ഉമ്മന്‍ ചാണ്ടിയുടെ ഓഫീസുമായി സരിതയ്ക്ക് ബന്ധമുണ്ടായിരുന്നു : ഗണേഷ്

199

കൊച്ചി: ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിന്‍റെ ഓഫീസുമായി സരിത എസ്. നായര്‍ക്ക് അടുത്ത ബന്ധമുണ്ടായിരുന്നതായി കെ.ബി. ഗണേഷ്കുമാര്‍ എം.എല്‍.എ. ഉമ്മന്‍ ചാണ്ടിയുടെ പഴ്സണല്‍ സ്റ്റാഫിന്‍റെ ശിപാര്‍ശയെത്തുടര്‍ന്നാണു താന്‍ തൃപ്പൂണിത്തുറയില്‍ ടീം സോളാറിന്‍റെ എനര്‍ജി മാര്‍ട്ട് ഉദ്ഘാടനം ചെയ്യാന്‍ പോയതെന്നും സോളാര്‍ കമ്മിഷന്‍ ജസ്റ്റിസ് ജി. ശിവരാജന്‍ മുന്പാകെ നല്‍കിയ മൊഴിയില്‍ ഗണേഷ്കുമാര്‍ പറഞ്ഞു. “സരിതയെ പരിചയമുണ്ട്. എന്നാല്‍, ബിജു രാധാകൃഷ്ണനെ കാണുകയോ ഫോണില്‍ സംസാരിക്കുകയോ ചെയ്തിട്ടില്ല. 2012ല്‍ എറണാകുളം ഗസ്റ്റ് ഹൗസില്‍വച്ചാണു സരിതയെ കാണുന്നത്. ലക്ഷ്മി നായര്‍ എന്ന പേരിലാണ് അന്നു മന്ത്രിയായിരുന്ന തന്നെ കാണാന്‍ വന്നത്. ഒരു പുരുഷനും സ്ത്രീയും അവര്‍ക്കൊപ്പമുണ്ടായിരുന്നു. തൃപ്പൂണിത്തുറയില്‍ സ്ഥാപിക്കുന്ന സോളാര്‍ എനര്‍ജി മാര്‍ട്ട് ഉദ്ഘാടനത്തിന് ക്ഷണിക്കാനാണ് എത്തിയത്. അസൗകര്യമുണ്ടെന്ന് അറിയിച്ചപ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ ഓഫീസില്‍നിന്ന് വിളിച്ച്‌ പരിപാടി ഉദ്ഘാടനം ചെയ്യണമെന്നു ശിപാര്‍ശ ചെയ്തു. തന്‍റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന റിട്ടയേര്‍ഡ് ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ വിശ്വനാഥനെയാണ് വിളിച്ചത്. എന്നാല്‍, ആരാണ് വിളിച്ചതെന്ന് അറിയില്ല.”- ഗണേഷ് കുമാര്‍ മൊഴിയില്‍ പറഞ്ഞു. തന്‍റെ വീട്ടില്‍ ടീം സോളാര്‍ കന്പനിയുടെ പാനല്‍ സ്ഥാപിച്ചിരുന്നതായും കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ സബ്സിഡി തുക കിഴിച്ചാണു ബില്ലില്‍ രേഖപ്പെടുത്തിയിരുന്നതെന്നും ഗണേഷ്കുമാര്‍ മൊഴി നല്‍കി. ബില്‍ തുക ചെക്കായിട്ടാണു നല്‍കിയത്. ഇതിന്‍റെ രേഖകളും ഗണേഷ്കുമാര്‍ കമ്മിഷന്‍ മുന്പാകെ ഹാജരാക്കി. “ബില്‍ തുകയ്ക്ക് പുറമെ ആറായിരം രൂപ പാനല്‍ വീട്ടിലെത്തിച്ചപ്പോള്‍ നല്‍കി. സോളാര്‍ പാനല്‍ വെച്ചിട്ടും വൈദ്യുതി ചാര്‍ജില്‍ കുറവ് വരാത്തതിനെ തുടര്‍ന്ന് പാനല്‍ തിരിച്ചെടുത്ത് പണം നല്‍കാന്‍ സരിതയോട് ആവശ്യപ്പെട്ടിരുന്നു. സോളാര്‍ പാനല്‍ സ്ഥാപിക്കുന്നതിനായി അനര്‍ട്ടിനെ സമീപിച്ചിട്ടും തൃപ്തികരമായ മറുപടിയോ നിര്‍ദേശങ്ങളോ ലഭിച്ചില്ല. സരിത എഴുതിയ കത്ത് കാണുകയോ വായിക്കുകയോ ചെയ്തിട്ടില്ല. പത്തനംതിട്ട ജയിലില്‍നിന്ന് കത്ത് സരിതയുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍ വഴി തന്‍റെ പി.എ. പ്രദീപ്കുമാറിനെ ഏല്‍പ്പിച്ചതായും അറിയില്ല.”-ഗണേഷ് കുമാര്‍ പറഞ്ഞു. ആദ്യമായി ഉമ്മന്‍ചാണ്ടിയെ കാണാന്‍ അവസരമൊരുക്കിയതു പ്രദീപ് കുമാറായിരുന്നെന്നു സരിത മൊഴി നല്‍കിയിട്ടുണ്ടെന്നു കമ്മിഷന്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ താന്‍ പ്രദീപ് കുമാറിന് ഇപ്രകാരം നിര്‍ദേശം നല്‍കിയിട്ടില്ലെന്നായിരുന്നു ഗണേഷിന്‍റെ മറുപടി. “കത്തിലെ വിശദാംശങ്ങള്‍ പറയാതിരിക്കാന്‍ വേണ്ട കാര്യങ്ങള്‍ ചെയ്തുതരാമെന്ന് ഉമ്മന്‍ ചാണ്ടി ആര്‍. ബാലകൃഷ്ണപിള്ളയ്ക്കും ഗണേഷ് കുമാറിനും ഉറപ്പ് നല്‍കിട്ടുണ്ടെന്ന സരിതയുടെ മൊഴി ശരിയല്ല. തനിക്ക് ഉമ്മന്‍ ചാണ്ടി ഇങ്ങനെ ഉറപ്പൊന്നും നല്‍കിയിട്ടില്ല. എന്നാല്‍, അച്ഛന് ഉറപ്പ് നല്‍കിയതായി കേട്ടിട്ടുണ്ട്. സോളാര്‍ വിഷയവുമായി ബന്ധപ്പെട്ട് ഉമ്മന്‍ ചാണ്ടിയുമായി താന്‍ യാതൊരുവിധത്തിലുള്ള സംഭാഷണവും നടത്തിയിട്ടില്ല.”-ഗണേഷ് പറഞ്ഞു. ടീം സോളാറിന്‍റെ തകര്‍ച്ചയ്ക്കു കാരണം തനാണെന്ന ബിജു രാധാകൃഷ്ണന്‍റെ ആരോപണം സത്യവിരുദ്ധമാണെന്നും ഗണേഷ് കുമാര്‍ മൊഴി നല്‍കി.

NO COMMENTS

LEAVE A REPLY