കോഴിക്കോട് • നവജാത ശിശുവിന് മുലപ്പാല്‍കൊടുക്കണമെങ്കില്‍ അഞ്ചു ബാങ്ക് വിളികഴിയണമെന്നു പറഞ്ഞു പാല്‍ കൊടുക്കുന്നത് തടഞ്ഞ പിതാവിനെതിരെ നടപടിക്ക് നിര്‍ദേശം നല്‍കിയതായി കോഴിക്കോട് കലക്ടര്‍ എന്‍. പ്രശാന്ത്. മനുഷ്യനന്മയ്ക്കും നല്ലതിനുമാകണം വിശ്വാസം അത് ഏതായാലും എന്തിന്റെ പേരിലായാലും. നവജാത ശിശുവിനെ പട്ടിണിക്കിടാന്‍ ഒരു മതവും പറയുമെന്ന് കരുതാന്‍ വയ്യെന്നും കലക്ടര്‍ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. പിറന്നു വീണ കുഞ്ഞിന് പാല്‍ നല്‍കരുതെന്ന് വാശി പിടിച്ച മുക്കത്തെ യുവാവും, ക്രൂരത ചെയ്യാന്‍ ഇയാളെ പ്രേരിപ്പിച്ചയാളും നല്ല ‘ചികില്‍സ’ ആവശ്യമുള്ളവരാണെന്നതില്‍ സംശയമില്ല. നവജാതശിശുവിന് വേണ്ട പരിചരണവും മുലപ്പാലും നല്‍കാത്ത വാര്‍ത്ത ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് കുറ്റക്കാരയവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാനും പിഞ്ചുകുഞ്ഞിന്റെ ജീവന്‍ സംരക്ഷിക്കാനും പൊലീസിനും ബന്ധപ്പെട്ടവര്‍ക്കും നിര്‍ദ്ദേശം നല്‍കിയിരുന്നു. നിയമപരമായ നടപടികളില്‍ ഒരു വിട്ടുവീഴ്ചയും പാടില്ല എന്നും നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും കലക്ടര്‍ പറഞ്ഞു. ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. മുക്കം ഇഎംഎസ് സഹകരണ ആശുപത്രിയില്‍ ഒാമശേരി സ്വദേശിയുടെ ഭാര്യ ആണ്‍കുഞ്ഞിന് ജന്മം നല്‍കി. പ്രസവിച്ച് കുറച്ച് സമയം കഴിഞ്ഞപ്പോള്‍ കുഞ്ഞിന് മുലപ്പാല്‍ കൊടുക്കാന്‍ ആശുപത്രി അധികൃതര്‍ ആവശ്യപ്പെട്ടു. എന്നാല്‍ കുട്ടിയുടെ പിതാവ് ഇത് തടയുകയും. അഞ്ച് ബാങ്ക് വിളി കഴിയാതെ കുഞ്ഞിന് മുലപ്പാല്‍ കൊടുക്കാന്‍ പാടില്ലെന്നും പറഞ്ഞു അമ്മയെ തടയുകയായിരുന്നു. പിന്നീട്, വ്യാഴാഴ്ച ഉച്ചയ്ക്ക് മാത്രമാണ് കുഞ്ഞിന് മുലപ്പാല്‍ കൊടുക്കാന്‍ സാധിച്ചത്. വിഷയം സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. സംഭവത്തിന്റെ വിഡിയോയും പ്രചരിച്ചിരുന്നു.