രധാനമന്ത്രി കോഴിക്കോട്ടു തങ്ങുന്ന രണ്ടു ദിവസങ്ങളില്‍ സ്വപ്നനഗരിയിലാണ് അദ്ദേഹത്തിന്‍റെ ഓഫീസിന്‍റെ പ്രവര്‍ത്തനം. ഇവിടെ ആവശ്യമായ സൗകര്യങ്ങളും എസ്.പി.ജി. വിലയിരുത്തി. കനത്ത സുരക്ഷയാണു നഗരത്തില്‍ ഒരുക്കുന്നത്. എസ്.പി.ജി. സംഘത്തിനൊപ്പം ഐ.ജി, ഡി.ഐ.ജി. എന്നിവരുടെ മേല്‍നോട്ടത്തില്‍ സംസ്ഥാന പോലീസിലെ എസ്.പിമാരുള്‍പ്പെടെ മൂവായിരത്തോളം പോലീസ് സേനാംഗങ്ങളെയും വിന്യസിപ്പിക്കും.ബീച്ചില്‍ ഒരു ഐ.ജിയും ഒരു ഡി.ഐ.ജിയും നാലു എസ്.പിമാരും ചുമതല നിര്‍വഹിക്കും. സ്വപ്നനഗരിയില്‍ ഒരു ഡി.ഐ.ജിയും ഒരു എസ്.പിയും സുരക്ഷയ്ക്കു നേതൃത്വം നല്‍കും. സാമൂതിരി സ്കൂള്‍, ഗസ്റ്റ് ഹൗസ് എന്നിവിടങ്ങളിലും പ്രധാന നേതാക്കളും കേന്ദ്രമന്ത്രിമാരും താമസിക്കുന്ന നഗരത്തിലെ പ്രധാന ഹോട്ടലുകളിലും ഒരു എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘവും സുരക്ഷാസംവിധാനമൊരുക്കും. കേന്ദ്ര-സംസ്ഥാന രഹസ്യാന്വേഷണവിഭാഗം ഉദ്യോഗസ്ഥരും നഗരത്തില്‍ നിരീക്ഷണം നടത്തുന്നുണ്ട്. ഡി.ജി.പി, എ.ഡി.ജി.പിമാര്‍ തുടങ്ങിയവര്‍ സുരക്ഷാകാര്യങ്ങള്‍ നേരിട്ടു വിലയിരുത്തുന്നതിനായി നഗരത്തില്‍ ക്യാന്പ് ചെയ്യും. പ്രധാനമന്ത്രിക്കു യാത്ര ചെയ്യാനായി ബുള്ളറ്റ് പ്രൂഫ് കാറുകള്‍ ഡല്‍ഹിയില്‍നിന്ന് ഉടന്‍ എത്തിക്കും. മറ്റൊരു ബുള്ളറ്റ്പ്രൂഫ് കാറും പ്രധാനമന്ത്രിയുടെ യാത്രാവഴിയിലെ മൊബൈല്‍ സിഗ്നലുകള്‍ നിഷ്ക്രിയമാക്കുന്ന ജാമര്‍ സംവിധാനം എന്നിവയും എത്തിക്കും.

NO COMMENTS

LEAVE A REPLY