പ്ലസ് വിദ്യാർഥി മർദ്ദനമേറ്റ് മരിച്ചു

278

ആലപ്പുഴ: ക്ഷേത്ര ഉത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ പ്ലസ് വിദ്യാർഥി മർദ്ദനമേറ്റ് മരിച്ചു. ആലപ്പുഴയിലെ ചേർത്തലയിലാണ് സംഭവം. വയലാർ സ്വദേശി അനന്തു (18) ആണ് മരിച്ചത്. വയലാർ നീലിമംഗലം ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ബുധനാഴ്ച രാത്രിയാണ് സംഘർഷമുണ്ടായത്. അനന്തുവിനെ ഒരു സംഘം വളഞ്ഞുവച്ച് തല്ലുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പരിക്കേറ്റ വിദ്യാർഥിയെ ചേർത്തല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വയലാർ രാമവർമ സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയാണ് മരിച്ച അനന്തു. സംഭവവുമായി ബന്ധപ്പെട്ട് പത്തോളം പേർ പോലീസ് കസ്റ്റഡിയിലുണ്ട്. ഇവര്‍ എല്ലാം ആര്‍എസ്എസ് പ്രവര്‍ത്തകരാണ്. ഇവരെ ചോദ്യം ചെയ്തു വരികയാണ്. കേസിൽ കൂടുതൽ പ്രതികളുണ്ടെന്നാണ് പോലീസ് നിഗമനം. കസ്റ്റഡിയിലുള്ളവരെ ചോദ്യം ചെയ്ത ശേഷമേ ഇക്കാര്യത്തിൽ വ്യക്തത വരൂ എന്നും പോലീസ് അറിയിച്ചു.

ആർഎസ്എസ് പ്രവർത്തകനായിരുന്ന അനന്തു അടുത്തിടെ സംഘടനയുടെ പ്രവർത്തനങ്ങളിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നുവെന്നും ഇതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നും സിപിഎം ആരോപിക്കുന്നുണ്ട്. കസ്റ്റഡിയിൽ എടുത്തിരിക്കുന്ന ചിലർ ആർഎസ്എസ് പ്രവർത്തകരാണ്. എന്നാൽ പോലീസ് രാഷ്ട്രീയ കൊലപാതകമാണ് നടന്നതെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം ആവശ്യമാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ക്ഷേത്ര ഉത്സവത്തിന് എത്താതിരുന്ന അനന്തുവിനെ ചില സുഹൃത്തുക്കൾ വിളിച്ചുവരുത്തുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. തുടർന്നാണ് അനന്തുവിന് മർദ്ദനമേറ്റത്. വിദ്യാർഥിയെ ബോധപൂർവം വിളിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നോ എന്നാണ് പോലീസ് അന്വേഷിക്കുന്നത്. മൃതദേഹം ചേർത്തല താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം വണ്ടാനം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

NO COMMENTS

LEAVE A REPLY