അന്യായമായി നായകളെ കൊല്ലുന്നവരെ കാപ്പ ചുമത്തി ജയിലിലടക്കണമെന്നു ജസ്റ്റിസ് കെ. നാരായണകുറുപ്പ്

192

കളമശേരി: അന്യായമായി നായകളെ കൊല്ലുന്നവരെ കാപ്പ ചുമത്തി ജയിലിലടക്കണമെന്നു പോലീസ് കംപ്ലയിന്‍റ്സ് അഥോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് കെ. നാരായണകുറുപ്പ്. മൃഗങ്ങളെ ദ്രോഹിക്കുന്നതിനെതിരേ ഇടപ്പള്ളിയില്‍ ഇന്ത്യ യുണൈറ്റസ് ഫോര്‍ ആനിമല്‍സ് സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം മനുഷ്യനുള്ള എല്ലാ അവകാശങ്ങളും നായകള്‍ക്കും മറ്റെല്ലാ മൃഗങ്ങള്‍ക്കും ഉണ്ട്. കൊലയ്ക്കുള്ള ശിക്ഷയും അങ്ങനെതന്നെ വേണം. കുറച്ചുകാലമായി നായകളെ കൊല്ലുന്നത് ഒരു വിനോദം പോലെയാണു ചിലര്‍ കാണുന്നത്. തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് അവര്‍ ചെയ്യുന്നത്. അങ്ങോട്ട് ഉപദ്രവിക്കാതെ ഒന്നും ചെയ്യാത്തവരാണു നായകള്‍. നായകളെകൊല്ലാന്‍ ആരാണു മനുഷ്യര്‍ക്ക് അധികാരം നല്‍കിയതെന്ന് അദ്ദേഹം ചോദിച്ചു.കണ്ണിന് അരോചകമായി തോന്നുന്ന ഒന്നും പൊതുസ്ഥലത്ത് ചെയ്തൂകൂടെന്നാണു നിയമം. എല്ലാവരും കാണ്‍കെ മൃഗങ്ങളെ അറക്കുന്നതും കുറ്റമാണ്. അന്തസായി ജീവിക്കാനെന്ന പോലെ മരിച്ചു കിടക്കാനും മൃഗങ്ങള്‍ക്ക് അവകാശമുണ്ട്. തനിക്ക് ബുദ്ധിമുട്ടാണെന്നു തോന്നിയതിനെയെല്ലാം കൊന്നൊടുക്കിയ ഹിറ്റ്ലറെ ഇത്തരക്കാര്‍ ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഓഫീസര്‍ ജയചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. എസ്.പി.സി.എ. പ്രസിഡന്‍റ് ടി.കെ. സജീവ്, തെരുവോരം മുരുകന്‍, ജോണി, അശ്വിനി, തുടങ്ങിയവര്‍ പങ്കെടുത്തു.

NO COMMENTS

LEAVE A REPLY