കാവാലം നാരായണപ്പണിക്കര്‍ അന്തരിച്ചു

281

തിരുവനന്തപുരം: നാടകാചാര്യന്‍ കാവാലം നാരായണപ്പണിക്കര്‍ (88) അന്തരിച്ചു. തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
കേരളത്തില്‍ തനത് നാടകവേദിക്ക് തുടക്കം കുറിച്ച ആചാര്യനാണ് കാവാലം. കവി, ഗാനരചയിതാവ് എന്നീ നിലകളിലും പ്രശസ്തനാണ് അദ്ദേഹം. കാളിദാസന്റെയും ഭാസന്റെയും നാടകങ്ങള്‍ പരിഭാഷപ്പെടുത്തി.
1961ല്‍ കേരള സംഗീത നാടക അക്കാദമി ചെയര്‍മാനായ കാവാലത്തിന്1975ല്‍ കേരള സാഹിത്യ അക്കാദമി പുരസ്കാരം നാടകചക്രം എന്ന കൃതിക്ക് ലഭിച്ചു. 2007ല്‍ പത്മഭൂഷണ്‍ പുരസ്കാരം നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു.
2009ല്‍ വള്ളത്തോള്‍ പുരസ്കാരവും ലഭിച്ചു. മികച്ച ഗാനരചിതാവിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാരം ലഭിച്ചിട്ടുണ്ട്. 2014ല്‍ കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം നല്‍കി ആദരിച്ചു.
സാക്ഷി (1968), തിരുവാഴിത്താന്‍ (1969), ജാബാലാ സത്യകാമന്‍ (1970), ദൈവത്താര്‍ (1976), അവനവന്‍ കടമ്ബ (1978), കരിംകുട്ടി (1985), നാടകചക്രം (1979),കൈക്കുറ്റപ്പാട് (1993), ഒറ്റയാന്‍ (1980) തുടങ്ങിയവയാണ് കാവാലത്തിന്റെ പ്രധാന നാടകങ്ങള്‍.
രതി നിര്‍വ്വേദം, അഹം, കാറ്റത്തൊരു കിളിക്കൂട്, സര്‍വ്വകലാശാല, വാടകക്കൊരു ഹൃദയം, ആരൂഢം, ആരവം, പടയോട്ടം തുടങ്ങി നാല്‍പതോളം ചിത്രങ്ങള്‍ക്ക് ഗാനരചന നിര്‍വഹിച്ചിട്ടുണ്ട്.
ശാരദാമണിയാണ് ഭാര്യ. പ്രശസ്ത പിന്നണിഗായകന്‍ കാവാലം ശ്രീകുമാര്‍ മകനാണ്.

NO COMMENTS

LEAVE A REPLY