മെൽബണ്‍: എപ്പിംഗിൽ മലയാളിയായ സാം എബ്രഹാം(33) മരിച്ച സംഭവത്തിൽ നിർണ്ണായക വെളിപ്പെടുത്തലുമായി പൊലീസ്. ഭാര്യയും കാമുകനും ചേർന്ന് സാമിനെ സയനൈഡ് കൊടുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് കോടതിയെ അറിയിച്ചു. സാമിന്‍റെ ഭാര്യ സോഫിയെയും സുഹൃത്ത് അരുൺ കമലാസനനെയും അടുത്ത ഫെബ്രുവരി വരെ റിമാൻറ് ചെയ്തു.
കഴിഞ്ഞ ഒക്ടോബറിലായിരുന്നു പുനലൂർ സ്വദേശിയും യു എ ഇ എക്സ്ചേഞ്ച് ജീവനക്കാരനുമായിരുന്ന സാം എബ്രഹാം മരിച്ചത് ഉറക്കത്തിനിടയിൽ ഹൃദയാഘാതം വന്നാണ് സാം മരിച്ചത് എന്നാണ് പൊലീസ് ആദ്യഘട്ടത്തിൽ കരുതിയിരുന്നത്. എന്നാൽ പിന്നീട് നടത്തിയ അന്വേഷണത്തിലാണ് സാം എബ്രഹാമിന് നേരേ നേരത്തെയും വധശ്രമമുണ്ടായിരുന്ന് എന്ന് വ്യക്തമായത്.
ഇതിന്‍റെ ചുവടുപിടിച്ച് നടന്ന അന്വേഷണത്തിലാണ് പൊലീസ് കൂടുതൽ നിഗമനത്തിലേക്ക് എത്തിയത്. മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ ഇക്കഴിഞ്ഞയാഴ്ചയാണ് സാമിൻറെ ഭാര്യ സോഫിയെയും (32) സുഹൃത്ത് അരുൺ കമലാസനനെയും (34) പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവർക്കുമെതിരെ കൊലപാതകക്കുറ്റം ചുമത്തി ഇന്നലെ മെൽബൺ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.
മാസങ്ങളായി സോഫിയുടെ ടെലിഫോൺ സംഭാഷണങ്ങൾ നിരീക്ഷിച്ചതിൽ നിന്നാണ് നിർണ്ണായകമായ തെളിവുകൾ കിട്ടിയതെന്ന് പൊലീസ് കോടതിയെ അറിയിച്ചു. ഇതിൽ പല സംഭാഷണങ്ങളും മലയാളത്തിലായതിനാൽ തർജ്ജമ ചെയ്യാന്‍ കൂടുതൽ സമയം പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
മരണത്തിന് മൂന്നു മാസം മുന്‍പും സാമിന് നേരേ ആക്രമണമുണ്ടായിട്ടുണ്ട്. കാറിനുള്ളിൽ ഒളിച്ചിരുന്ന മുഖംമൂടിയണിഞ്ഞ ഒരാൾ സാമിനെ കുത്തിക്കൊല്ലാൻ ശ്രമിക്കുകയിരുന്നു. ഈ ആക്രമണം നടത്തിയത് അരുൺ കമലാസനനായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. അടുത്ത വർഷം ഫെബ്രുവരി 13നായിരിക്കും കോടതി കേസ് വീണ്ടും പരിഗണിക്കുക.