നാദാപുരത്തെ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റില്‍

188

നാദാപുരത്തെ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റില്‍. കൊലപാതകത്തിന് ഉപയോഗിച്ച വാഹനം വാടകക്കെടുത്ത് നല്‍കിയ ആളാണ് അറസ്റ്റിലായത്.
നാദാപുരം വളയം സ്വദേശി കുട്ടു എന്ന നിഥിനാണ് അറസ്റ്റിലായത്. തിങ്കളാഴ്ച കസ്റ്റഡിയിലെടുത്ത ഇയാളുടെ അറസ്റ്റ് രാവിലെയാണ് രേഖപ്പെടുത്തിയത്. നാട്ടിലെത്തിയ പ്രവാസിക്കുവേണ്ടിയെന്ന വ്യാജേന ഇന്നോവ കാര്‍ കൊലയാളി സംഘത്തിന് വാടകക്കെടുത്ത് നല്‍കിയത് ഇയാളാണെന്ന് പോലീസ് പറയുന്നു. അഞ്ച് ദിവസത്തേക്കാണ് വാടകക്കെടുത്തത്. നാലംദിനമാണ് കൊലപാതകം നടന്നതെന്നും പോലീസ് പറഞ്ഞു. അറസ്റ്റിലായ ഇയാളുടെ രാഷ്‌ട്രീയ പശ്ചാത്തലം പരിശോധിച്ചുവരികയാണ്.
നിഥിനെ കൂടാതെ നിരവുമ്മല്‍, അഭയഗിരി സ്വദേശികളായ രണ്ട് യുവാക്കള്‍ കൂടി പോലീസ് കസ്റ്റഡിയിലുണ്ടെന്നാണ് സൂചന. കൊലപതാക സംഘത്തിന് മദ്യസല്‍ക്കാരം നടത്തിയ യുവാവാണ് അഭയഗിരി സ്വദേശിയെന്ന് പോലീസ് പറഞ്ഞു. കേസില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന ഒരാള്‍ ഗള്‍ഫിലേക്ക് കടന്നതായും സൂചനയുണ്ട്. കഴിഞ്ഞ പന്ത്രണ്ടിനാണ് നാദാപുരത്തെ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ മുഹമ്മദ് അസ്‍ലമിനെ ആറംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ഷിബിനെ കൊലപ്പെടുത്തിയ കേസില്‍ അസ്ലമിനെ കോടതി കോടതി കുറ്റവിമുക്തനാക്കിയിരുന്നു.